print edition എയർ ഇന്ത്യ പൈലറ്റുമാർക്ക് നിർബന്ധിത ലഹരി പരിശോധന

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: മുഴുവൻ പൈലറ്റുമാരെയും നിർബന്ധിത ലഹരി പരിശോധനയ്‌ക്ക് വിധേയരാക്കി എയർ ഇന്ത്യ. ആഗസ്‌ത് നാലിന് ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് പറന്ന വിമാനം സഞ്ചാരപാതയിൽ നിന്ന് 300 അടിയോളം താഴേക്ക് പതിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. അപകടത്തിൽപെട്ട വിമാനത്തിലെ ക്യാപ്‌റ്റൻ ലഹരി പരിശോധനയിൽ പരാജയപ്പെട്ടിരുന്നു.
എയർ ഇന്ത്യ ജീവനക്കാർക്ക് അയച്ച സന്ദേശപ്രകാരം വ്യാഴാഴ്‌ച മുതൽ പരിശോധന ആരംഭിച്ചു. സൈക്കോ ആക്ടീവ് സബ്സ്റ്റൻസ് ടെസ്റ്റാണ് നടത്തുന്നത്. എയർ ഇന്ത്യ, എയർ ഇന്ത്യ എക്‌സ്‌പ്രസ് എന്നിവയിലായി അയ്യായിരത്തിലധികം പൈലറ്റുമാരാണുള്ളത്.
ലഹരി പരിശോധന സംബന്ധിച്ച് നിലനിൽക്കുന്ന നിയമങ്ങൾ ശക്തമാക്കാൻ ഡയറക്‌ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ(ഡിജിസിഎ) നിർദേശം നൽകി. നിലവിലെ ഡിജിസിഎ നിയമപ്രകാരം പരിശോധനയിൽ ഫലം പോസിറ്റീവായാൽ അവരെ ലഹരിമുക്ത ചികിത്സയ്‌ക്ക് വിധേയരാക്കും. രണ്ടാം തവണയും ലഹരി ഉപയോഗിച്ചതായി തെളിഞ്ഞാൽ ലൈസൻസ് മൂന്നുവർഷത്തേക്ക് റദ്ദാക്കും. വീണ്ടും കുറ്റം ആവർത്തിച്ചാൽ ലൈസൻസ് റദ്ദാക്കും.
പൈലറ്റ് ലഹരി ഉപയോഗിച്ചതായുള്ള വിവരം മാത്രമല്ല വിമാനം അപകടാവസ്ഥയിലായതിന്റെ കാരണമായി കരുതുന്നത്. രണ്ടോ മൂന്നോ മിനുട്ടുകൾക്കുള്ളിൽ 11 സാങ്കേതിക തകരാറുകളാണ് വിമാനത്തിനുണ്ടായത്.
യാത്രക്കിടെ ഉറങ്ങി
യാത്രക്കിടെ കോക്പിറ്റിനുള്ളിൽ 35 മിനുട്ടോളം ഉറങ്ങിയതായി ക്യാപ്‌റ്റൻ എഎഐബിക്ക് മൊഴി നൽകിയതായുള്ള വിവരം പുറത്തുവന്നു. ഉറക്കമില്ലായ്‌മയ്‌ക്ക് ഡോക്‌ടർ നിർദേശിച്ച മരുന്ന് കഴിച്ചിരുന്നുവെന്നും വിമാനം പുറപ്പെടുന്നതിന് തൊട്ടുമുൻപുള്ള ലേഓവർ സമയത്ത് ഉറങ്ങാൻ കഴിഞ്ഞില്ലെന്നും പൈലറ്റ് വെളിപ്പെടുത്തി.









0 comments