print edition ഞങ്ങൾക്കിടം നൽകി, ചേർത്തുപിടിച്ചു

ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സമ്മേളന പ്രതിനിധികളായ നേഹ ചെമ്പകശേരി, ശ്യാമ എസ് പ്രഭ, അസ്മ എന്നിവർ സമ്മേളന നഗരിയിൽ
ആന്‍സ് ട്രീസ ജോസഫ്
Published on Jan 15, 2026, 01:57 AM | 1 min read
കാനത്തില്‍ ജമീല നഗര്‍ (തിരുവനന്തപുരം)
സമ്മേളനനഗരിയായ കാനത്തില്‍ ജമീല നഗറില്‍ പ്രതിനിധികള്‍ക്ക് സ്വാഗതമോതി, നിറചിരിയുമായി അസ്‌മയും നേഹ ചെമ്പകശ്ശേരിയും ശ്യാമ എസ് പ്രഭയും. അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷനില്‍ ട്രാന്‍സ് വിമൻ പ്രാതിനിധ്യം ഉറപ്പാക്കുകയാണ് ഈ മൂന്നുപേര്‍. സമ്മേളന പ്രതിനിധികളായ നേഹ മലപ്പുറം ജില്ലാ കമ്മിറ്റിയംഗവും ശ്യാമ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയംഗവുമാണ്. മഹിളാ അസോസിയേഷന്‍ ജനറൽ ഹോസ്‌പിറ്റൽ എല്‍സി അംഗമാണ് അസ്മ.
"അരികുവത്കരിക്കപ്പെട്ട സമൂഹത്തെ ചേര്‍ത്തുപിടിക്കുന്ന ഇടതുപക്ഷ നയത്തിന്റെ ഭാഗമായിട്ടാണ് ഞങ്ങള്‍ മഹിളാ അസോസിയേഷന്റെ ഭാഗമായത്. സംസ്ഥാനത്തെ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ ഉന്നമനത്തിനായുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനം പ്രശംസനീയമാണ്. പലവിധ കാരണങ്ങളാല്‍, സ്കൂള്‍ വിദ്യാഭ്യാസം മുടങ്ങിയവരുണ്ട്. അവര്‍ക്കായി സാക്ഷരതാ മിഷന്‍ പഠനപിന്തുണ നല്‍കി. അതുപോലെ കോളേജുകളിലും സര്‍വകലാശാലകളിലും സൂപ്പര്‍ന്യൂമറി സീറ്റ് സൃഷ്ടിച്ച് ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ഥികളുടെ പഠനവും ഉറപ്പാക്കി'– ട്രാന്‍സ്ജെന്‍ഡര്‍ സെല്‍ ബോര്‍ഡംഗം കൂടിയായ ശ്യാമ എസ് പ്രഭ പറഞ്ഞു.
ഡെമോക്രാറ്റിക് ട്രാന്‍സ്ജെന്‍ഡര്‍ ഫെഡറേഷന്റെ ആദ്യ കണ്‍വെന്‍ഷനില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നടത്തിയ പ്രഖ്യാപനമാണ് സംസ്ഥാനത്തെ വീടില്ലാത്ത എല്ലാ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കും വീട് ഉറപ്പാക്കുമെന്നത്. അത് പ്രാവര്‍ത്തികമാക്കാന്‍ കഴിയുമെന്ന ഉറപ്പുനല്കുന്നതാണ് സമൂഹ്യനീതി വകുപ്പിന്റെ സുഭദ്രം പദ്ധതി. ലൈഫ് മിഷന്‍ പട്ടികയില്‍ ഉള്‍പ്പെട്ട ട്രാന്‍സ് വ്യക്തികളുണ്ട്. സമൂഹത്തിലേക്കുള്ള ഉള്‍ച്ചേര്‍ക്കലുകളുടെ ഭാഗമാണിതെന്ന് നേഹയും അസ്മയും പറയുന്നു. ട്രാന്‍സ്ജെന്‍ഡര്‍ സമൂഹം നേരിടുന്ന പ്രശ്നങ്ങളും അവരുടെ ജീവിതവും സംബന്ധിച്ച് ഒരുപഠനം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കണമെന്ന് സമ്മേളനത്തില്‍ ആവശ്യപ്പെടുമെന്നും മൂവരും പറഞ്ഞു.
ട്രാന്‍സ് വനിതകള്‍ ഉള്‍പ്പെടെയുള്ള 15 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് അംഗത്വം നല്‍കാന്‍ 2023 ജനുവരിയില്‍ തിരുവനന്തപുരത്ത് നടന്ന പതിമൂന്നാം അഖിലേന്ത്യ സമ്മേളനത്തിലായിരുന്നു തീരുമാനിച്ചത്.










0 comments