ad
Deshabhimani

print edition പണിമുടക്ക് തുടങ്ങി ; സംസ്ഥാനത്ത്‌ 
സമ്പൂർണമാകും

strike
വെബ് ഡെസ്ക്

Published on Feb 12, 2026, 01:45 AM | 2 min read


ന്യൂഡൽഹി

രാജ്യത്തെ പൂർണമായും കോർപറേറ്റുകൾക്ക്‌ വിട്ടുകൊടുക്കുകയും ജനദ്രോഹ നയങ്ങൾ നടപ്പിലാക്കുകയും ചെയ്യുന്ന മോദി സർക്കാരിന്‌ താക്കീതായി സിഐടിയു‍ ഉൾപ്പെടെയുള്ള കേന്ദ്ര ട്രേഡ്‌ യൂണിയനുകൾ പ്രഖ്യാപിച്ച പണിമുടക്കിന്‌ തുടക്കം. ബുധനാഴ്‌ച അർധരാത്രി ആരംഭിച്ച 24 മണിക്കൂർ പണിമുടക്ക്‌ വ്യാഴാഴ്‌ച അർധരാത്രി വരെ നീളും. കേന്ദ്ര–സംസ്ഥാന സർക്കാർ ജീവനക്കാരും ബാങ്ക്‌, ഇൻഷുറൻസ്‌, കൽക്കരി, വൈദ്യുതി, പ്രതിരോധ മേഖലയിലെ ജീവനക്കാരും ഉൾപ്പെടെ കോടിക്കണക്കിന്‌ തൊഴിലാളികളാണ്‌ അണിനിരക്കുന്നത്‌.


കർഷക, കർഷകത്തൊഴിലാളി‍ സംഘടനകളും സമരമുഖത്തുണ്ട്‌. ഇന്ത്യൻ സമരചരിത്രത്തിലെ പുതിയ അധ്യായമായി പണിമുടക്ക്‌ മാറും. സിപിഐ എം അടക്കമുള്ള ഇടതുപക്ഷ പാർടികളുടെയും മറ്റ്‌ പ്രതിപക്ഷ പാർടികളുടെ പിന്തുണയിലാണ്‌ പണിമുടക്ക്‌.

തൊഴിൽ കോഡുകൾ പിൻവലിക്കുക, തൊഴിലുറപ്പ്‌ പദ്ധതി പുനഃസ്ഥാപിക്കുക, വൈദ്യുതി, വിത്ത്‌ ഭേദഗതി ബില്ലുകൾ പിൻവലിക്കുക എന്നീ ആവശ്യങ്ങളുയർത്തിയും ഇൻഷുറൻസ്‌ മേഖലയിൽ 100 ശതമാനം എഫ്‌ഡിഐ, ആണവോർജ മേഖലയുടെ സ്വകാര്യവൽക്കരണം എന്നിവയ്‌ക്കെതിരെയുമാണ്‌ പണിമുടക്ക്‌. ജനദ്രോഹ കേന്ദ്രബജറ്റിനും ഇന്ത്യ–യുഎസ്‌ വ്യാപാര കരാറിനും എതിരെയുള്ള ജനവികാരവും പ്രക്ഷോഭത്തിൽ പ്രതിഫലിക്കും.

രാജ്യത്തെ ആയിരത്തിലധികം കേന്ദ്രങ്ങളിൽ സിഐടിയു പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്‌. ഒരോ കേന്ദ്രങ്ങളിലും ആയിരം പേർ വീതം പങ്കാളികളാകും.


പ്രതിഷേധത്തിന്റെ ഭാഗമായി പൊതുയോഗങ്ങളും പ്രകടനങ്ങളും വാഹനറാലികളുമുണ്ട്‌. രാജ്യതലസ്ഥാന മേഖലയിൽ ആറിടങ്ങളിലാണ്‌ പ്രതിഷേധം.ആശുപത്രി ഉൾപ്പെടെയുള്ള അവശ്യ സർവീസുകളെ പണിമുടക്കിൽ നിന്നൊഴിവാക്കിയിട്ടുണ്ട്‌. സിഐടിയു‍, എഐടിയുസി, ഐഎൻടിയുസി, എച്ച്‌എംഎസ്‌, എഐയുടിയുസി, ടിയുസിസി, സേവാ‍‍, എഐസിസിടിയു, എൽപിഎഫ്‌, യുടിയുസി എന്നീ കേന്ദ്ര ട്രേഡ്‌ യൂണിയനുകളുടെ നേതൃത്വത്തിലാണ്‌ പണിമുടക്ക്‌.


സംസ്ഥാനത്ത്‌ 
സമ്പൂർണമാകും

അഖിലേന്ത്യാ പണിമുടക്കിൽ കേരളം പൂർണമായും സ്‌തംഭിക്കും. കടകമ്പോളങ്ങൾ അടഞ്ഞുകിടക്കും. വാഹനങ്ങൾ നിരത്തിലിറങ്ങില്ല. പണിമുടക്ക് വിവരം അറിയാതെയെത്തുന്ന ടൂറിസ്റ്റുകളുടെ വാഹനങ്ങൾ അനുവദിക്കും. ചരമം, വിവാഹം തുടങ്ങിയ ആവശ്യത്തിന് പോകുന്ന വാഹനങ്ങൾക്ക് ബോർഡുവച്ച് യാത്രചെയ്യാം.


കർഷക, കർഷകത്തൊഴിലാളി സംഘടനകളും സിപിഐ എമ്മും സിപിഐയും അടക്കമുള്ള രാഷ്‌ട്രീയ പാർടികളും പണിമുടക്കിനെ പിന്തുണയ്‌ക്കുന്നുണ്ട്‌. മഹിളാ, വിദ്യാർഥി, യുവജന സംഘടനകളും പ്രതിഷേധങ്ങൾ സംഘടിപ്പിക്കും. ബുധൻ രാത്രി സംസ്ഥാനത്ത്‌ ആയിരം കേന്ദ്രങ്ങളിൽ പന്തംകൊളുത്തി പ്രകടനം നടന്നു. ഓഫീസുകളിലും മറ്റു തൊഴിലിടങ്ങളിലും വിളംബരജാഥകൾ സംഘടിപ്പിച്ചു. തൊഴിലാളികൾ വ്യാഴാഴ്‌ച സംസ്ഥാനത്ത്‌ 650 കേന്ദ്രങ്ങളിൽ പ്രതിഷേധറാലി നടത്തും. ജില്ലാ, ഏരിയാ കേന്ദ്രങ്ങളിൽ യോഗം ഉച്ചവരെനീളും.


തിരുവനന്തപുരത്ത്‌ മ്യൂസിയം ജങ്‌ഷനിൽനിന്ന്‌ ആരംഭിക്കുന്ന പ്രകടനം ലോക്‌ഭവനു മുന്നിൽ സമാപിക്കും. ടി പി രാമകൃഷ്‌ണൻ, കെ പി രാജേന്ദ്രൻ, സോണിയാ ജോർജ്‌ എന്നിവർ പങ്കെടുക്കും. എളമരം കരീം എറണാകുളത്തും കെ എൻ ഗോപിനാഥ്‌ കോഴിക്കോട്ടും ജെ മേഴ്‌സിക്കുട്ടിഅമ്മ കൊല്ലത്തും പങ്കെടുക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home