Deshabhimani

നിർമിതബുദ്ധി: സാധ്യതകളും വെല്ലുവിളികളും മനസ്സിലാക്കി മുന്നോട്ടുനീങ്ങുന്നു: ​ഗവേഷണങ്ങൾ തുടരും: മുഖ്യമന്ത്രി

pinarayi vijayan
വെബ് ഡെസ്ക്

Published on Mar 24, 2025, 12:40 PM | 3 min read

തിരുവനന്തപുരം: നിർമ്മിത ബുദ്ധിയുടെ സാധ്യതകളെയും അത് ഉയർത്തുന്ന വെല്ലുവിളികളെയും മനസ്സിലാക്കികൊണ്ടാണ് സർക്കാർ മുന്നോട്ടുനീങ്ങുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ മേഖലയിൽ ഗൗരവമായ ഗവേഷണങ്ങൾ നമ്മുടെ ഡിജിറ്റൽ യൂണിവേഴ്സിറ്റി, ഐസിഫോസ് എന്നീ സ്ഥാപനങ്ങൾ നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു. നിർമ്മിത ബുദ്ധിയുടെ വിനിയോഗം ലോകമെമ്പാടും വലിയ തോതിൽ വ്യാപകമായിവരുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്.


കഴിഞ്ഞ രണ്ട് നൂറ്റാണ്ടുകളിലായി ലോകത്തെ മാറ്റിമറിച്ച ശാസ്ത്ര കണ്ടെത്തലുകളാണുണ്ടായത്. ഇലക്ട്രിക് ബൾബിൻറെ വരവ്, ആധുനിക യന്ത്രങ്ങളുടെ കടന്നുവരവ് കമ്പ്യൂട്ടറുകൾ സാർവ്വത്രികമായത് എന്നിവയൊക്കെ ഉൽപ്പാദന ക്ഷമതയെ ഗണ്യമായി ഉയർത്തിയിട്ടുണ്ട്. എന്നാൽ ഇതിനോടൊപ്പം ആധുനിക കണ്ടുപിടുത്തങ്ങൾ പ്രയോഗത്തിൽ വരുന്നതിനു മുമ്പ് ആർജ്ജിച്ച നൈപുണിയുമായി നിലനിന്ന തൊഴിൽ ശക്തിക്ക് തൊഴിൽ നഷ്ടമെന്ന വലിയ ആശങ്കയും ഉണ്ടായി. ചരിത്രത്തിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ടാണ് നിർമ്മിത ബുദ്ധി പോലുള്ള ഒരു നൂതന സാങ്കേതിക വിദ്യയുടെ കടന്നുവരവിനെ സംസ്ഥാന സർക്കാർ പ്രായോഗികമായി സമീപിക്കുന്നത്.


ഉന്നത വിദ്യാഭ്യാസ മേഖലയിൽ, സർവ്വകലാശാലകളിൽ പരിശീലന പദ്ധതികൾ ആരംഭിക്കാൻ ലക്ഷ്യമിടുന്നുണ്ട്. ആർട്ടിഫിഷ്യൽ ഇൻഗ്രീഡിയൻസ് ഡാറ്റാ സയൻസ് (Artificial Ingredients Data Science) തുടങ്ങിയ നൂതന കോഴ്സുകൾ സർവ്വകലാശാലയിൽ ആരംഭിക്കുന്ന കാര്യം ഗൗരവമായ പരിഗണനയിലാണ്.മേൽ സൂചിപ്പിച്ചതുപോലെ നിലവിലെ വിവര സാങ്കേതിക വിദ്യ സേവന മേഖലയിൽ തൊഴിൽ നഷ്ടമുണ്ടാക്കാൻ സാധ്യതയുണ്ടെന്ന് കണ്ടുകൊണ്ട് പുതിയ തലമുറ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന കാര്യത്തിന് സർക്കാർ മുൻഗണന നൽകുന്നു. ഡിജിറ്റൽ യൂണിവേഴ്സിറ്റി, ഐസിഫോസ് എന്നീ സ്ഥാപനങ്ങൾ ഈ ലക്ഷ്യത്തോടെ പുതുതലമുറ കോഴ്സുകൾ ആരംഭിക്കാൻ നടപടികൾ സ്വീകരിക്കുകയാണ്.


