കഷ്‌ടതയെല്ലാം ഒഴിഞ്ഞതിന്റെ സന്തോഷത്തിലും ആശ്വാസത്തിലുമാണ് ഈ അമ്മ
print edition അമരാവതി മുന്പ് ഇങ്ങനെ ചിരിച്ചിട്ടില്ല


അഖില ബാലകൃഷ്‌ണൻ
Published on Nov 01, 2025, 03:44 AM | 1 min read
പാലക്കാട്
സുരക്ഷിതത്വത്തിന്റെ പടിവാതിലിൽനിന്ന് അമരാവതി (80) പുഞ്ചിരിക്കുന്നു. ഒരു മഴക്കാലത്തും അവർക്കിങ്ങനെ ചിരിക്കാനായിട്ടില്ല. കിടപ്പുരോഗിയായ മകൾ ശിവകാമി(40)യുമായി, ചോർന്നൊലിക്കുന്ന വീട്ടിലായിരുന്നു താമസം. അതിദരിദ്രരുടെ പട്ടികയിൽപ്പെടുത്തി പുതുശേരി പഞ്ചായത്തിലെ കഞ്ചിക്കോട് സത്രപ്പടിയിലുള്ള പഴയവീടിനുപകരം സർക്കാർ ലൈഫ് മിഷനിലൂടെ പുതിയ വീട് നിർമിച്ചുനൽകി. രണ്ടു മുറിയും അറ്റാച്ച്‌ഡ് ബാത്ത്‌റൂമും ഹാളും അടുക്കളയുമുള്ള അടച്ചുറപ്പുള്ള വീട്. പുതിയ വീട്ടിലേക്ക് ആഴ്‌ചകൾക്കുമുമ്പാണ് ഇരുവരും താമസംമാറിയത്.
അമരാവതിയുടെ എട്ടുമക്കളിൽ ആറാമത്തേതാണ് ശിവകാമി. 20 വയസ്സിനുശേഷമാണ് ശിവകാമിക്ക് ചലനശേഷിയും സംസാരശേഷിയും നഷ്‌ടപ്പെട്ടത്. മകളുടെ എല്ലാ കാര്യങ്ങളും നോക്കുന്നത് അമരാവതിയാണ്. പഴയ വീട്ടിൽ പ്രാഥമികാവശ്യങ്ങൾക്കുപോലും ചേറിലും ചെളിയിലും നിരങ്ങേണ്ട അവസ്ഥയായിരുന്നു. ശാരീരിക ബുദ്ധിമുട്ടുകളുള്ള അമരാവതിക്ക് മകളെ ശുചിമുറിയിൽ എത്തിക്കാനാകുമായിരുന്നില്ല.
ആ കഷ്‌ടതയെല്ലാം ഒഴിഞ്ഞതിന്റെ സന്തോഷത്തിലും ആശ്വാസത്തിലുമാണ് ഇവർ. ശിവകാമിയുടെ ചികിത്സയ്‌ക്ക് മരുന്നുകളും മാസത്തിലൊരിക്കൽ പാലിയേറ്റീവ് കെയർ സേവനവും പദ്ധതിവഴി നൽകുന്നുണ്ട്. ഇവരെപ്പോലെ 6,008 കുടുംബാംഗങ്ങളാണ് പാലക്കാട് ജില്ലയിൽ അതിദാരിദ്ര്യമുക്തരായത്.









0 comments