കരിപ്പൂരിലേക്ക് കന്നി സർവീസുമായി ആകാശ എയർ

കരിപ്പൂർ: രാജ്യത്തെ ഏറ്റവും പുതിയ വിമാന കമ്പനിയായ ആകാശ എയർ കരിപ്പൂരിലേക്ക് സർവീസ് ആരംഭിക്കുന്നു. ഒക്ടോബർ ഒന്ന് മുതൽ മുബൈ -–കരിപ്പൂർ സെക്ടറിലാണ് സർവീസുകൾ തുടങ്ങുന്നത്. ദിവസവും വൈകിട്ട് 5.35ന് മുബൈയിൽനിന്ന് തിരിക്കുന്ന വിമാനം രാത്രി 7.20ന് കരിപ്പൂരിലിറങ്ങും. രാത്രി 7.55ന് കരിപ്പൂരിൽനിന്ന് തിരിച്ച് പറക്കുന്ന വിമാനം 9.40ന് മുബൈയിലിറങ്ങും. കേരളത്തിലുടനീളം സാന്നിധ്യം ഉറപ്പിക്കാനുള്ള ആകാശ എയറിന്റെ ആദ്യ ചുവടുവയ്പാണിത്. ആകാശ എയറിന്റെ മുപ്പതാമത്തെ ലക്ഷ്യസ്ഥാനമാണ് കരിപ്പൂർ. കേരളത്തിലേക്കുള്ള കണക്ടിവിറ്റി വർധിപ്പിക്കാനാണ് പദ്ധതി.
എസ്എൻവി ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡ് (ആകാശ എയർ ) മുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണ്. മൂന്നുവർഷം മുമ്പ് നിലവിൽ വന്ന കമ്പനി കുറഞ്ഞ ടിക്കറ്റ് നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. 2022 ആഗസ്ത് ഏഴിന് മുബൈയിൽനിന്ന് അഹമ്മദാബാദിലേക്കായിരുന്നു ആദ്യ സർവീസ്. 2025 അവസാനത്തോടെ കരിപ്പൂരിൽനിന്ന് ഗൾഫ് നാടുകളിലേക്കും സർവീസ് ആരംഭിക്കാനാണ് പദ്ധതി.
ഫ്ലൈനാസ് എയർലൈൻസ് സർവീസ് വർധിപ്പിച്ചു
സൗദി വിമാന കമ്പനിയായ ഫ്ലൈനാസ് എയർലൈൻസ് കരിപ്പൂരിലേക്കുള്ള സർവീസ് കൂട്ടി. ആഴ്ചയിൽ 3 ദിവസമായിരുന്നത് ആറുദിവസമായാണ് വർധിപ്പിച്ചത്. റിയാദ് –-കരിപ്പൂർ സെക്ടറിലായിരുന്നു സർവീസ്. ഗൾഫ് യാത്രക്കാർക്ക് ഏറെ ആശ്വാസമാകുന്ന സർവീസ് ശനി ഒഴികെ മറ്റെല്ലാ ദിവസങ്ങളിലുമുണ്ടാകും.
കരിപ്പൂരിലേക്ക് സർവീസ് പുനരാരംഭിക്കാൻ സൗദി എയർലൈൻസ്
ഗൾഫ് സെക്ടറിൽനിന്ന് കരിപ്പൂർ വിമാനത്താവളത്തിലേക്ക് സർവീസ് പുനരാരംഭിക്കാനുള്ള നീക്കവുമായി സൗദി എയർലൈൻസ്. ഒക്ടോബർ 27 മുതൽ സർവീസ് ആരംഭിക്കും. തുടക്കത്തിൽ റിയാദിൽനിന്ന് കരിപ്പൂരിലേക്കാണ് സർവീസ് നടത്തുക. 2015ൽ വിമാനത്താവള നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി കരിപ്പൂരിൽ വലിയ വിമാനങ്ങൾ ഇറങ്ങുന്നത് നിർത്തലാക്കിയതോടെയാണ് സൗദി എയർലൈൻസ് കരിപ്പൂർ വിട്ടത്. കഴിഞ്ഞ ജനുവരിയിൽ വിമാനം തിരിച്ചെത്തുമെന്ന് പ്രഖ്യാപിച്ചതിനെ തുടർന്ന് സമയക്രമം ലഭ്യമാക്കുകയും ഗ്രൗണ്ട് ഹാൻഡ്‌ലിങ് ഉൾപ്പെടെ കരാറെടുക്കുകയും ചെയ്തു. പ്രാഥമിക നടപടി പൂർത്തിയാക്കിയശേഷം സൗദി എയർലൈൻസ് പിൻമാറി. കേന്ദ്ര സർക്കാരിന്റെ കരിപ്പൂരിനോടുള്ള അവഗണനയും പിൻമാറ്റത്തിന് കാരണമായി.
ബോയിങ് 787 ഡ്രീംലൈനർ വിമാനങ്ങൾ സർവീസ് നടത്താനായിരുന്നു പദ്ധതി. വലിയ വിമാനങ്ങൾക്ക് വിലക്കുള്ളതിനാൽ ചെറിയ വിമാനങ്ങളാണ് സർവീസിന് ഉപയോഗിക്കുക. റെസയുടെ നിർമാണം പൂർത്തിയാകുന്നതോടെ വലിയ എയർക്രാഫ്റ്റുകൾ സർവീസ് നടത്തും. സൗദി എയർലൈൻസ് തിരിച്ചെത്തുന്നത് ജിദ്ദ, റിയാദ് യാത്രക്കാർക്ക് ആശ്വാസമാകും. ഹജ്ജ് സർവീസിന്റെ ടെൻഡറിലും ഇത്തവണ സൗദി എയർലൈൻസിന് പങ്കെടുക്കാനാകും.
കരിപ്പൂരിൽനിന്നുള്ള ഹജ്ജ് വിമാന നിരക്ക് കുറയ്ക്കാനും കഴിയും. കഴിഞ്ഞ രണ്ടുതവണയും കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് ഹജ്ജ് സർവീസിന് ടെൻഡറിൽ പങ്കെടുത്തത് എയർ ഇന്ത്യ എക്സ്പ്രസ് മാത്രമാണ്. രണ്ടുതവണയും കേരളത്തിലെ മറ്റു വിമാനത്താവളങ്ങളെക്കാൾ 40,000 രൂപ അധികമായിരുന്നു എയർ ഇന്ത്യ എക്സ്പ്രസ് ഈടാക്കിയത്. സൗദി എയർലൈൻസ് തിരിച്ചെത്തുന്നത് ഹജ്ജ് തീർഥാടകർക്കും വലിയ ആശ്വാസമാകും.









0 comments