ദേശീയ പണിമുടക്ക് ചരിത്ര വിജയമാക്കാൻ കേരളം

തിരുവനന്തപുരം
വ്യാഴാഴ്‌ച നടക്കുന്ന അഖിലേന്ത്യാ പണിമുടക്ക് ചരിത്രവിജയമാക്കാനൊരുങ്ങി കേരളം. സിഐടിയു അടക്കം 10 കേന്ദ്ര ട്രേഡ് യൂണിയനുകൾ ആഹ്വാനംചെയ്തതാണ് 24 മണിക്കൂർ പണിമുടക്ക്. വിവിധ ഫെഡറേഷനുകളും ബാങ്ക്, ഇൻഷുറൻസ്, പ്രതിരോധ ജീവനക്കാരും കേന്ദ്ര–സംസ്ഥാന ജീവനക്കാരും അധ്യാപകരും കർഷക, കർഷകത്തൊഴിലാളി സംഘടനകളും പണിമുടക്കിന്റെ ഭാഗമാകും. മഹിളാ-, യുവജന, വിദ്യാർഥി സംഘടനകൾ പണിമുടക്കിന് പിന്തുണ അറിയിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് പണിമുടക്കിന് മുന്നോടിയായി തൊഴിലുടമകൾക്ക് ട്രേഡ് യൂണിയനുകൾ നോട്ടീസ് നൽകി. ജില്ലാ കൺവൻഷനുകളും പ്രദേശിക കൺവൻഷനുകളും പൂർത്തിയായി. ഏരിയാ– മണ്ഡലം അടിസ്ഥാനത്തിൽ വാഹന പ്രചാരണ ജാഥകൾക്കും വിളംബര ജാഥകൾക്കും തുടക്കമായി. ബുധൻ അർധരാത്രി 12ന് ആരംഭിക്കുന്ന പണിമുടക്ക് വ്യാഴം രാത്രി പന്ത്രണ്ടുവരെ തുടരും. പണിമുടക്കുന്ന തൊഴിലാളികൾ സംസ്ഥാനത്ത് അഞ്ഞൂറ് കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടികളും റാലികളും സംഘടിപ്പിക്കും. പത്രമാധ്യമ ജീവനക്കാരും പണിമുടക്കിൽ അണിനിരക്കും.
കേരളത്തിൽ കശുവണ്ടി-, കയർ-, കൈത്തറി-, മത്സ്യബന്ധന, വിപണന മേഖലകളിലെ തൊഴിലാളികളും വാണിജ്യ, -വ്യാപാര-സ്ഥാപനങ്ങളിലും കടകമ്പോളങ്ങളിലും പണിയെടുക്കുന്നവരും പണിമുടക്കും. തുറമുഖം, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വകാര്യ വ്യവസായങ്ങൾ, കയറ്റിറക്ക് തൊഴിൽ, നിർമാണ മേഖല, സ്‌കീം വർക്കുകൾ, ലോട്ടറിവ്യാപാരം, തൊഴിലുറപ്പ്, ടെലികോം, വൈദ്യുതി, മോട്ടോർവാഹനങ്ങൾ, ഓൺലൈൻ വ്യാപാരം, ഐടി മേഖല തുടങ്ങിയവയെല്ലാം നിശ്‌ചലമാകും.
തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കുക, ശ്രം ശക്തി നിതി ബിൽ അടക്കമുള്ള ജനവിരുദ്ധ ബില്ലുകൾ പിൻവലിക്കുക, ഇൻഷുറൻസ് മേഖലയിൽ 100 ശതമാനം വിദേശ നിക്ഷേപ തീരുമാനം പിൻവലിക്കുക, നിശ്‌ചിതകാല തൊഴിൽ മാറ്റി ജോലിസ്ഥിരത ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.










0 comments