ad
Deshabhimani

എൽഡിഎഫ്‌ സർക്കാരിനെതിരായ രാഹുൽ ഗാന്ധിയുടെ പ്രസ്താവന രാഷ്ട്രീയ അധഃപതനം: വിജൂ കൃഷ്‌ണൻ

AIKS.jpg
വെബ് ഡെസ്ക്

Published on Mar 10, 2026, 02:31 PM | 2 min read

തിരുവനന്തപുരം : എൽഡിഎഫ് സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും എതിരെ രാഹുൽ ഗാന്ധി നടത്തുന്ന പ്രസ്താവനകൾ രാഷ്ട്രീയ പാപ്പരത്തമാണെന്നും ഇത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലെ തോൽവി മുന്നിൽ കണ്ടുള്ള പരിഭ്രാന്തിയാണെന്നും അഖിലേന്ത്യ കിസാൻ സഭ ജനറൽ സെക്രട്ടറി വിജൂ കൃഷ്‌ണൻ.


അംബാനി, അദാനി, ടാറ്റ, ബിർള തുടങ്ങിയ കോർപ്പറേറ്റ് ഭീമന്മാർക്ക് ലാഭം കൊയ്യാൻ വഴിയൊരുക്കുകയും ഇലക്ടറൽ ബോണ്ട് വഴി കോടികൾ വാങ്ങിക്കൂട്ടുകയും ചെയ്‌ത കോൺഗ്രസ്, സിപിഐ എമ്മിനെ കോർപ്പറേറ്റ് എന്ന് വിളിക്കുന്നത് അങ്ങേയറ്റം പരിഹാസ്യമാണ്. സിപിഐ എം നടത്തിയ നിയമ പോരാട്ടത്തെ തുടർന്നാണ് ഇലക്ടറൽ ബോണ്ടുകൾ ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി വിധിച്ചത്. ഇതൊക്കെ രാഹുൽ ഗാന്ധി ഓർക്കേണ്ടതാണ്.


1970കളിൽ കോൺഗ്രസ് ഉയർത്തിയ 'ഗരീബി ഹഠാവോ' മുദ്രാവാക്യം വെറും വാക്കുകളിൽ ഒതുങ്ങിയപ്പോൾ, അതിദാരിദ്ര്യം നിർമാർജനം സാധ്യമാക്കിയ ഏക സംസ്ഥാനമായി കേരളത്തെ മാറ്റിയത് എൽഡിഎഫ് സർക്കാരാണ്. ലൈഫ് പദ്ധതിയിലൂടെ അഞ്ച്‌ ലക്ഷത്തിലധികം പേർക്ക് ഗുണമേന്മയുള്ള വീടുകൾ നൽകിയ കേരളത്തിന്റെ നേട്ടത്തെ, കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ വാസയോഗ്യമല്ലാത്ത ഇന്ദിരാ ആവാസ് യോജന വീടുകളുമായി താരതമ്യം ചെയ്യാൻ പോലും കഴിയില്ല.


യുഎസ് - ഇന്ത്യ വ്യാപാര കരാറിനെതിരെ ഇപ്പോൾ രാഹുൽ ഗാന്ധി സംസാരിക്കുന്നത് ഇരട്ടത്താപ്പാണ്. 2025 ഡിസംബറിൽ അമേരിക്കൻ സാമ്രാജ്യത്വത്തെ പുകഴ്ത്തി ഇന്ത്യക്ക് നേട്ടമായിട്ടുണ്ടെന്ന് പറഞ്ഞ വ്യക്തിയാണ്.


2006ൽ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിംഗ് കാർഷിക സഹകരണത്തിന്റെ മറവിൽ കൊണ്ടുവന്ന ഇന്ത്യാ- അമേരിക്ക കാർഷിക വിജ്ഞാന ബോർഡ് അമേരിക്കൻ കാർഷിക ഭീമന്മാരുടെ താല്പര്യങ്ങൾ സംരക്ഷിക്കാനായിരുന്നു. മൊൺസാന്റോയും വാൾമാർട്ടും അടക്കമുള്ള കമ്പനികളാണ് ഇതിന്റെ ബോർഡിൽ ഇടംപിടിച്ചത്.


2008ൽ ദാരിദ്ര്യം ഇല്ലാതാക്കാൻ ആണവ കരാർ അത്യാവശ്യമാണെന്ന് വാദിച്ച രാഹുൽ ഗാന്ധിയുടെ പാർട്ടി തന്നെയാണ് ആസിയാൻ കരാറിലൂടെയും, ഇന്ത്യ - യൂറോപ്യൻ യൂണിയൻ കരാറിലൂടെയും രാജ്യത്തെ കർഷകരെ പ്രതിസന്ധിയിലാക്കിയത്. ഭരണത്തിന്റെ കാര്യത്തിൽ ഇരട്ടകളായ ബിജെപിക്കൊപ്പം ചേർന്ന കോൺ​ഗ്രസ് ഇപ്പോൾ നവലിബറൽ സാമ്പത്തിക നയങ്ങളുടെ വക്താക്കളാണ്. പത്തുലക്ഷത്തിലധികം കർഷക ആത്മഹത്യകൾക്ക് ഉത്തരവാദികളായ രൂക്ഷമായ കാർഷിക പ്രതിസന്ധിക്ക് തുടക്കമിട്ട കോൺഗ്രസ് ഇന്ന് കർഷകർക്കായി മുതലക്കണ്ണീർ ഒഴുക്കുകയാണ്.


മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യാൻ ഇഡിയെയും കേന്ദ്ര ഏജൻസികളെയും വിളിച്ച് ബിജെപിക്ക് വഴിവച്ചു കൊടുക്കുകയാണ് കോൺ​ഗ്രസ്. ഡൽഹിയിൽ അരവിന്ദ് കെജ്‌രിവാളിന്റെയും മനീഷ് സിസോദിയയുടെയും കാര്യത്തിൽ ചെയ്തതുപോലെ കേരളത്തിലും ബിജെപിയെ സഹായിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ജനവിരുദ്ധ നയങ്ങൾ പിന്തുടരുന്ന രാഹുൽ ഗാന്ധിക്കും യുഡിഎഫിനും കേരളത്തിലെ ജനങ്ങൾ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ശക്തമായ മറുപടി നൽകുമെന്ന് എഐകെഎസ് ജനറൽ സെക്രട്ടറി വിജൂ കൃഷ്ണൻ ദേശാഭിമാനിയോട് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home