print edition ശ്രീലങ്കൻ സ്വദേശിനി അറസ്‌റ്റിലായ സംഭവം; വ്യാജരേഖകളെപ്പറ്റി കൂടുതൽ അന്വേഷണത്തിന് പൊലീസ്

പ്രതീകാത്മക ചിത്രം
ആലപ്പുഴ: മതിയായ രേഖകളില്ലാതെ ശ്രീലങ്കൻ സ്വദേശിനി അറസ്‌റ്റിലായ സംഭവത്തിൽ കൂടുതൽ അന്വേഷണത്തിനായി പൊലീസ്. ജാഫ്‌ന സ്വദേശിനി നിക്ഷാലയെയാണ്(34) കഴിഞ്ഞദിവസം ആലപ്പുഴ നോർത്ത് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. ഇവരുടെ കൈയിൽനിന്ന് പിടിച്ചെടുത്ത ആധാർ, മറ്റ് രേഖകൾ വ്യാജമായി തയ്യാറാക്കിയതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഇതേപ്പറ്റിയാണ് അന്വേഷിക്കുക. നേപ്പാളിൽനിന്നാണ് ഇത് തയ്യാറാക്കിയതെന്ന് ചോദ്യം ചെയ്യലിൽ യുവതി പറഞ്ഞു.
ശ്രീലങ്കയിൽനിന്ന് കാനഡയിലേക്ക് അഭയാർഥിയായി കുടിയേറിയതാണ് ഇവരെന്ന് വ്യക്‌തമായതായി നോർത്ത് പൊലീസ് പറഞ്ഞു. കാനഡയിൽ സ്ഥിരതാമസത്തിനുള്ള വിസ ഇവർക്ക് ഉണ്ട്. അഭയാർഥിയായത് കാരണം കാനഡയുടെ പാസ്‌പോർട്ട് ലഭിച്ചിട്ടില്ല. ശ്രീലങ്കൻ പാസ്‌പോർട് കാനഡയിൽ സറണ്ടർ ചെയ്തു. ഇവരുടെ ഭർത്താവും മകനും ശ്രീലങ്കയിലാണ്. ഇവരെ കാണാനാണ് യുവതി കാനഡയിൽനിന്നെത്തിയത്.
ശ്രീലങ്കയിലേക്ക് പോകാനാവാത്തതിനാൽ കേരളത്തിൽവന്ന് കാണാനായിരുന്നു പദ്ധതി. ഇതിനായി നേപ്പാൾവഴിയാണ് ആലപ്പുഴയിലെത്തിയത്. പുന്നമട സ്‌റ്റാർട്ടിങ് പോയിന്റിലെ റിസോർട്ടിൽനിന്ന് ഇവരെ അറസ്‌റ്റ് ചെയ്യുന്പോൾ ഭർത്താവും മകനും മറ്റ് ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു. കരോൾഡ എന്ന വ്യാജപ്പേരാണ് രേഖകളിൽ ഉണ്ടായിരുന്നത്. ചോദ്യം ചെയ്‌തപ്പോൾ യുവതി പറഞ്ഞതും ഇതേപേരാണ്. കൂടുതൽ പരിശോധന നടത്തിപ്പോഴാണ് ഇവർ ശ്രീലങ്കൻ സ്വദേശിനിയാണെന്ന് മനസ്സിലായത്. നിലവിൽ ഇവർ റിമാൻഡിലാണ്.










0 comments