എ കെ ജി സെന്റർ ബോംബാക്രമണം: യൂത്ത് കോൺഗ്രസ് നേതാവിന്റെ വിദേശ യാത്രാ അനുമതി നിഷേധിച്ചു

തിരുവനന്തപുരം: സിപിഐ എം സംസ്ഥാന കമ്മിറ്റി ഓഫീസായ എ കെ ജി സെന്ററിന് നേരെ ബോബെറിഞ്ഞ കേസിലെ മുഖ്യ ആസൂത്രകനും യൂത്ത് കോൺഗ്രസ് നേതാവുമായ സുഹൈൽ ഷാജഹാന്റെ വിദേശ യാത്രയ്ക്കുള്ള ഹർജി കോടതി തള്ളി. പാസ്പോർട്ട് വിട്ടു കിട്ടാനും വിദേശത്തേക്ക് യാത്ര പോകാനും അനുമതി ചോദിച്ചുള്ള ഹർജിയാണ് തിരുവനന്തപുരം മൂന്നാം മജിസ്‌ട്രേറ്റ് കോടതി തള്ളിയത്. അറസ്റ്റിന് ശേഷം ഹൈക്കോടതി ജാമ്യം നൽകിയപ്പോൾ പാസ്പോർട്ട് കോടതിയിൽ ഹാജരാക്കാൻ ഉത്തരവ് ഉണ്ടായിരുന്നു. ഇതോടെയാണ് ബിസിനസ് നോക്കാനും ബന്ധുക്കളെ കാണാനുമായി വിദേശത്തേക്ക് പോകാന്‍ സുഹൈൽ അനുമതി തേടിയത്. പ്രോസീക്യൂഷന് വേണ്ടി മനു കല്ലമ്പള്ളി കോടതിയിൽ ഹാജരായി.
യൂത്ത് കോൺഗ്രസ് മുൻ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും കഠിനംകുളം സ്വദേശിയുമായ സുഹൈൽ രണ്ട് വർഷക്കാലം വിദേശത്ത് ഒളിവിലായിരുന്നു. പിന്നീട് 2024 ജൂലൈ രണ്ടിന് ഡൽഹി വിമാനത്താവളത്തിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മുൻ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ അടുത്ത അനുയായ സുഹൈൽ കേസിലെ രണ്ടാം പ്രതിയാണ്. സ്‌കൂട്ടറിൽ വന്ന് ബോബെറിഞ്ഞ യൂത്ത് കോൺഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റ് മൺവിള സ്വദേശി ജിതിൻ വി കുളത്തൂപ്പുഴയാണ് ഒന്നാം പ്രതി. സ്‌കൂട്ടർ ഉടമയായ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സുബീഷ്, ജിതിനെ സ്ഥലത്തെത്തിച്ച യൂത്ത് കോൺഗ്രസ് നേതാവ് ടി നവ്യ എന്നിവരാണ് മറ്റു പ്രതികൾ.
2022 ജൂൺ 30ന് രാത്രി 11.20നാണ് എ കെ ജി സെന്ററിന് നേരെ ബോംബെറിഞ്ഞത്. സിപിഐ എം കേന്ദ്രകമ്മറ്റിയംഗം പി കെ ശ്രീമതി ഉൾപ്പെടെയുള്ളവർ ഓഫീസിലുള്ളപ്പോഴായിരുന്നു ആക്രമണം. ബോംബ് ഗേറ്റിൽ തട്ടിയതിനാൽ അക്രമികളുടെ ലക്ഷ്യംപാളി. കന്റോൺമെന്റ് പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്.









0 comments