കുഞ്ഞുങ്ങളുടെ ഭാവനയ്ക്കും സർഗാത്മകതയ്ക്കും ചിറകുകൾ നൽകി 'അക്ഷരക്കൂട്ട്' : മന്ത്രി വി ശിവൻകുട്ടി

aksharakkoott
വെബ് ഡെസ്ക്

Published on Sep 18, 2025, 11:26 AM | 2 min read

തിരുവനന്തപുരം: കുട്ടികളുടെ സാഹിത്യോത്സവത്തിലൂടെ കുഞ്ഞുങ്ങളുടെ ഭാവനയ്ക്കും സർഗാത്മകതയ്ക്കും ചിറകുകൾ നൽകുന്ന ഒരു പുതിയ പദ്ധതിക്കാണ് തുടക്കമിടുന്നതെന്ന് പൊതുവിദ്യാഭ്യസ മന്ത്രി വി ശിവൻകുട്ടി. 'അക്ഷരക്കൂട്ട്' - കുട്ടികളുടെ സാഹിത്യോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ പൊതുവിദ്യാഭ്യാസ വകുപ്പ് പുതിയൊരു ചരിത്ര സംഭവത്തിനാണ് തുടക്കം കുറിക്കുന്നതെന്നും മന്ത്രി പറഞ്ഞു.


ഒന്നാം ക്ലാസ്സുകാരായ കുരുന്നുകളുടെ ഡയറിക്കുറിപ്പുകൾ എഡിറ്റ് ചെയ്ത് 'കുരുന്നെഴുത്തുകൾ' എന്ന പേരിൽ വകുപ്പ് ഒരു പുസ്തകമാക്കി പ്രസിദ്ധീകരിച്ചിരുന്നു. നല്ല പ്രതികരണമാണ് ലഭിച്ചത്. ആ സമയത്താണ് കുഞ്ഞുങ്ങൾക്കായി ഒരു സംസ്ഥാനതല പുസ്തകോത്സവം സംഘടിപ്പിക്കണമെന്ന ആശയം വന്നതെന്നും മന്ത്രി വ്യക്തമാക്കി. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ ടെക്നോളജിയുടെ (SIET) നേതൃത്വത്തിളാണ് 'അക്ഷരക്കൂട്ട്' സാഹിത്യോത്സവം സംഘടിപ്പിക്കുന്നത്.


തിരുവനന്തപുരം കനകക്കുന്ന്, ജവഹർ ബാലഭവൻ, മൺവിള എന്നിവിടങ്ങളിലെ വിവിധ വേദികളിലായി ഈ അക്ഷരമാമാങ്കം അരങ്ങേറുകയാണ്. കുട്ടികൾ രചിച്ച പുസ്തങ്ങളുടെ പ്രദർശനവും അവർക്കായി സാഹിത്യ ശില്പശാലകളും പ്രമുഖ എഴുത്തുകാരുമായുള്ള സംവാദങ്ങളുമെല്ലാം ഇതിന്റെ ഭാഗമായി നടക്കും. സാഹിത്യരചനയിൽ തൽപ്പരരായ വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുന്നതും അവർക്ക് കൃത്യമായ ദിശാബോധം നൽകുകയുമാണ് ഈ പദ്ധതിയുടെ ലക്ഷ്യം.


പുസ്തകങ്ങൾ രചിച്ച 140-ഓളം വിദ്യാർഥികളാണ് സാഹിത്യോത്സവത്തിൽ മുഴുവൻ സമയ പങ്കാളികളാകുന്നത്. അവർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും സർക്കാർ ഒരുക്കിയിട്ടുണ്ട്. സാഹിത്യോത്സവത്തിൽ പ്രദർശിപ്പിക്കുന്ന ഓരോ പുസ്തകവും എഴുത്തുകാരായ അധ്യാപകർ വായിച്ച് അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. കുട്ടികൾ മെന്റർ ടീച്ചർമാരുടെ സാന്നിധ്യത്തിൽ ഈ പുസ്തകങ്ങൾ ചർച്ച ചെയ്യുകയും അതിന്റെ വിശകലനം പൊതുവേദിയിൽ അവതരിപ്പിക്കുകയും ചെയ്യും. ഇത് നമ്മുടെ കുരുന്നു പ്രതിഭകൾക്ക് ലഭിക്കുന്ന ഏറ്റവും വലിയ പ്രോത്സാഹനമായിരിക്കുമെന്നും മന്ത്രി പറഞ്ഞു.


ഈ സംരംഭം ഒരു വർഷം കൊണ്ട് അവസാനിപ്പിക്കേണ്ട ഒന്നല്ലെന്നും നമ്മുടെ കുട്ടികളുടെ സർഗ്ഗശേഷിയെ ഓരോ വർഷവും പരിപോഷിപ്പിക്കേണ്ടതുണ്ടെന്നും മന്ത്രി ഓർമപ്പെടുത്തി. അവർക്ക് സ്ഥിരമായ ഒരു വേദി ഒരുക്കേണ്ടത് നമ്മുടെ കടമയാണ്. അതിനാൽ, ഈ അധ്യയന വർഷം തുടക്കം കുറിക്കുന്ന 'അക്ഷരക്കൂട്ട്'- കുട്ടികളുടെ സാഹിത്യോത്സവം, കേരളത്തിലെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ എല്ലാ വർഷവും സംഘടിപ്പിക്കുന്ന ഒരു സ്ഥിരം പരിപാടിയായിരിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു.


എല്ലാ വർഷവും പരിപാടി സംഘടിപ്പിക്കുമെന്നത് കുട്ടി എഴുത്തുകാർക്ക് സർക്കാർ നൽകുന്ന ഉറപ്പാണ്. ഓരോ വർഷവും പുതിയ എഴുത്തുകാർക്ക് ഈ വേദിയിൽ ഇടം നൽകും. അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. പരിപാടി നടപ്പിലാക്കാൻ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും മന്ത്രി അഭിനന്ദിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home