print edition സതീശനെ ലക്ഷ്യമിട്ട് വീണ്ടും അടൂർ പ്രകാശ്: ‘പുകച്ചുപുറത്തുചാടിക്കാൻ ശ്രമം’

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റായിരുന്ന കെ സുധാകരനെ പുകച്ചുപുറത്തുചാടിച്ചതുപോലെ യുഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് തന്നെ പുറത്താക്കാൻ നീക്കം നടക്കുന്നതായ അടൂർ പ്രകാശിന്റെ വിമർശവും മുഖ്യമന്ത്രി വി ഡി സതീശനെ ലക്ഷ്യമിട്ട്. നേരത്തെ കെപിസിസി ആസ്ഥാനത്ത് വാർത്താസമ്മേളനം നടത്തി സതീശനെതിരെ അടൂർ പ്രകാശ് പൊട്ടിത്തെറിച്ചിരുന്നു. മുഖ്യമന്ത്രി ശൈലി മാറ്റണമെന്നുള്ള യുഡിഎഫ് കൺവീനറുടെ ആവശ്യം നേതൃത്വത്തെയും ഞെട്ടിച്ചിരുന്നു. അതിന്റെ തുടർച്ചയായാണ് സ്വകാര്യചാനലിനുനൽകിയ അഭിമുഖത്തിലെ തുറന്നുപറച്ചിൽ.
‘കെപിസിസി പ്രസിഡന്റായിരുന്ന കെ സുധാകരനെ ഒറ്റപ്പെടുത്തി ആ പദവിയിൽനിന്ന് പുകച്ചുപുറത്താക്കുകയായിരുന്നു. തനിക്കെതിരെയും അത്തരം നീക്കം നടക്കുന്നതായി വേണം കരുതാൻ’– അടൂർ പ്രകാശ് പറഞ്ഞു. അന്ന് തുറന്നുപറഞ്ഞതിന് തന്നെ മോശക്കാരനായി ചിത്രീകരിക്കാൻ ശ്രമമുണ്ട്. കൺവീനറുടെ കസേരയിലിരുന്ന് അത്തരമൊരു അനുഭവമുണ്ടാകുമ്പോൾ പ്രതികരിക്കുന്ന സ്വഭാവമുള്ളവർ പ്രതികരിച്ചുപോകും. എഐസിസിക്ക് പരാതി കൊടുത്തിട്ടുണ്ടെന്നും സർക്കാരിന്റെ സുപ്രധാന തീരുമാനങ്ങൾ താൻ അറിയാറില്ലെന്നും അദ്ദേഹം ആവർത്തിച്ചു. പാർടിയോടും മുന്നണിയോടും ആലോചിക്കാതെയാണ് മുഖ്യമന്ത്രി വി ഡി സതീശൻ നയപരമായ തീരുമാനമെടുക്കുന്നതെന്ന അപസ്വരം പാർടിക്കുള്ളിലുണ്ട്. കാബിനറ്റ് റാങ്കിലേക്കുള്ളവരെ നിശ്ചയിച്ചതും മാധ്യമങ്ങളിലൂടെ അറിയേണ്ടിവന്നപ്പോഴാണ് മുന്നണി കൺവീനർ പരസ്യമായി രംഗത്തുവന്നത്. സതീശൻവിരുദ്ധരുടെ മാത്രമല്ല, എഐസിസി നേതൃത്വത്തിന്റെയും സംസ്ഥാന നേതൃത്വത്തിലെ വലിയവിഭാഗത്തിന്റെയും പിന്തുണയും അടൂർ പ്രകാശിനുണ്ട്.









0 comments