കലാപരിപാടികൾക്ക് പ്രവേശനം സൗജന്യ പാസിലൂടെ

തിരുവനന്തപുരം: സഹകരണ എക്‌സ്‌പോയുടെ ഭാഗമായി 30 വരെ നിശാഗന്ധിയിൽ നടക്കുന്ന സാംസ്കാരിക കലാപരിപാടികളിലേക്കുള്ള പ്രവേശനം ഞായർമുതൽ സൗജന്യ പാസ് മുഖേന. പാസ് സഹകരണ എക്സ്പോ നടക്കുന്ന കനകക്കുന്ന് ഗ്രൗണ്ടിലെ വിവിധ സഹകരണ സംഘങ്ങളുടെ സ്റ്റാളുകളിൽനിന്ന് ലഭിക്കും.
സൗജന്യ പാസ് ലഭിക്കുന്ന സ്റ്റാളുകൾ
സഹകരണ വകുപ്പിന്റെ പവലിയൻ, ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സംഘം, വനിതാ ഫെഡ്, ആർട്ട് കോ ലിമിറ്റഡ്, കേരള ബാങ്ക് പവലിയൻ, വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡിയർ സഹകരണ സംഘം, റബ്‌കോ ലിമിറ്റഡ്.
കൈനിറയെ കാശ്; യുവാക്കൾ ഹാപ്പി
തിരുവനന്തപുരം: യുവാക്കളെ സഹകരണ മേഖലയിലേക്ക് ആകർഷിക്കാൻ യുവ സഹകരണ സംഘങ്ങൾക്ക് സംസ്ഥാന സർക്കാർ തുടക്കമിട്ടപ്പോഴാണ് 2022ൽ നെന്മാറ ബ്ലോക്ക് യുവസഹകരണ സംഘത്തിന്റെയും പിറവി. കൃഷിയെ നെഞ്ചോടു ചേർക്കുന്ന ജില്ലയിൽ കാർഷികമേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ താൽപ്പര്യമുള്ള നിരവധി യുവാക്കൾ ഉണ്ടായിരുന്നു. എല്ലാവരെയുംകൂട്ടി വിവിധ സംരംഭങ്ങളുമായി ഒമ്പതു പേരടങ്ങുന്ന ഭരണസമിതി ചുമതല ഏറ്റെടുത്തു.
നിരവധി യുവാക്കൾക്ക് വരുമാനം നേടിക്കൊടുക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ് തങ്ങളുടെ ഉൽപ്പന്നങ്ങളുമായി സംഘം സെക്രട്ടറി എസ് സുബീഷും പ്രസിഡന്റ് എം സുനിൽ കുമാറും എക്സ്പോയിലെത്തിയത്. വിത്തുകൾ, പച്ചക്കറി തൈകൾ, അലങ്കാര പുഷ്പങ്ങൾ, ഫലവൃക്ഷത്തൈകൾ എന്നിവ ഉൽപ്പാദിപ്പിച്ച് വിതരണം ചെയ്യുന്നതാണ് സംരംഭം.
നെന്മാറയിൽ മൂന്ന് ഏക്കറിൽ നെൽക്കൃഷിയുമുണ്ട്. ഓണംപോലുള്ള സീസണുകളിൽ ചെണ്ടുമല്ലി കൃഷിയും ചെയ്യുന്നു. കഴിഞ്ഞ ഓണക്കാലത്ത് ഒന്നര ഏക്കറിൽനിന്ന് മികച്ച ലാഭം കിട്ടി. ആറുമാസംകൊണ്ട് വിളവുതരുന്ന ചെടി മുരിങ്ങ, പാഷൻ ഫ്രൂട്ട് വയലറ്റ് എന്നിവ വിൽപ്പനയിൽ ട്രെൻഡ് ആണ്. ചെറുനാരകം, കുറ്റി കുരുമുളക്, സപ്പോട്ട, ചാമ്പക്ക, തായ്‌ലൻഡ് ചാമ്പ, റമ്പൂട്ടാൻ, കിലോ പേരാ എന്നിവയുടെ തൈകൾ വിതരണത്തിനുണ്ട്. നാടൻ പച്ചമുളക്, നിലവെണ്ട, നീളം പടവലം, വെള്ളപ്പയർ, വള്ളി ബീൻസ്, കുറ്റി ബീൻസ്, ചുവപ്പ് വെണ്ട, ബേബി പടവലം, നാടൻ വയലറ്റ് കാന്താരി, വെള്ള കാന്താരി, പച്ച കാന്താരി, ഉണ്ട വഴുതന എന്നീ പച്ചക്കറികളുടെ തൈകൾ ഇവിടെ ലഭിക്കും. വെള്ള, വയലറ്റ്, മഞ്ഞ നിറങ്ങളിലുള്ള ഗ്ലാഡിയോല, വെള്ള, മഞ്ഞ, ചുവപ്പ് നിറങ്ങളിലുള്ള സൂര്യകാന്തി വിത്തുകളുമുണ്ട്.








0 comments