print edition എയ്‌ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി അധ്യാപക നിയമനം ; ഉത്തരവ് എല്ലാ മാനേജ്‌മെന്റുകൾക്കും ബാധകമാക്കണമെന്ന് സർക്കാർ

റിതിൻ പൗലോസ്
Published on Jan 08, 2026, 12:17 AM | 1 min read
ന്യൂഡൽഹി
എയ്‌ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി അധ്യാപക നിയമനം സംബന്ധിച്ച് നായർ സർവീസ് സൊസൈറ്റി സമർപ്പിച്ച ഹർജിയിൽ നൽകിയ ഉത്തരവ് എല്ലാ മാനേജ്‌മെന്റുകൾക്കും ബാധകമാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ സുപ്രീംകോടതിയിൽ ഉടൻ അപേക്ഷ നൽകും. മൂന്നുശതമാനം ഭിന്നശേഷി തസ്‌തിക ഒഴിച്ചിട്ടശേഷം ബാക്കി തസ്‌തികകളിൽ നിയമനം നടത്താൻ 2025 മാർച്ചിൽ എൻഎസ്‌എസിന് നൽകിയ അനുമതിയാണ് എല്ലാ മാനേജ്‌മെന്റുകൾക്കും ബാധകമാക്കണമെന്ന് ആവശ്യപ്പെടുക. എൻഎസ്‌എസിന് മാത്രം ബാധകമായ വിധിയായതിനാൽ അപേക്ഷ നൽകണമെന്ന നിയമോപദേശത്തെ തുടർന്നാണ് പ്രത്യേകാനുമതി അപേക്ഷ നൽകാനുള്ള നടപടി. സമാന ആവശ്യം ഉന്നയിച്ച് മറ്റ് മാനേജ്‌മെന്റുകൾ സമർപ്പിച്ച ഹർജികളും അപേക്ഷയോടൊപ്പം തീർപ്പാക്കണമെന്ന് സർക്കാർ കോടതിയിൽ ആവശ്യപ്പെടും. ജസ്റ്റിസ് ജെ കെ മഹേശ്വരിയുടെ ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്.
ഇതുവരെ 1533 ഭിന്നശേഷി അധ്യാപകരെ നിയമിച്ചിട്ടുണ്ടെന്നും 1542 ഒഴിവുകൾ മാനേജ്‌മെന്റുകൾ ജില്ലാതല സെലക്ഷൻ സമിതികൾക്ക് റിപ്പോർട്ട് ചെയ്‌തതായും സർക്കാർ അപേക്ഷയിൽ ചൂണ്ടിക്കാട്ടും. ഇവരുടെ നിയമനനടപടി സമയബന്ധിതമായി ആരംഭിക്കും. കഴിഞ്ഞ വർഷം നവംബറിൽതന്നെ ഭിന്നശേഷി അധ്യാപക നിയമനം പൂർത്തിയാക്കാൻ സർക്കാർ ലക്ഷ്യമിട്ടിരുന്നതാണ്. മറ്റ് ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന മുറയ്‌ക്ക് പൂർണമായും ഭിന്നശേഷി നിയമനം നടത്തും.
സുപ്രീംകോടതിയും ഹൈക്കോടതിയും നൽകിയ ഉത്തരവുകൾ പൂർണമായും പാലിച്ചാണ് സർക്കാർ നടപടികൾ. ജനറൽ തസ്‌തികയിൽ 6230 ജീവനക്കാരെ പ്രൊവിഷണലായും, 17729 പേരെ ദിവസവേതനത്തിലും മാനേജ്‌മെന്റ് സ്ഥാപനങ്ങൾ നിയമിച്ചതും അപേക്ഷയിൽ ചൂണ്ടിക്കാട്ടും. ഇൗ തസ്‌തികകൾ സ്ഥിരപ്പെടുത്തണമെങ്കിൽ ആദ്യം ഭിന്നശേഷി അധ്യാപക നിയമനങ്ങൾ പൂർത്തിയാക്കണമെന്നാണ് കോടതി ഉത്തരവ്.










0 comments