ഹൈബ്രിഡ് കഞ്ചാവ് കേസ്: എക്സൈസ് കുറ്റപത്രം സമർപ്പിച്ചു

ആലപ്പുഴ: ആലപ്പുഴയിൽ രണ്ടുകോടിയുടെ മൂന്ന് കിലോ ഹൈബ്രിഡ് കഞ്ചാവുമായി യുവതിയും സഹായിയും പിടിയിലായ കേസിൽ കുറ്റപത്രം സമർപ്പിച്ച് എക്‌സൈസ് അന്വേഷകസംഘം. ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതിയിലാണ് രണ്ടായിരത്തോളം പേജുകളുള്ള കുറ്റപത്രം സമർപ്പിച്ചത്. റിമാൻഡിൽ കഴിയുന്ന തമിഴ്നാട് തിരുവെല്ലൂർ കത്തിവാക്കം ഉലകനാഥപുരം എണ്ണൂർ ഫോർത്ത് സ്ട്രീറ്റ് നമ്പർ 85ൽ കണ്ണൂർ സ്വദേശിനി തസ്‌ലിമ സുൽത്താന (ക്രിസ്‌റ്റീന– 41), സഹായി ആലപ്പുഴ മണ്ണഞ്ചേരി മല്ലംവെളി കെ ഫിറോസ് (26), തസ്‌ലിമയുടെ ഭർത്താവ് ചെന്നൈ എണ്ണൂർ സത്യവാണി മുത്ത് നഗർ സ്വദേശി സുൽത്താൻ അക്ബർ അലി (43) എന്നിവർ മാത്രമാണ് കേസിലെ പ്രതികൾ.
ഏപ്രിൽ ഒന്നിനാണ് ഹൈബ്രിഡ് കഞ്ചാവുമായി തസ്ലിയും സഹായിയായ ഫിറോസും ആലപ്പുഴയിൽ പിടിയിലായത്. എറണാകുളത്തും ആലപ്പുഴയിലും കഞ്ചാവ് എത്തിച്ച് വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ പിടിയിലാകുന്നത്. എട്ട് ദിവസത്തിനുശേഷം കേസിലെ മുഖ്യപ്രതിയായ സുൽത്താനെ ചെന്നൈയിൽനിന്ന് പിടികൂടി. വാട്ട്‌സാപ്പിൽ അയച്ചു നൽകിയ ചിത്രത്തിലൂടെയാണ് സുൽത്താൻ കുടുങ്ങുന്നത്. ഹൈബ്രിഡ് കഞ്ചാവ് ചെന്നൈയിൽ എത്തിച്ച ശേഷം തസ്‌ലിമയ്‌ക്ക് ഇയാൾ ഇതിന്റെ ചിത്രം അയച്ചു നൽകിയിരുന്നു. കേസുമായി ബന്ധമില്ലെന്ന് കരുതി ആദ്യഘട്ടത്തിൽ വിട്ടയച്ച സുൽത്താന്റെ പേര് വീണ്ടും എക്‌സൈസിന്റെ ശ്രദ്ധയിൽ എത്തുന്നതിങ്ങനെയാണ്.
ചലച്ചിത്രമേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന തസ്‌ലിമ കൊച്ചി കേന്ദ്രീകരിച്ചുള്ള സിനിമ താരങ്ങൾക്കും ഹൈബ്രിഡ് കഞ്ചാവും എംഡിഎംഎയും അടക്കമുള്ള ലഹരിവസ്‌തുക്കളും എത്തിച്ചുനൽകിയതായി മൊഴി നൽകിയിരുന്നു. ഇത് സാധൂകരിക്കുന്ന ചാറ്റുകളും യുപിഐ ഉപയോഗിച്ച് നടത്തിയ പണമിടപാടുകളുടെ വിവരങ്ങളും എക്‌സൈസ് ശേഖരിച്ചു. പിന്നാലെ നടൻ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവർ ഉൾപ്പടെ സിനിമ മേഖലയിൽ നിന്നുള്ള അഞ്ചു പേരെ കേസിൽ ചോദ്യം ചെയ്തു. 55 സാക്ഷികൾ ഉള്ള കേസിൽ നടൻ ശ്രീനാഥ് ഭാസി 21ാം സാക്ഷിയാണ്. ശ്രീനാഥ് ഭാസിയുടെ രഹസ്യമൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു. ദമ്പതികളുടെ രണ്ട് മക്കളും കേസിലെ സാക്ഷികളാണ്.









0 comments