ad
Deshabhimani

സമ്മർദ്ദ തന്ത്രവുമായി അടൂർ പ്രകാശ്, പോസ്റ്റ് ഇട്ട് പിൻവലിച്ചു; കോൺഗ്രസിൽ കലാപം കടുക്കുന്നു

Adoor Prakash.jpg
വെബ് ഡെസ്ക്

Published on Mar 19, 2026, 01:43 PM | 1 min read

പത്തനംതിട്ട: നിയമസഭാ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി കോൺഗ്രസിനുള്ളിലെ തർക്കം തെരുവിലേക്കും സോഷ്യൽ മീഡിയയിലേക്കും പടരുന്നു. കോന്നി സീറ്റിനായി അവകാശവാദമുന്നയിച്ച് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് നടത്തിയ ഫേസ്ബുക്ക് പോസ്റ്റും നിമിഷങ്ങൾക്കകം അത് പിൻവലിച്ചതും പാർട്ടി നേതൃത്വത്തെ വെട്ടിലാക്കി.


കോന്നിയിൽ താൻ മത്സരിക്കാത്തതിൽ ജനങ്ങൾക്ക് നിരാശയുണ്ടെന്ന തരത്തിലായിരുന്നു പോസ്റ്റ്. ഇത് നേതൃത്വത്തെ സമ്മർദ്ദത്തിലാക്കി സീറ്റ് ഉറപ്പിക്കാനുള്ള തന്ത്രമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. എംപിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാൻഡ് നിർദ്ദേശം കെ സുധാകരന് വേണ്ടി അയവ് വ്രുത്തുകയായിരുന്നു.


ഇതിനിടെയാണ് ആറ്റിങ്ങൽ എംപിയായ അടൂർ പ്രകാശ് കോന്നിക്കായി ചരടുവലി നടത്തുന്നത്. കോന്നി മണ്ഡലം തന്റെ ജീവിതത്തിന്റെ ഭാഗമാണെന്നും സ്വന്തം കുടുംബം പോലെയാണെന്നും പോസ്റ്റിൽ അടൂർ പ്രകാശ് കുറിച്ചിരുന്നു. എന്നാൽ പോസ്റ്റ് ചർച്ചയായതോടെ നേതൃത്വത്തിന്റെ കണ്ണുരുട്ടലിനെത്തുടർന്ന് ഇത് മുക്കുകയായിരുന്നു.


കോന്നിയിൽ താൻ വേണമെന്ന വികാരം അണികൾക്കിടയിലുണ്ടെന്ന് വരുത്തിത്തീർത്ത് സീറ്റ് പിടിച്ചെടുക്കാനാണ് അടൂർ പ്രകാശിന്റെ നീക്കം. കെ സുധാകരന് വേണ്ടി മാനദണ്ഡങ്ങളിൽ ഇളവ് നൽകിയതോടെ മറ്റ് എംപിമാരും സമാനമായ ആവശ്യവുമായി രംഗത്തെത്തിയത് വിഡി സതീശനും സണ്ണി ജോസഫിനും വലിയ തലവേദനയായിട്ടുണ്ട്.


എന്നാൽ ഇതെല്ലാം ഹൈക്കമാൻഡിന്റെ തീരുമാനം ആണെന്നും ഇതിൽ സംസ്ഥാന നേതാക്കൾക്ക് യാതൊരു റോളുമില്ലെന്നും പറഞ്ഞ് വി ഡി സതീശൻ കൈകഴുകി. അടൂർ പ്രകാശ് പിന്മാറിയാൽ മണ്ഡലത്തിൽ തിരിച്ചടിയുണ്ടാകുമെന്ന് ഒരു വിഭാഗം വാദിക്കുമ്പോൾ, എംപിമാർ മാറണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് മറ്റൊരു വിഭാഗം.


പാർട്ടി പറയുന്നിടത്ത് പ്രവർത്തിക്കുമെന്നും കോന്നിയിൽ പാർട്ടി തീരുമാനിക്കുന്ന സ്ഥാനാർത്ഥിയെ വിജയിപ്പിക്കുമെന്നും പോസ്റ്റിൽ പറയുന്നുണ്ടെങ്കിലും, പോസ്റ്റ് പിൻവലിച്ചത് അടൂർ പ്രകാശിന്റെ നിരാശയും അതൃപ്തിയും വ്യക്തമാക്കുന്നതാണ്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home