നിർമ്മിത ബുദ്ധി മേഖലയിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകൾക്കുവേണ്ടി പ്രധാനപ്പെട്ട പദ്ധതികൾ ഇക്കഴിഞ്ഞ ബഡ്ജറ്റിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. അതിൻറെ ഭാഗമായി ഒരു ഡീപ് ടെക് എക്കോസിസ്റ്റം രൂപപ്പെടുത്താൻ സർക്കാർ നടപടി സ്വീകരിക്കും. നിർമ്മിത ബുദ്ധി, മെഷീൻ ലേർണിംഗ്, അനിമേഷൻ, വിഷ്വൽ എഫക്ട്, ഗെയ്മിംഗ്, കോമിക്സ് എന്നീ മേഖലകളിൽ കടന്നുവരുന്ന ഡീപ് ടെക് സംരംഭകർക്ക് വേണ്ടി ഒരു ഗ്രാഫിക് പ്രോസസിംഗ് യൂണിറ്റ് ക്ലസ്റ്റർ സ്ഥാപിക്കാൻ സർക്കാർ ലക്ഷ്യമിടുന്നു. ഇതിനായി കേരള സ്റ്റാർട്ടപ്പ് മിഷന് 10 കോടി രൂപ സർക്കാർ അധികമായി അനുവദിച്ചിട്ടുണ്ട്.


സമസ്ത മേഖലകളിലും നിർമ്മിത ബുദ്ധിയുടെ ഉപയോഗം സാധ്യമാക്കുന്ന സാങ്കേതിക വിദ്യയാണ് ഏജൻറിക് നിർമ്മിത ബുദ്ധി. ദേശീയ തലത്തിൽ ഒരു ഏജൻറിക് ഹാക്കത്തോൺ സംഘടിപ്പിക്കാനും തിരഞ്ഞെടുക്കുന്ന മികച്ച 5 ഏജൻറുകൾ നിർമ്മിക്കാൻ 20 ലക്ഷം രൂപ വീതം നൽകുന്നതിനുമായി സ്റ്റാർട്ടപ്പ് മിഷന് ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ട്.കൃഷി/ഭക്ഷ്യ സംസ്കരണം, സ്പേസ്/പ്രതിരോധ മേഖലകൾ, ആരോഗ്യമേഖല, ലൈഫ് സയൻസ്, ഡിജിറ്റൽ മീഡിയ/ പുത്തൻ വിനോദോപാധികൾ, പാരമ്പര്യേതര ഊർജ്ജ സ്രോതസ്സുകൾ എന്നീ രംഗങ്ങളിൽ നവീന സാങ്കേതിക വിദ്യകളുടെ (നിർമ്മിതബുദ്ധി ഉൾപ്പെടെ) സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനായി കേരള സ്റ്റാർട്ടപ്പ് മിഷൻ എമേർജിംഗ് ടെക്നോളജി ഹബ്ബിൻറെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. തിരുവനന്തപുരം ടെക്നോസിറ്റിയിൽ മൂന്ന് ഏക്കർ സ്ഥലത്തായിരിക്കും ഹബ്ബ് പ്രവർത്തിക്കുക. ഏകദേശം 350 കോടി രൂപ ചെലവ് വരുന്ന പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.

