print edition അടൂർ പ്രകാശിന് കൂടുതൽ പിന്തുണ

തിരുവനന്തപുരം : മുഖ്യമന്ത്രി വി ഡി സതീശന്റെ ഏകാധിപത്യ നിലപാടിനെതിരെ എഐസിസിക്ക് പരാതി നൽകിയ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന് പിന്തുണയുമായി കൂടുതൽ നേതാക്കൾ. കെ സുധാകരൻ മാധ്യമങ്ങളിലൂടെ പിന്തുണ അറിയിച്ചെങ്കിൽ മറ്റ് മുതിർന്ന നേതാക്കൾ നേരിട്ട് ഐക്യദാർഢ്യം അറിയിച്ചതായാണ് വിവരം.
ഡൽഹിയിൽ രാഹുൽ ഗാന്ധിയെ കണ്ട് ഒത്തുതീർപ്പിന് ശ്രമം നടത്തുമെന്നാണ് വി ഡി സതീശനുമായി ബന്ധപ്പെട്ടവർ പറയുന്നത്. മുന്നണി കൺവീനറെന്ന നിലയിൽ താൻകൂടി അറിയാതെ സർക്കാരിന്റെ സുപ്രധാന തീരുമാനങ്ങൾ പ്രഖ്യാപിക്കരുത് എന്ന ഉറച്ച നിലപാടിലാണ് അടൂർ പ്രകാശ്.
കെ സി വേണുഗോപാലടക്കം ആരുടെയും പ്രേരണയിലല്ല വാർത്താസമ്മേളനം നടത്തിയതെന്നും അനുഭവങ്ങളുടെ വെളിച്ചത്തിൽ പറഞ്ഞതാണെന്നും അടൂർ പ്രകാശ് ആവർത്തിച്ചു. രാഹുൽ ഗാന്ധിക്കള പരാതി നൽകാൻ നീക്കമുണ്ടായെങ്കിലും സാധിച്ചില്ല. ഇക്കാര്യത്തിൽ ഹൈക്കമാൻഡ് തീരുമാനം ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
ബോർഡ്, കോർപറേഷൻ നിയമനങ്ങൾ ഉൾപ്പെടെയുള്ളവയിൽ കൂടിയാലോചനയില്ലാതെയാണ് സതീശൻ തീരുമാനമെടുത്തത്. മുസ്ലിംലീഗുമായി മാത്രം ആലോചിച്ച് കാര്യങ്ങൾ നടത്തുന്നത് യുഡിഎഫ് സംവിധാനത്തെ തകർക്കുന്നതാണ്. കോൺഗ്രസ് എംഎൽഎമാരിൽ ഭൂരിപക്ഷമില്ലാത്ത സതീശൻ, അവർ നാളെ എതിർത്താലും ലീഗിന്റെ പിന്തുണ ഉറപ്പിക്കുക എന്നതിലാണ് ഉൗന്നുന്നത്.
കെ സി വേണുഗോപാലിന്റെയും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെയും നിലപാടുകളെയും സംശയത്തോടെയാണ് മുഖ്യമന്ത്രിയും ലീഗും കാണുന്നത്. കെപിസിസി ആസ്ഥാനത്ത് വാർത്താസമ്മേളനം വിളിച്ചാണ് യുഡിഎഫ് കൺവീനർ മുഖ്യമന്ത്രിക്കെതിരെ പ്രതികരിച്ചത്. നേതാക്കൾ പരോക്ഷമായി പിന്തുണയ്ക്കുകയാണ് ചെയ്തത്. എഐസിസി നേതൃത്വത്തോട് കാര്യങ്ങൾ വിശദീകരിക്കാൻ ലീഗ് നേതാക്കളും അവസരം നോക്കുന്നുണ്ട്.









0 comments