print edition എസ്‌ഐടിക്കെതിരെ രൂക്ഷവിമർശം; മണിക്കൂറിനുള്ളിൽ വകുപ്പ് മാറിയതെങ്ങനെയെന്ന് കോടതി

ആലപ്പുഴ: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അംഗരക്ഷകർക്കെതിരായ കേസിൽ, ഒരു മണിക്കൂറിനുള്ളിൽ കുറ്റം ചുമത്തിയ വകുപ്പ് മാറ്റിയതെങ്ങനെയെന്നും പലതവണ ദൃശ്യങ്ങൾ കണ്ടിട്ടും അവർ പ്രതിഷേധക്കാരുടെ തലയ്ക്കടിക്കുന്നത് വ്യക്തമാകുന്നില്ലല്ലോയെന്നും ആലപ്പുഴ ജില്ലാ സെഷൻസ് കോടതി.
റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുംമുന്പ് മാധ്യമങ്ങൾക്ക് കിട്ടിയതെങ്ങനെയെന്ന ചോദ്യമടക്കം യുഡിഎഫ് സർക്കാർ നിയോഗിച്ച എസ്‌ഐടിക്കെതിരെ അതിരൂക്ഷവിമർശമാണ് കോടതി ഉയർത്തിയത്. മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് ചൊവ്വാഴ്‌ചത്തേക്ക് മാറ്റി.
നവകേരള ബസ്സിന് മുന്നിലേക്ക് പ്രതിഷേധവുമായി പാഞ്ഞടുത്ത യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് മർദനമേറ്റെന്ന കേസിൽ അംഗരക്ഷകരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി.
തല ലക്ഷ്യമിട്ടാണ് ഗൺമാൻമാർ മർദിച്ചതെന്ന് ഉറപ്പുണ്ടോയെന്ന് കോടാതി ചോദിച്ചു. പൊലീസ് ഫോട്ടോഗ്രാഫർ പകർത്തിയതും പ്രോസിക്യൂഷൻ ഹാജരാക്കിയതും വാദിഭാഗം അഭിഭാഷകൻ ഹാജരാക്കിയതുമായ ദൃശ്യങ്ങൾ ആവർത്തിച്ചുകണ്ടു. ദൃശ്യങ്ങൾക്ക് വ്യക്തതക്കുറവുണ്ട്. തലയ്ക്കടിക്കുന്നത് ഇതിൽ കാണാനില്ലെന്നും കോടതി വിശദമാക്കി.
‘ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് മെയ് 30ന് പ്രതികൾക്കെതിരെ ഉണ്ടായിരുന്നത്. എന്നാൽ ചുരുങ്ങിയ സമയപരിധിയിൽ, ജാമ്യം കിട്ടാത്ത നരഹത്യാവകുപ്പ് ചുമത്തിയത് എന്തിനാണ്. ഇതിൽ വ്യക്‌തത വരുത്തണം. ജാമ്യം കിട്ടിയാൽ റദ്ദാക്കണമെങ്കിൽ അതിനുള്ള അപേക്ഷ നൽകണം. അതാണ് നടപടിക്രമം. അതില്ലെങ്കിൽ കോടതി എന്തിനാണ് ഇവിടെ ഇരിക്കുന്നത്’?– ജഡ്‌ജി ഹണി എം വർഗീസ് ചോദിച്ചു.
റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുപോയതിൽ അന്വേഷണ ഉദ്യോഗസ്ഥൻ മറുപടി പറയണമെന്നും കോടതി വ്യക്തമാക്കി. ഇനിയും രേഖകൾ ഉണ്ടെങ്കിൽ ചൊവ്വാഴ്‌ചയ്‌ക്കകം സമർപ്പിക്കണം. ഡിപ്പാർട്ട്‌മെന്റ് നൽകുന്നതല്ലാതെയുള്ള ഉപകരണങ്ങളൊന്നും ഗൺമാൻമാർ ഉപയോഗിച്ചിട്ടില്ലെന്നും സുരക്ഷാജോലി കൃത്യമായി നിർവഹിക്കുക മാത്രമാണ് ചെയ്‌തതെന്നും പ്രതിഭാഗം അഭിഭാഷകൻ ബി ശിവദാസ് വാദിച്ചു.










0 comments