ബിഹാർ പുകയുന്നു; വേണുഗോപാൽ കേരളത്തിൽ കറങ്ങുന്നു

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് പ്രസിഡന്റ് പ്രഖ്യാപനത്തോടെ ഏറ്റുമുട്ടൽ രൂക്ഷമായ കോൺഗ്രസിൽ എ, ഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെതിരായി പടയൊരുക്കം. കേരളത്തിലെ സംഘടനാ പ്രശ്നങ്ങളിൽ രാഹുൽ ഗാന്ധി നേരിട്ട് ഇടപെടണമെന്ന് എ, ഐ വിഭാഗങ്ങൾ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് നടക്കുന്ന ബിഹാറിലേക്ക് പോകാതെ വേണുഗോപാൽ കേരളത്തിൽ കറങ്ങി നടക്കുന്നതിലുള്ള അമർഷവും നേതാക്കൾ മറച്ചുവയ്ക്കുന്നില്ല.
വി ഡി സതീശനും രമേശ് ചെന്നിത്തലയും ബെന്നി ബെഹനാനും അടക്കമുള്ള നേതാക്കളുണ്ടായിട്ടും പോഷക സംഘടനകൾ ഒന്നടങ്കം വേണുഗോപാൽ പിടിച്ചെടുത്തതിൽ ഞെട്ടിയിരിക്കുകയാണ് നേതൃത്വം. യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം മാത്രമല്ല വർക്കിങ് പ്രസിഡന്റിനേയും നോമിനേറ്റ് ചെയ്ത് കൃത്യമായ സൂചനയാണ് നൽകിയത്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ അറിവോടെയാണിതെന്ന് നേതാക്കൾ സൂചിപ്പിക്കുന്നു. പേരാന്പ്രയിലെ യുഡിഎഫ് അക്രമം കെ സി വേണുഗോപാലിന്റെ അറിവോടെ ഷാഫി പറന്പിൽ ആസൂത്രണം ചെയ്തതാണെന്ന ആക്ഷേപവും ശക്തമാണ്. വേണുഗോപാലിന് രംഗം കയ്യിലെടുക്കാനുള്ള അവസരമൊരുക്കി. ഉത്തരവാദിത്തപ്പെട്ട മറ്റ് നേതാക്കൾക്കാർക്കും സമയത്ത് എത്തിപ്പെടാൻ പോലുമായില്ല. പ്രതിഷേധ യോഗത്തിൽ വേണുഗോപാലിന്റെ പ്രസംഗം ബൂത്ത് പ്രസിഡന്റിനോളം തരം താണുവെന്ന ആക്ഷേപവും നേതാക്കൾക്കുണ്ട്.
കേരളത്തിൽ വന്ന് ഏതെങ്കിലും സാധാരണ കോൺസ്‌റ്റബിളിനെ തെറിവിളിക്കുന്നതാവരുത് ഹൈക്കമാൻഡ് നിലവാരത്തിലുള്ള നേതാവെന്നാണ് വിമർശം. ഷാഫിയെ മർദിച്ചുവെന്നാരോപിക്കുന്ന പൊലീസുകാരെ, തങ്ങൾ അധികാരത്തിൽ വന്നാൽ ശരിയാക്കുമെന്നായിരുന്നു വേണുഗോപാലിന്റെ ഭീഷണി. പാർലമെന്ററി രംഗത്ത് നേതൃത്വം നൽകുന്ന പ്രതിപക്ഷ നേതാവും സംഘടന നോക്കാൻ കെപിസിസി പ്രസിഡന്റ് അടക്കം നേതാക്കളും ഉള്ളപ്പോൾ എല്ലാ കാര്യങ്ങളിലും വേണുഗോപാൽ ഇടപെടുന്നതും അഭിപ്രായം ഒൗദ്യോഗികമായി പറയുന്നതും ശരിയല്ല.
സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാനുള്ള നീക്കമാണെങ്കിൽ അക്കാര്യം പരസ്യപ്പെടുത്തണമെന്ന ആവശ്യവും ചില നേതാക്കൾ ഉന്നയിക്കുന്നുണ്ട്.









0 comments