സതീശന്റെ നൃത്തവീഡിയോ; സർക്കാർ ഇടപെടലിൽ മെറ്റ നീക്കി

കെ എ നിധിൻ നാഥ്
Published on Sep 15, 2026, 12:42 AM | 1 min read
തൃശൂർ: വൈദ്യുതി പ്രതിസന്ധിയെ വിമർശിക്കുന്ന എഐ വീഡിയോ സംസ്ഥാന സർക്കാർ ഇടപെടലിനെത്തുടർന്ന് മെറ്റ സമൂഹമാധ്യമങ്ങളിൽനിന്ന് നീക്കി. കെഎസ്‌ഇബി ജീവനക്കാർക്കൊപ്പം മുഖ്യമന്ത്രി വി ഡി സതീശൻ നൃത്തംചെയ്യുന്ന എഐ വീഡിയോ ഞായറാഴ്‌ച രാത്രിയാണ് ഇന്ത്യയിൽ നീക്കംചെയ്‌തത്.
‘എഐ കവല’ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ വെള്ളിയാഴ്‌ചയാണ് വീഡിയോ പോസ്റ്റ് ചെയ്‌തത്. ഇന്ത്യയിൽ 1.79 കോടി പേർ കണ്ടു. 26 ലക്ഷംപേർ പങ്കുവച്ചു. ‘നിങ്ങളുടെ പോസ്റ്റ് ഇന്ത്യയിൽ ലഭിക്കില്ല. അത് സർക്കാർ നിർദേശപ്രകാരം ഇന്ത്യൻ ഐടി നിയമങ്ങൾക്ക് വിരുദ്ധമാണ് ’എന്ന് ചൂണ്ടിക്കാട്ടിയാണ് മെറ്റയുടെ നടപടി. മറ്റു രാജ്യങ്ങളിൽ വീഡിയോ കാണാനാകും.
തൃശൂർ സ്വദേശി കെ എസ് അഭിജിത്ത് ദുബായിലെ സുഹൃത്ത് അഖിൽ നെല്ലിക്കലുമൊത്താണ് എഐ വീഡിയോ നിർമിച്ചത്. ലോഡ്‌ഷെഡിങ് സാമൂഹ്യവിഷയമായതിനാലാണ് എഐ വീഡിയോ ചെയ്‌തതെന്ന് അഭിജിത്ത് പറഞ്ഞു. ആറുമണിക്കൂറെടുത്താണ് വീഡിയോ തയ്യാറാക്കിയത്. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‌തതിന് പിന്നാലെ വലിയ പിന്തുണയാണ് ലഭിച്ചത്. വീഡിയോ നീക്കിയതിനെതിരെ മെറ്റയ്‌ക്ക് അപ്പീൽ നൽകിയിട്ടുണ്ടെന്നും അഭിജിത്ത് പറഞ്ഞു.









0 comments