ad
Deshabhimani

'ജനങ്ങൾ മുണ്ടുമുറുക്കേണ്ടി വരും, കയ്പുനീര് കുടിക്കേണ്ടി വരും'; വി‍ ഡി സതീശനെ ഒപ്പം നിർത്തി എ കെ ആന്റണിയുടെ മുന്നറിയിപ്പ്

ak antony vd satheesan
വെബ് ഡെസ്ക്

Published on May 14, 2026, 05:02 PM | 1 min read

തിരുവനന്തപുരം: വി ഡി സതീശൻ മുഖ്യമന്ത്രി പദവിയേൽക്കും മുൻപേ ജനങ്ങൾക്ക് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണിയുടെ വക 'മുന്നറിയിപ്പ്'. വരാനിരിക്കുന്നത് ജനങ്ങൾ മുണ്ട് മുറുക്കിയുടുക്കേണ്ടി വരുന്ന കാലമാണെന്നായിരുന്നു ആന്റണി ഓർമ്മിപ്പിച്ചത്. ജനങ്ങൾക്കായി ആദ്യമേ ജനപ്രിയ പ്രഖ്യാപനങ്ങളൊന്നും നടത്തരുതെന്ന താക്കീതും സതീശന് ആന്റണി നൽകി.


മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം തന്നെ കാണാനെത്തിയ വി ഡി സതീശനൊപ്പം മാധ്യമങ്ങളെ കണ്ടപ്പോഴാണ് ആന്റണി ഇക്കാര്യം വ്യക്തമാക്കിയത്. 'സതീശനിൽ നിന്ന് ജനപ്രിയ പ്രഖ്യാപനങ്ങളൊന്നും പ്രതീക്ഷിക്കരുത്. ജനങ്ങൾ കുറച്ച് കയ്പുനീര് കുടിക്കേണ്ടി വരും, മുണ്ട് മുറുക്കി ഉടുക്കേണ്ടി വരും. സതീശന്റെ മനസ്സിൽ പലതും കാണും, പക്ഷെ ആദ്യമേ അതൊന്നും പ്രഖ്യാപിക്കരുത്. അത് വലിയ കുഴപ്പം ചെയ്യും.' എന്നായിരുന്നു ആന്റണി മാധ്യമങ്ങളോടായി പറഞ്ഞത്.


തന്റെ സ്വന്തം ഭരണകാലത്തെ അനുഭവങ്ങളും മാധ്യമങ്ങളുടെ നിലപാടുമാറ്റവും ഓർമ്മിപ്പിച്ചാണ് ആന്റണി സതീശന് മുന്നറിയിപ്പ് നൽകിയത്. 2001-ൽ താൻ മുഖ്യമന്ത്രിയായി ചുമതലയേൽക്കുമ്പോൾ വലിയ ആരവങ്ങളും മാധ്യമ പിന്തുണയുമൊക്കെ ഉണ്ടായിരുന്നുവെന്നും എന്നാൽ അധികനാൾ അതുണ്ടായില്ലെന്നും ആന്റണി പറഞ്ഞു.


കേരളം സാമ്പത്തികമായി തകർന്ന് തരിപ്പണമായ, മുഖ്യമന്ത്രിക്ക് പോലും വിമാനടിക്കറ്റ് നൽകാൻ വിമാനക്കമ്പനികൾ തയ്യാറാകാതിരുന്ന അക്കാലത്ത് സർക്കാരിന് ചില കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടി വന്നു. ഇതോടെ ആരവങ്ങളെല്ലാം കെട്ടടങ്ങി, അതുവരെ ആർപ്പുവിളിച്ചവരെല്ലാം തനിക്കെതിരെ തിരിഞ്ഞു. താങ്ങിനടന്ന മാധ്യമങ്ങളെല്ലാം പിന്നീട് കല്ലെറിയാൻ തുടങ്ങിയെന്നാണ് ആന്റണി തുറന്നുപറഞ്ഞത്. ആ സാഹചര്യം സതീശനുണ്ടാകരുതെന്ന് ആഗ്രഹിക്കുന്നത് കൊണ്ടാണ് ഈ ഉപദേശമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ഇപ്പോൾ കിട്ടുന്ന അമിത പ്രോത്സാഹനം കണ്ട് സതീശൻ എടുത്തുചാടരുതെന്നും, ജനങ്ങൾക്കായി പ്രഖ്യാപിച്ച കാര്യങ്ങൾ ചെയ്യാൻ കഴിയില്ലെന്ന് ബോധ്യമാകുമ്പോൾ ഇതേ ജനങ്ങളും മാധ്യമങ്ങളുമെല്ലാം കല്ലെറിയാൻ മുന്നിലുണ്ടാകുമെന്നുമുള്ള മുന്നറിയിപ്പായിരുന്നു ആന്റണിയുടേത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home