print edition ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് മെഗാ ഫൈനൽ 29ന് കോഴിക്കോട്

കോഴിക്കോട് : സ്കൂൾ വിദ്യാർഥികൾക്കായി ദേശാഭിമാനി സംഘടിപ്പിക്കുന്ന അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് സീസൺ 15ന്റെ സംസ്ഥാന മെഗാ ഫൈനൽ മത്സരത്തിന് 29ന് കോഴിക്കോട് വേദിയാകും. നടക്കാവ് ഗവ. ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലാണ് മത്സരം. എൽപി, യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ ക്വിസ്, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങൾക്ക് പ്രസംഗം എന്നീ മത്സരങ്ങളാണ് അരങ്ങേറുക.15,000ത്തോളം വിദ്യാലയങ്ങളിലായി സ്കൂൾ മുതൽ ഉപജില്ലാ– ജില്ലാ മത്സരങ്ങളിൽവരെയായി ഇത്തവണ 45 ലക്ഷത്തിലേറെ വിദ്യാർഥികൾ പങ്കെടുത്തിരുന്നു.
മത്സരാർഥികളുടെ പങ്കാളിത്തത്താൽ ഏഷ്യയിലെ ഏറ്റവും വലിയ വിജ്ഞാനോത്സവമെന്ന പെരുമയാർജിച്ച ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്‌റ്റിന്റെ 15–ാമത് പതിപ്പിനാണ് നടക്കാവ് സ്‌കൂൾ വേദിയാകുന്നത്. 29ന് രാവിലെ ഒന്പതുമണിക്ക് കവിയും ചലച്ചിത്ര ഗാനരചയിതാവുമായ റഫീഖ് അഹമ്മദ് ഉദ്ഘാടനം ചെയ്യും. ക്വിസ് മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം നേടുന്നവർക്ക് യഥാക്രമം ഒരുലക്ഷം, അരലക്ഷം രൂപ വീതവും പ്രസംഗമത്സരജേതാക്കൾക്ക് 25,000, 15000രൂപ വീതവും സർട്ടിഫിക്കറ്റും മൊമെന്റോയും സമ്മാനം ലഭിക്കും. ഡിസംബർ 27ന് കോഴിക്കോട് കടപ്പുറത്തെ സ്വാതന്ത്ര്യ ചത്വരത്തിൽ നടക്കുന്ന മെഗാ ഇവന്റിൽ സമ്മാനം വിതരണം ചെയ്യും.









0 comments