കർഷകമുന്നേറ്റ ജാഥക്ക് ബോവിക്കാനത്ത് തുടക്കം; വിജൂ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു

കാസർകോട്: വന്യജീവി അക്രമങ്ങളിൽ നിന്ന് കൃഷിയേും കർഷകരെയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കർഷകസംഘം സംഘടിപ്പിക്കുന്ന കർഷക മുന്നേറ്റജാഥ ബോവിക്കാനത്ത് നിന്ന് തുടങ്ങി. കിസാൻസഭ അഖിലേന്ത്യാ ജനറൽ സെക്രട്ടറി വിജൂ കൃഷ്ണൻ ജാഥ ഉദ്ഘാടനം ചെയ്തു. കിസാൻസഭ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ഇ പി ജയരാജൻ, സംസ്ഥാന പ്രസിഡന്റ് എം വിജയകുമാർ, സംസ്ഥാന സെക്രട്ടറി വത്സൻ പനോളി തുടങ്ങിയ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.

കേന്ദ്ര സർക്കാർ വനം– വന്യജീവി നിയമത്തിൽ ഭേദഗതി വരുത്തുക, ജനവാസ മേഖലയിലിറങ്ങുന്ന അക്രമകാരികളായ വന്യജീവികളെ കൊല്ലാൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് 30, 31 തീയതികളിൽ തിരുവനന്തപുരം വനം വകുപ്പ് ഹെഡ് ഓഫീസിനുമുന്നിൽ സംഘടിപ്പിക്കുന്ന രാപ്പകൽ ഉപരോധത്തിന്റെ പ്രചാരണാർഥമാണ് ജാഥ.
ഇ പി ജയരാജനാണ് ജാഥ ലീഡർ. വത്സൻ പനോളി മാനേജറാണ്. എം പ്രകാശൻ, ഓമല്ലൂർ ശങ്കരൻ, എസ് കെ പ്രീജ, സി എച്ച് കുഞ്ഞമ്പു എംഎൽഎ, സി കെ രാജേന്ദ്രൻ, ഡി കെ മുരളി, കെ ജെ ജോസഫ്, എൻ ആർ സക്കീന എന്നിവരാണ് ജാഥാംഗങ്ങൾ. മലയോരപ്രദേശങ്ങിലൂടെ സഞ്ചരിച്ച് ജാഥ 29ന് തിരുവനന്തപുരത്ത് സമാപിക്കും. 30ന് വനംവകുപ്പ് ഹെഡ് ഓഫീസിനുമുന്നിൽ രാപകൽ ഉപരോധം കിസാൻസഭ അഖിലേന്ത്യ പ്രസിഡന്റ് അശോക് ധാവ്‌ളെ ഉദ്‌ഘാടനംചെയ്യും.









0 comments