print edition കേരളത്തെ സംബന്ധിച്ച് പ്രധാനം അറിവ്: എം വി ഗോവിന്ദൻ

ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സംസാരിക്കുന്നു
തിരുവനന്തപുരം: പണാധിപത്യത്തിന്റെ സമ്പദ്‌വ്യവസ്ഥയല്ല, കേരളത്തെ സംബന്ധിച്ച് പ്രധാനം അറിവാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് മെഗാ ഇവന്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിജ്ഞാനസമൂഹമെന്നും വിജ്ഞാന സമ്പദ്‌വ്യവസ്ഥയെന്നും കേരളം മാത്രമേ പറഞ്ഞിട്ടുള്ളൂ. അതിനെ മൂലധനമാക്കി കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ മുന്നോട്ടുനയിക്കുക. എല്ലാ അഭ്യസ്‌തവിദ്യർക്കും തൊഴിൽ നൽകാൻ സാധിക്കുന്ന പുതിയ രീതിയിലേക്കാണ് നമ്മുടെ യാത്ര.
ഇൗ കേരളത്തെ കേരളമായി രൂപപ്പെടുത്തുന്നതിന് ആശയപരമായി സാമൂഹിക ജീവിതത്തിൽ തിളക്കമുള്ള നിലപാടുകൾ മുന്നോട്ടുവയ്ക്കുന്ന പത്രമായാണ് ദേശാഭിമാനി വരുന്നത്. മറ്റു പത്രങ്ങളിൽനിന്ന് വ്യത്യസ്‌തമായി ദേശാഭിമാനിക്ക് ഒരു മുതലാളി ഇല്ല. സാധാരണക്കാരായ വായനക്കാരാണ് ദേശാഭിമാനിയുടെ മുതലാളി. മൂലധനം നിക്ഷേപിച്ച മുതലാളി ഉണ്ടെങ്കിൽ ആ മുതലാളിയുടെ താൽപ്പര്യം സംരക്ഷിക്കുന്നതിനായി ഏത് പത്രത്തിനും പ്രവർത്തിക്കേണ്ടി വരും. അധ്വാനിക്കുന്ന വർഗത്തിന്റെ പോർച്ചട്ട അണിഞ്ഞ സംഘാടകനായും പ്രക്ഷോഭകനായും നിൽക്കുന്നു എന്നതിലാണ് ദേശാഭിമാനിയുടെ കരുത്ത്.
അതിദാരിദ്ര്യം അവസാനിപ്പിച്ച നാടായി ചൈനയ്‌ക്കുശേഷം കേരളം മാറി. പാവപ്പെട്ട അഞ്ചുലക്ഷം കുടുംബങ്ങൾക്ക് വീട് നിർമിച്ചുനൽകി. ഇതൊരു ഫലപ്രദമായ യാത്രയാണ്. ആ യാത്രയിൽ കേരളത്തിന്റെ വികസനത്തെ ജനങ്ങൾക്കുമുന്നിൽ അവതരിപ്പിക്കാനും അവരോട് ഒപ്പംചേർന്ന് പ്രവർത്തിക്കാനും എല്ലാ നുണപ്രചാരണങ്ങളെയും പൊളിക്കാനുമുള്ള ഏക ആയുധം ദേശാഭിമാനിയാണ്. അതിനെ ഉപയോഗപ്പെടുത്തിയാണ് കേരള സംസ്‌കൃതി രൂപപ്പെടുകയും വളർത്തിയെടുക്കുകയും ചെയ്‌തതെന്ന് എം വി ഗോവിന്ദൻ പറഞ്ഞു.









0 comments