കൃഷിയെ ആശ്രയിക്കുന്നവരിൽ വർധന; സർക്കാർ പദ്ധതി ലക്ഷ്യത്തിലേക്ക്

Photo: ശരത് കല്‍പാത്തി
എം ജഷീന
Published on Jul 26, 2025, 04:07 PM | 1 min read
കോഴിക്കോട്: കാർഷികമേഖലയിലെ സർക്കാർ ഇടപെടലിന്റെ ഫലമായി വരുമാനം കൂടിയതോടെ ഗ്രാമീണമേഖലയിൽ കൃഷിയെ ആശ്രയിക്കുന്ന കുടുംബങ്ങളുടെ എണ്ണം കൂടി. സാമ്പത്തിക സ്ഥിതി വിവരണ കണക്ക് വകുപ്പ്, കാർഷിക വികസന കർഷകക്ഷേമ വകുപ്പുമായി ചേർന്ന് നടത്തിയ ‘സിറ്റുവേഷൻ അസസ്‌മെന്റ് സർവേ ഓഫ് അഗ്രികൾച്ചറൽ ഹൗസ്‌ഹോൾഡ് ഇൻ കേരള 2024–-25’ സർവേയിലാണ് കണ്ടെത്തൽ.
വിള ഉൽപ്പാദനം, തോട്ടം, മൃഗസംരക്ഷണം, മീൻപിടിത്തം, പാലുൽപ്പാദനം തുടങ്ങിയ മേഖലകളിലായി 2019 ൽ 14.67 ലക്ഷം കുടുംബങ്ങളാണ് കാർഷിക മേഖലയെ ആശ്രയിച്ചിരുന്നത്. 2024–-25 വർഷം ഇത് 19.47 ലക്ഷമായി ഉയർന്നു. 32.72 ശതമാനമാണ് വർധന. കൃഷിയോടുള്ള താൽപ്പര്യം കൂടിവരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സ്വന്തം ആവശ്യത്തിന് കൃഷി ചെയ്യാൻ പ്രോത്സാഹനം നൽകുന്ന സർക്കാരിന്റെ പദ്ധതികൾ മാറ്റത്തിന് പിന്നിലെ പ്രധാന കാരണമായി റിപ്പോർട്ടിൽ വിലയിരുത്തുന്നു. 2026 ഓടെ കർഷകരുടെ വരുമാനത്തിൽ 50 ശതമാനം വർധന ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതികളുടെയും ഇടപെടലുകളുടെയും ഫലം വിലയിരുത്താനാണ് സർവേ നടത്തിയത്. അതേസമയം കാർഷികേതര മേഖലയെ ആശ്രയിക്കുന്ന കുടുംബങ്ങളുടെ എണ്ണം 29.57 ലക്ഷത്തിൽനിന്ന് 26.75 ആയി കുറഞ്ഞു.
കൃഷിയിൽനിന്നുള്ള മാസ ശരാശരി വരുമാനം 28,984 രൂപയാണ്. 2019ൽ ഇത് 17,915 രൂപയായിരുന്നു. കൂലി ഇനത്തിൽ 72.5 ഉം വിളകളിൽനിന്നുള്ള വരുമാനത്തിൽ 83.01 ഉം മൃഗസംരക്ഷണം രംഗത്ത് 72. 48 ഉം ശതമാനം വർധനയുണ്ടായി. 2026 ആവുമ്പോഴേക്കും മാസവരുമാനം 33,411 രൂപയാവുമെന്നാണ് നിഗമനം. 152 പഞ്ചായത്തുകളിലാണ് സർവേ നടത്തിയത്.








0 comments