സംസ്ഥാനം ഒരു കരട് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് നയം രൂപീകരിച്ചുവരികയാണ്. നിർമ്മിത ബുദ്ധി അധിഷ്ഠിത സോഫ്റ്റ്വെയർ നിർമ്മാണം, വിവരസഞ്ചയ നിർമ്മാണം, ഇന്നൊവേഷൻ സെൻററുകൾ, നൈപുണ്യ വികസനം, നിർമ്മിത ബുദ്ധി മേഖലയിലെ സ്റ്റാർട്ടപ്പുകൾക്കുള്ള പിന്തുണ എന്നിവ ഈ നയത്തിൻറെ ഭാഗമാക്കാൻ ഉദ്ദേശിക്കുന്നു.

സേവനങ്ങളുടെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിന് നിർമ്മിത ബുദ്ധി മാതൃകകൾ നടപ്പിലാക്കുമ്പോൾ ഉണ്ടാകുന്ന തൊഴിൽ നഷ്ടം പുതിയ മേഖലകളിൽ പുനർവിന്യസിക്കാനും ശ്രമങ്ങൾ നടത്തും.



സംസ്ഥാനത്ത് സ്വീകരിച്ചുവരുന്ന ചില പ്രധാനപ്പെട്ട നടപടികൾ ചുവടെ ചേർക്കുന്നു:


നിർമ്മിത ബുദ്ധിയുടെ വർദ്ധിച്ച ഉപയോഗം മൂലം പുതിയ തൊഴിലവസരങ്ങൾ കൂടുന്നതിനുള്ള സാധ്യത മുന്നിൽ കണ്ടുകൊണ്ടും ഡിജിറ്റൽ ഡിവൈഡ് കുറയ്ക്കുന്നതിനുമായി വിവിധ പോസ്റ്റ് ഗ്രാഡ്വേറ്റ് പ്രോഗ്രാമുകൾക്ക് പുറമെ കമ്മ്യൂണിറ്റി എഡ്യൂക്കേഷൻ പരിപാടികൾ തുടങ്ങിക്കഴിഞ്ഞു.യൂണിവേഴ്സിറ്റിയിലെയും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും അധയക്കായി ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇൻറലിജൻസിൽ വർക്ക്ഷോപ്പ് നടത്തിവരുന്നു.


നിർമ്മിത ബുദ്ധി മേഖലയിലെ ഗവേഷണങ്ങളുടെ ഫലപ്രദമായി ഉരുത്തിരിഞ്ഞുവരുന്ന പ്രോട്ടോടൈപ്പുകൾ വാണിജ്യ അടിസ്ഥാനത്തിൽ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഡിജിറ്റൽ സയൻസ് പാർക്ക് പ്രവർത്തനം ആരംഭിച്ചു.


യൂറോപ്യൻ നിർമ്മിത ബുദ്ധിയുടെ ചുവടുപിടിച്ച് ഉത്തരവാദിത്ത നിർമ്മിത ബുദ്ധി നയരൂപീകരണത്തിൻറെ പ്രാരംഭ പ്രവർത്തനങ്ങൾ ഡിജിറ്റൽ യൂണിവേഴ്സിറ്റി ആരംഭിച്ചിട്ടുണ്ട്.


കാലിഫോർണിയ ആസ്ഥാനമായ NVIDIA കമ്പനിയുടെ സഹായത്തോടെ SLM (Small Language Models) ഗവേഷണങ്ങൾ നടത്തിവരുന്നു.


നിർമ്മിത ബുദ്ധി സാങ്കേതിക വിദ്യയിലെ വികാസത്തിലൂടെ നമ്മുടെ സമൂഹത്തിൽ ഉണ്ടാകുന്ന നാനാതരം മാറ്റങ്ങളെയും വെല്ലുവിളികളെയും സമഗ്രമായി അപഗ്രഥിച്ചുകൊണ്ടുള്ള സമീപനമാണ് സംസ്ഥാന സർക്കാരിനുള്ളത്. മഞ്ഞളാംകുഴി അലിയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി



deshabhimani section

Related News

View More
0 comments
Sort by

Home