ad
Deshabhimani

ഇതെന്തൊരു പാര! കെ ഫോണും മുടക്കാൻ ശ്രമിച്ച് പ്രേമചന്ദ്രൻ

K Fon N K Premachandran
വെബ് ഡെസ്ക്

Published on Feb 19, 2026, 01:44 PM | 2 min read

തിരുവനന്തപുരം: ക്ഷേമപെൻഷൻ വിതരണം തടയാൻ കുത്തിത്തിരിപ്പ് ഉണ്ടാക്കി പരാജയപ്പെട്ടതിന് പിന്നാലെ കേരളത്തിന്റെ അഭിമാന പദ്ധതിയായ കെ ഫോണിനെതിരെയും പാരപണിയാൻ കൊല്ലം എംപി എൻ കെ പ്രേമചന്ദ്രന്റെ ശ്രമം. കെ ഫോൺ കണക്ഷനുകളുടെ ലൈസൻസും ​ഗുണനിലവാരവും സംബന്ധിച്ച് തെറ്റിധരിപ്പിക്കുന്ന ചോദ്യങ്ങൾ ലോക്സഭയിൽ പ്രേമചന്ദ്രൻ ഉന്നയിക്കുകയായിരുന്നു. കെ ഫോൺ പദ്ധതി നിർത്തലാക്കുക എന്ന ലക്ഷ്യത്തോടെ ഫെബ്രുവരി 11ന് ഏഴ് ചോദ്യങ്ങളാണ് പ്രേമന്ദ്രൻ ഉന്നയിച്ചത്.


കേന്ദ്ര സർക്കാർ കേരള സർക്കാരിന് കെ ഫോണിന് ലൈസൻസ് നൽകിയിട്ടുണ്ടോ? പദ്ധതി ഷെഡ്യൂൾ പ്രകാരമാണോ നടപ്പിലാക്കിയിരിക്കുന്നത്? കെഫോണിന്റെ പുരോഗതി കേന്ദ്രം വിലയിരുത്തുന്നുണ്ടോ? പദ്ധതിയുടെ സാമ്പത്തികസാധ്യതയും വാണിജ്യപരവും സാങ്കേതികവുമായ സാധ്യതയും പരിശോധിച്ചിട്ടുണ്ടോ? കെ ഫോണിന്റെ ഗുണനിലവാരവും അളവും വിലയിരുത്തിയിട്ടുണ്ടോ? തുടങ്ങിയവയായിരുന്നു പ്രേമചന്ദ്രന്റെ ചോദ്യങ്ങൾ.


എന്നാൽ, എല്ലാ ​ഗുണനിലവാര സൂചികകളും ഉറപ്പുവരുത്തിയും ആവശ്യമായ ലൈസൻസുകൾ നേടിയുമാണ് കെ ഫോൺ പ്രവർത്തിക്കുന്നതെന്ന് കേന്ദ്രസർക്കാർ മറുപടി നൽകി. ലൈസൻസിന് അപേക്ഷിക്കുമ്പോൾ, ഏകീകൃത ലൈസൻസ് മാർ​ഗനിർദേശങ്ങൾ പ്രകാരം ഏറ്റവും കുറഞ്ഞ ഇക്വിറ്റിയും കുറഞ്ഞ നെറ്റ് വർത്ത് ആവശ്യകതകളും അപേക്ഷകർ പാലിക്കേണ്ടതുണ്ട്. ലൈസൻസ് നൽകുന്നതിനുള്ള അപേക്ഷ സമർപ്പിക്കുന്ന സമയത്ത് കെ ഫോൺ ഈ യോഗ്യതാ വ്യവസ്ഥകൾ കൃത്യമായി പാലിച്ചിരുന്നു. കെ ഫോൺ ഉൾപ്പെടെയുള്ള എല്ലാ ഐഎസ്പികളുടെയും സാങ്കേതിക പരിശോധന ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന്റെ മാർ​ഗനിർദേശങ്ങൾക്കനുസൃതമായി ഇടയ്ക്കിടെ നടത്താറുണ്ടെന്നും കേന്ദ്രസർക്കാർ അറിയിച്ചു. 2026 ജനുവരി 31 വരെ, കേരളത്തിൽ ആകെ 99,970 ഇന്റർനെറ്റ് കണക്ഷനുകൾ കെ ഫോൺ വഴി നൽകിയിട്ടുണ്ടെന്നും മറുപടിയിൽ വ്യക്തമാക്കി.


സർക്കാർ ഉടമസ്ഥതയിലുള്ള രാജ്യത്തെ ആദ്യ ബ്രോഡ്ബാൻഡ് കണക്‌ഷൻ എന്ന നേട്ടത്തോടെ, മികച്ച സേവനം കുറഞ്ഞനിരക്കിൽ ലഭ്യമാക്കുന്ന പദ്ധതിയാണ് കെ ഫോൺ. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് സൗജന്യമാണ് ഇന്റർനെറ്റ് സേവനം നൽകുന്നത്. ഇന്റർനെറ്റ് മൗലികാവകാശമായി പ്രഖ്യാപിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനമായ കേരളത്തിൽ എല്ലാവർക്കും ഇന്റർനെറ്റ് ലഭ്യമാക്കണമെന്ന ലക്ഷ്യം പൂർത്തീകരിക്കാനാണ് എൽഡിഎഫ് സർക്കാർ കെ ഫോൺ പദ്ധതി ആരംഭിച്ചത്.


മികച്ച സേവനം നൽകി കെ ഫോൺ പദ്ധതി മുന്നേറുമ്പോഴാണ് മുടക്കാനായി കൊല്ലം എംപി ശ്രമിച്ചത്. കഴിഞ്ഞദിവസം സംസ്ഥാനത്തെ ക്ഷേമപെൻഷൻ വിതരണം തടസ്സപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ, സഹകരണമേഖലയിൽ ഇടപെടാൻ കേന്ദ്രത്തെ നിർബന്ധിക്കുന്ന ചോദ്യവും പ്രേമചന്ദ്രൻ ലോക്‌സഭയിൽ ഉന്നയിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home