15 ദിവസംമുമ്പ് 40,000 രൂപവരെ ഉണ്ടായിരുന്ന ടിക്കറ്റിനാണ് അരലക്ഷത്തിലധികമായി ഉയർത്തിയത്
പെരുന്നാൾ : അരലക്ഷം കടന്ന് വിമാന ടിക്കറ്റ് നിരക്ക് , നിരക്കുവർധന മെയ് അവസാനംവരെ തുടർന്നേക്കും

കരിപ്പൂർ : പെരുന്നാളും വിഷുവും അടുത്തതോടെ പരിധിവിട്ട് നിരക്ക് വർധിപ്പിച്ച് വിമാന കമ്പനികൾ. പതിനഞ്ച് ദിവസംമുമ്പ് വർധിപ്പിച്ച നിരക്കാണ് പെരുന്നാൾ ദിനത്തിലും തൊട്ടുമുമ്പുള്ള ദിവസങ്ങളിലുമായി അരലക്ഷത്തിലധികം രൂപയായി വർധിപ്പിച്ചത്. പതിനഞ്ച് ദിവസംമുമ്പ് 35,000 മുതൽ 40,000 രൂപയ്‌ക്കുവരെ ലഭിച്ചിരുന്ന ടിക്കറ്റിനാണ് അരലക്ഷത്തിലധികം ഈടാക്കുന്നത്. ഗൾഫ് നാടുകളിൽനിന്ന് കേരളത്തിലേക്കുള്ള നിരക്കിലാണ് വലിയ വർധന. മാർച്ച് 28മുതലുള്ള ദിവസങ്ങളിൽ വ്യത്യസ്‌ത നിരക്കുകളാണ് വിമാന കമ്പനികൾ ഈടാക്കുന്നത്. മധ്യവേനൽ അവധിക്ക് വിദ്യാലയങ്ങൾ അടയ്‌ക്കുന്നതോടെ ഗൾഫ് നാടുകളിലേക്കുള്ള പ്രവാസി കുടുംബങ്ങളുടെ യാത്ര മുന്നിൽക്കണ്ട് കേരളത്തിൽനിന്ന് ഗൾഫ് സെക്ടറിലേക്കുള്ള നിരക്കുകളും വർധിപ്പിച്ചു.
28മുതൽ ഏപ്രിൽ ഒന്നുവരെ ദുബായ്–-കരിപ്പൂർ നിരക്ക് 50,000 രൂപയ്‌ക്ക് മുകളിലാണ്. 28ന് 36,000 രൂപക്ക് ലഭിക്കുന്ന ടിക്കറ്റ് 29ന് 46,000 രൂപയായും 30ന് 47,300 രൂപയായും 31ന് 50,503 രൂപയായും വർധിപ്പിച്ചു. ദുബായ്–-തിരുവനന്തപുരം നിരക്ക് 29ന് 43,519 രൂപയാണ്. 30ന് 50,052 രൂപയും 31ന് 51,686 രൂപയുമായി. ദുബായ്–-നെടുമ്പാശേരി നിരക്ക് 29ന് 46,856 രൂപയാണ്. 30ന് 41,885 രൂപയ്‌ക്ക് ലഭിക്കുന്ന ടിക്കറ്റിന് 31ന് 50,102 രൂപയാകും. കഴിഞ്ഞ ഡിസംബറിൽ നിരക്ക് വർധിപ്പിച്ചതിനുപുറമെയാണിത്. രണ്ടുമാസത്തെ ഇടവേളക്കുശേഷം കഴിഞ്ഞ 20മുതൽ വീണ്ടും അഞ്ചിരട്ടി വർധനയാണ് വരുത്തിയത്. ഇതിന് പുറമെയാണ് ഈ കഴുത്തറുപ്പൻ വർധന.
നിരക്ക് വർധന മെയ് അവസാനംവരെ തുടർന്നേക്കും. വിഷുദിനത്തിൽ 43,000ത്തിനും 46,000ത്തിനും ഇടയിലാണ് ടിക്കറ്റ് നിരക്ക്. എയർ ഇന്ത്യാ എക്‌സ്‌പ്രസ് അടക്കമുള്ള എല്ലാ വിമാന കമ്പനികളിലും ഒരേനിരക്കാണ്. കേരളത്തിലെ നാല് വിമാനത്താവളങ്ങളിൽനിന്ന് ദുബായിലേക്കുള്ള നിരക്കും നാലിരട്ടിയോളം വർധിപ്പിച്ചു. 9000–10000 രൂപയ്‌ക്കും ഇടയിൽ ലഭ്യമായിരുന്ന ടിക്കറ്റ് നിരക്ക് 33,029 മുതൽ 42,000 രൂപവരെയായി ഉയർത്തി.
നിരക്ക് വർധന കുറയ്‌ക്കാനുള്ള നടപടി കേന്ദ്രസർക്കാരോ വ്യോമയാന മന്ത്രാലയമോ സ്വീകരിക്കുന്നില്ല. സീസണിൽ ഗൾഫ് സെക്ടറിൽ കൂടുതൽ വിമാന സർവീസ് ഏർപ്പെടുത്തുകയോ അധികസർവീസ് അനുവദിക്കുകയോചെയ്താൽ നിരക്കുവർധന ഒരുപരിധിവരെ പിടിച്ചുനിർത്താനാകും.









0 comments