സ്പെഷ്യൽ സ്കൂളുകൾക്ക് എയ്ഡഡ് പദവി നൽകൽ -അഴിമതിക്ക് കളമൊരുക്കും: കെആർടിഎ

തിരുവനന്തപുരം: സ്പെഷ്യൽ സ്കൂളുകൾക്ക് എയ്ഡഡ് പദവി നൽകുമെന്ന സംസ്ഥാന ബജറ്റിലെ പ്രഖ്യാപനം പൊതുവിദ്യാഭ്യാസ മേഖലയോടുള്ള വെല്ലുവിളിയാണെന്ന് കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷൻ (കെആർടിഎ). പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളെ പൊതുവിദ്യാലയത്തിൽ പഠിപ്പിക്കുന്ന, ഉൾച്ചേർന്ന വിദ്യാഭ്യാസം എന്ന സംവിധാനത്തെ തകർക്കുന്നതാണ് പ്രഖ്യാപനം.
പൊതുവിദ്യാലയങ്ങളിൽ സേവനവേതന വ്യവസ്ഥകളോടെ സ്പെഷ്യൽ എഡ്യൂക്കേറ്റർമാരെ സ്ഥിരമായി നിയമിക്കണമെന്നും പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് കൃത്യമായ സേവനം നൽകണമെന്നും സുപ്രീംകോടതി വിധിയുണ്ട്.
സ്പെഷ്യൽ സ്കൂളുകൾക്ക് എയ്ഡഡ് പദവി നൽകുന്നതിനു മുമ്പ് എല്ലാ പൊതുവിദ്യാലയങ്ങളിലും സ്പെഷ്യൽ എഡ്യൂക്കേറ്റർ തസ്തിക സൃഷ്ടിച്ച് സ്ഥിരമായി കുട്ടികൾക്ക് സേവനം ലഭിക്കത്തക്കവിധത്തിൽ നിയമന നടപടികൾ കൈക്കൊള്ളണം. പൊതുവിദ്യാലയങ്ങളിൽനിന്ന് പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികൾ എയ്ഡഡ് സ്പെഷ്യൽ സ്കൂളുകളിലേക്ക് മാറിയാല്‍, നിലവിലെ അധ്യാപക തസ്തികയെ ബാധിക്കും.
പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം കുറച്ച് സ്പെഷ്യൽ എഡ്യൂക്കേറ്റർമാരുടെ തസ്തിക ഒഴിവാക്കാനുള്ള നീക്കമാണിതെന്നും സംശയിക്കേണ്ടിയിരിക്കുന്നു. വിഷയത്തില്‍ ഭരണാനുകൂല അധ്യാപക സംഘടനയുടെ മൗനം സംശയകരമാണെന്നും കെആർടിഎ അറിയിച്ചു.









0 comments