പുതിയ പ്രഭാതങ്ങളിലേക്ക്‌ ; എ കെ ജി സെന്റർ തുറന്നു

Akg Centre new building
avatar
സി കെ ദിനേശ്‌

Published on Apr 24, 2025, 04:14 AM | 1 min read


തിരുവനന്തപുരം : കാലത്തിനൊപ്പം കരുത്തോടെ മുന്നേറാൻ ലക്ഷ്യമിട്ട്‌ നിർമിച്ച സിപിഐ എം സംസ്ഥാന കമ്മിറ്റിയുടെ പുതിയ ഓഫീസ്‌ മന്ദിരം എ കെ ജി സെന്റർ തുറന്നു. തൊഴിലാളി, കർഷക ബഹുജനങ്ങളുടെ ആശ്രയ കേന്ദ്രമായ പ്രസ്ഥാനത്തിന്റെ മുഖ്യപ്രവർത്തന കേന്ദ്രം പൊളിറ്റ്‌ ബ്യൂറോ അംഗംകൂടിയായ മുഖ്യമന്ത്രി പിണറായി വിജയനാണ്‌ നാടിന്‌ സമർപ്പിച്ചത്‌. ഒട്ടേറെ പോരാട്ടങ്ങളുടെയും സഹനങ്ങളുടെയും ഫലമായാണ്‌ സിപിഐ എം മഹത്തായ ബഹുജന പ്രസ്ഥാനമായി മാറിയതെന്ന്‌ പിണറായി പറഞ്ഞു. എൽഡിഎഫ്‌ സർക്കാരുകളാണ്‌ കേരളത്തിലെ ജനങ്ങളുടെ പ്രശ്നങ്ങൾക്ക്‌ പരിഹാരം കണ്ടത്‌. അവരെ കൂടുതൽ ഉന്നതിയിലെത്തിക്കാനും നവകേരളം യാഥാർഥ്യമാക്കാനും പാർടിയും ഇടതുപക്ഷവും കൂടുതൽ ശക്തിയാർജിക്കണം. അത്തരം പ്രവർത്തനങ്ങളുടെ കേന്ദ്രമാകും പുതിയ ഓഫീസ്‌ –-അദ്ദേഹം പറഞ്ഞു.


പുതിയ മന്ദിരം നാട മുറിച്ച്‌ ഉദ്ഘാടനംചെയ്‌ത ശേഷം നിലവിൽ ഓഫീസ് പ്രവർത്തിക്കുന്ന എകെജി സെന്ററിലെ എ കെ ജി ഹാളിലായിരുന്നു പൊതുസമ്മേളനം. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അധ്യക്ഷനായി. ജനറൽ സെക്രട്ടറി എം എ ബേബി, പൊളിറ്റ്‌ബ്യൂറോ അംഗം എ വിജയരാഘവൻ എന്നിവർ സംസാരിച്ചു. എകെജി പഠന ഗവേഷണ കേന്ദ്രം പ്രസിദ്ധീകരിച്ച സുവനീർ എം എ ബേബി കേന്ദ്ര കമ്മിറ്റിയംഗം സി എസ്‌ സുജാതയ്‌ക്ക്‌ നൽകി പ്രകാശിപ്പിച്ചു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം, കേരള കോൺഗ്രസ്‌ മാണി വിഭാഗം ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ്‌ തുടങ്ങി എൽഡിഎഫ്‌ ഘടക കക്ഷിനേതാക്കൾ, സിപിഐ എം കേന്ദ്ര, സംസ്ഥാന കമ്മിറ്റിയംഗങ്ങൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. മന്ദിരത്തിന്റെ ആർകിടെക്ട്‌ എൻ മഹേഷിനും നിർമാണത്തിന്‌ നേതൃത്വം നൽകിയ മറ്റുള്ളവർക്കും ഉപഹാരം നൽകി.

അന്തരിച്ച ഫ്രാൻസിസ്‌ മാർപാപ്പയ്‌ക്കും പഹൽഗാമിൽ ഭീകരവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്കും ആദരാഞ്ജലിയർപ്പിച്ചാണ്‌ ചടങ്ങ്‌ തുടങ്ങിയത്‌. മുതിർന്ന നേതാവ്‌ എ കെ ബാലൻ സ്വാഗതവും എൽഡിഎഫ്‌ കൺവീനർ ടി പി രാമകൃഷ്‌ണൻ നന്ദിയും പറഞ്ഞു. തിരുവനന്തപുരം പാളയത്ത്‌ എ കെ ജി പഠന ഗവേഷണ കേന്ദ്രത്തിന്‌ സമീപം ഡോ. എൻ എസ്‌ വാര്യർ റോഡിലാണ്‌ ഒമ്പതുനിലകളുള്ള പുതിയ ഓഫീസ്‌ മന്ദിരം.



deshabhimani section

Related News

View More
0 comments
Sort by

Home