ad
Deshabhimani

വഴിയൊരുക്കാം, നമ്പർ KL 07 DF 3177; ആംബുലൻസ് റൂട്ട് ഇങ്ങനെ

Alin Sherin Abraham donor ambulance route
വെബ് ഡെസ്ക്

Published on Feb 13, 2026, 07:04 PM | 2 min read

കൊച്ചി: പത്ത് മാസം പ്രായമായ കുഞ്ഞിന്റെ അവയവങ്ങളുമായി ആംബുലൻസ് കൊച്ചിയിൽ‌ നിന്ന് ആംബുലൻസ് തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു. KL 07 DF 3177 എന്ന നമ്പരിലുള്ള ആംബൂലൻസിലാണ് യാത്ര. എറണാകുളം അമൃത ആശുപത്രിയിൽനിന്ന് കുന്നുപുറം- ഇടപ്പള്ളി- വൈറ്റില- തൃപ്പൂണിത്തുറ- ഏറ്റുമാനൂർ- കോട്ടയം- അടൂർ- കൊട്ടാരക്കര- കിളിമാനൂർ വഴിയാണ് തിരുവനന്തപുരത്തേക്ക് ആംബുലൻസ് എത്തുക. ​ഗ്രീൻ കോറിഡോർ ഒരുക്കിയുള്ള യാത്രയിൽ പൊലീസ് ​ഗ​താ​ഗതം ക്രമീകരിക്കും.


തിരുവനന്തപുരം കിംസ് ആശുപത്രിയിലെ ഡോക്ടർ ആംബുലൻസിലുണ്ട്. തൃശൂർ മാള സ്വദേശി ജനീഷ് ആണ് ആംബുലൻസ് ഡ്രൈവർ. തിരുവനന്തപുരം സ്വദേശി ശരത് ആണ് കോ ഡ്രൈവർ.


പത്തനംതിട്ട സ്വദേശികളായ അരുൺ എബ്രഹാം- ഷെറിനും ആൻ ജോണിന്റെയും മകൾ ആലിൻ ഷെറിൻ എബ്രഹാമിന്റെ അഞ്ച് അവയവങ്ങളാണ് ദാനം ചെയ്യുന്നത്. കരൾ, രണ്ട് വൃക്ക, ഹൃദയവാൽവ്, രണ്ട് നേത്ര പടലങ്ങൾ എന്നിവയാണ് ദാനം ചെയ്തത്. സംസ്ഥാനത്ത ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവാണ് ആലിൻ.


തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 6 മാസം പ്രായമുള്ള ഒരു കുഞ്ഞിനാണ് കരൾ നൽകുന്നത്. സംസ്ഥാനത്ത് മരണാനാന്തര അവയവദാനത്തിലൂടെ കരൾ സ്വീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയാണ് അത്. തീവ്ര ദു:ഖത്തിലും മറ്റുള്ളവരുടെ ജീവന്‍ നിലനിര്‍ത്തുന്നതിന് വേണ്ടി മാതാപിതാക്കള്‍ എടുത്ത തീരുമാനത്തെ ആരോഗ്യമന്ത്രി വീണാ ജോർജ് നന്ദി അറിയിച്ചു. ആ കുടുംബത്തിന്‍റെ ദു:ഖത്തില്‍ പങ്കുചേരുന്നതായും മന്ത്രി പറഞ്ഞു.


ഫെബ്രുവരി അഞ്ചാം തീയതി ഉച്ചയ്ക്ക് 2.30 മണിക്ക് റോഡപകടത്തെ തുടര്‍ന്നാണ് മല്ലപ്പള്ളി സ്വദേശികളുടെ 10 മാസം പ്രായമുള്ള മകള്‍ക്ക് മസ്തിഷ്ക മരണം സംഭവിച്ചത്. കോട്ടയത്തുനിന്നും തിരുവല്ലയിലേക്ക് എം സി റോഡ് വഴി കാറിൽ യാത്ര ചെയ്യുന്നതിനിടെ, പള്ളം ബോർമ കവല ജംഗ്ഷന് സമീപം എതിർദിശയിൽ നിന്നുവന്ന കാർ വാഹനത്തിലേക്ക് ഇടിച്ചുകയറി അപകടം സംഭവിക്കുകയായിരുന്നു. കുട്ടിയ്ക്ക് ഗുരുതമായി പരിക്കേൽക്കുകയും കൂടെയുണ്ടായിരുന്ന കുട്ടിയുടെ അമ്മയ്ക്കും മാതാവിന്റെ മാതാപിതാക്കൾക്കും സാരമായ പരിക്കുകൾ സംഭവിക്കുകയും ചെയ്തു.


അപകടം നടന്ന ഉടൻ തന്നെ കുഞ്ഞിനെ ചങ്ങനാശേരിയിലേയും തിരുവല്ലയിലെ ആശുപത്രികളിലേക്കും പിന്നീട് ഫെബ്രുവരി ഏഴിന് കുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതിയില്ലാത്തതിനാൽ കൊച്ചിയിലെ അമൃത ആശുപത്രിയിലേക്കും പ്രവേശിപ്പിച്ചു. ഫെബ്രുവരി 13ന് കുട്ടിയ്ക്ക് മസ്തിഷ്ക മരണം സംഭവിക്കുകയും കുട്ടിയുടെ കുടുംബാംഗങ്ങൾ അവയവദാനത്തിന് സമ്മതം നൽകുകയും ചെയ്തു.


കുട്ടിയുടെ രണ്ട് വൃക്കകള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയിലെ പീഡിയാട്രിക് നെഫ്രോളജി വാര്‍ഡില്‍ ചികിത്സയിലുള്ള കുട്ടിക്ക് നല്‍കും. കരൾ തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്കും ഹൃദയ വാൽവ് തിരുവനന്തപുരം ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലേക്കും രണ്ട് നേത്ര പടലങ്ങൾ അമൃത ആശുപത്രിയിലേക്കുമാണ് നൽകിയത്. കെ-സോട്ടോയുടെ നേതൃത്വത്തിലാണ് അവയവദാനത്തിന്റെ ഏകോപനം നടന്നത്. ആഭ്യന്തര വകുപ്പിൻ്റെ സഹകരണവും ഉണ്ടായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home