ജോർജിന്‍റെയും മേരിയുടെയും 'പ്രേമം' പാലം ഇനി ടൂറിസ്റ്റ് കേന്ദ്രം

ആലുവ പാലം
കൊച്ചി : പ്രേമം സിനിമയിലൂടെ ഹിറ്റായ ആലുവ പാലം ഇനി ടൂറിസ്റ്റ് കേന്ദ്രം. ജോർജും മേരിയും പാട്ടിനൊപ്പം നടന്ന പാലം ടൂറിസ്റ്റ് കേന്ദ്രമാക്കാനൊരുങ്ങുകയാണ് സംസ്ഥാന സർക്കാർ. മന്ത്രി പി രാജീവാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. നാട്ടുകാർക്ക് വൈകുന്നേരങ്ങളിൽ കുടുംബത്തോടൊപ്പം ചിലവഴിക്കാനുള്ള പാർക്കും പാലത്തിന് സമീപം ചെറിയ സംരംഭങ്ങളുമാരംഭിക്കാനാണ് തീരുമാനമെന്ന് മന്ത്രി വ്യക്തമാക്കി.
മന്ത്രി പി രാജീവ് തന്നെയാണ് പദ്ധതി പൂർത്തിയാക്കാൻ മുൻകൈ എടുക്കുന്നത്. പാലത്തിന്റെ കൈവരികൾ അറ്റകുറ്റ പണികൾ നടത്തി പെയിന്റടിച്ച് വൃത്തിയാക്കും. ടൈൽ വിരിച്ച് വഴിവിളക്കുകൾ സ്ഥാപിക്കുകയും വ്യൂ പോയിന്റുകളും സെൽഫി പോയിന്റുകളും തയ്യാറാക്കുകയും ചെയ്യും.
മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം,
പ്രേമം സിനിമയിലെ ആ ചെറിയ പാലം ഓർമ്മയില്ലേ. കണ്ട മാത്രയിൽ പോകണമെന്ന് എല്ലാവരും ആഗ്രഹിച്ച ഈ പാലം ഒരു ടൂറിസം കേന്ദ്രമാക്കാൻ ഞങ്ങളൊരുങ്ങുകയാണ്. നാട്ടുകാർക്ക് വൈകുന്നേരങ്ങളിൽ കുടുംബത്തോടൊപ്പം ചിലവഴിക്കാനുള്ള പാർക്കും പാലത്തിന് സമീപം ചെറിയ സംരംഭങ്ങളാരംഭിച്ച് വരുമാന മാർഗമുണ്ടാക്കാനുള്ള സാഹചര്യവും ഇതിലൂടെ ഉണ്ടാകും.
നീർപ്പാലമെന്നാണ് ആലുവയിൽ സ്ഥിതി ചെയ്യുന്ന പാലത്തിനെ അറിയപ്പെടുന്നത്. പ്രേമം സിനിമ ഹിറ്റായതോട നിരവധി പേർ പാലത്തിൽ സമയം ചെലവഴിക്കാൻ എത്താൻ തുടങ്ങി. സിനിമ ഇറങ്ങിയതോടെ ഇത് പ്രേമം പാലമെന്ന് അറിയപ്പെടുകയായിരുന്നു. ഭൂതത്താൻ കെട്ടിൽ നിന്ന് ആലുവയിൽ എത്തുന്ന പെരിയാർവാലി കനാൽ വെള്ളം പറവൂരിലേയ്ക്ക് കൊണ്ടുപോകാൻ 45 വർഷം മുമ്പ് നിർമിച്ചതാണ് ഈ നീർപ്പാലം. കടുങ്ങല്ലൂർ പഞ്ചായത്തിലെ ഉളിയന്നൂരിൽ നിന്നാരംഭിച്ച് യുസി കോളജിന് സമീപം അവസാനിക്കുന്ന പാലത്തിന് 4 കിലോമീറ്റർ നീളമുണ്ട്.









0 comments