എട്ടാംക്ലാസുകാരന്റെ നിർമിതബുദ്ധി വീഡിയോ അധ്യാപക പരിശീലനത്തിന്
ഇമദിന്റെ ‘വാക്ക്’ അധ്യാപകർ പരിശീലിക്കും

ഇമദ്
ബിജു കാർത്തിക്
Published on Aug 12, 2025, 02:25 PM | 1 min read
തളിപ്പറമ്പ്: ഗ്രേസിയുടെ ‘വാക്ക്’ കഥയെ കൂട്ടുപിടിച്ച് എട്ടാംക്ലാസുകാരനായ വി ഇമദ് നടന്നുകയറിയത് കേരളത്തിലെ സ്കൂളുകളിലേക്ക്. കണ്ണൂർ ചെറുകുന്ന് ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥിയായ ഇമദ് തയ്യാറാക്കിയ നിർമിതബുദ്ധി (എഐ) വീഡിയോ അധ്യാപക മൂല്യനിർണയ പരിശീലനത്തിനുള്ള സംസ്ഥാന മൊഡ്യൂളിൽ ഇടംപിടിച്ചു.
അധ്യാപിക ഷിബിനയാണ് എട്ടാംതരം കേരള പാഠാവലിയിൽ പഠിക്കാനുള്ള ‘വാക്ക്’ കഥ വായിച്ച് വീഡിയോ തയ്യാറാക്കാൻ വിദ്യാർഥികളോട് ആവശ്യപ്പെട്ടത്. ലിറ്റിൽ കൈറ്റ് അംഗമായ ഇമദ് ചാറ്റ് ജിപിടിയുടെ സഹായത്തോടെ തിരക്കഥ തയ്യാറാക്കി. വിദേശത്ത് ഐടി മേഖലയിൽ ജോലിചെയ്യുന്ന ഉപ്പ ഫൈസൽ നിർദേശിച്ച എഐ ടൂളുകളുടെ സഹായത്തോടെ വീഡിയോ തയ്യാറാക്കി. അവയിൽ മികച്ച ഒന്ന് അധ്യാപികയ്‌ക്ക് അയച്ചുകൊടുത്തു. ഷിബിന വഴി മലയാളം അധ്യാപിക കെ വി ജയശ്രീയാണ് മലയാളം അധ്യാപക കൂട്ടായ്മയിലേക്ക് വീഡിയോ കൈമാറിയത്. ഇത് എസ്ആർജിമാരുടെ ശ്രദ്ധയിൽപ്പെട്ടതോടെ വീഡിയോ മൊഡ്യൂളിൽ ഉൾപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു.
തിങ്കളാഴ്ച സംസ്ഥാനത്തുടനീളം നടന്ന ജില്ലാ ഡിആർജി പരിശീലനത്തിൽ വീഡിയോ പ്രദർശിപ്പിച്ചു. ചൊവ്വ, ബുധൻ ദിവസങ്ങളിൽ നടക്കുന്ന ഓൺലൈൻ അധ്യാപക പരിശീലനത്തിലും വീഡിയോ പ്രദർശിപ്പിക്കും.
എല്ലാവരും അഭിപ്രായം പറഞ്ഞപ്പോൾ സന്തോഷം തോന്നിയെന്ന് മൊട്ടമ്മൽ പുഞ്ചവയൽ സ്വദേശിയായ ഇമദ് പറഞ്ഞു. സാബിറയാണ് ഇമദിന്റെ ഉമ്മ. വിദ്യാർഥികളായ നഷ്വ, നെഹ്ല എന്നിവർ സഹോദരങ്ങൾ.









0 comments