കേരളത്തിന്റെ പ്രതിപക്ഷ നേതാവ് വി ഡി സതീശനോ വി ഡി സവർക്കറോ: ആദർശ് എം സജി

തിരുവനന്തപുരം: കേരളത്തിലെ പ്രതിപക്ഷ നേതാവ് വി ഡി സതീശനാണോ അതോ വി ഡി സവർക്കർ ആണോ എന്ന് പരിശോധിക്കണമെന്ന് എസ്‌എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം സജി. ഗവർണറെ ഉപയോഗിച്ച് സർവകലാശാലകളെ കാവിവൽക്കരിക്കാൻ ആർഎസ്‌എസ് നടത്തുന്ന ശ്രമങ്ങളെ എതിർത്തുകൊണ്ട് എസ്‌എഫ്‌ഐ നടത്തിയ രാജ്‌ഭവൻ മാർച്ചിനെ അഭിവാദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു ആദർശ്. എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദിന്റെ നേതൃത്വത്തിൽ നടത്തിയ മാർച്ച് പൊലീസ് ബാരിക്കേഡും ജലപീരങ്കിയും ഉപയോഗിച്ച് തടഞ്ഞു.
പ്രതിപക്ഷനേതാവ് വി ഡി സതീശന് ഫെയ്‌സ്‌ബുക്കിലിടാനുള്ള പോസ്റ്റ് തയ്യാറാക്കിക്കൊടുക്കുന്നത് രാജീവ് ചന്ദ്രശേഖരനാണോ എന്ന് സംശയിക്കണം. നാടോടിക്കാറ്റിൽ തിലകൻ പറയുന്ന സംഭാഷണമായ ‘ചേട്ടന്റെയും എന്റെയും ശബ്ദം ഒരുപോലെയിരിക്കുന്നു’ എന്നതിന് സമാനമാണ് ഇവർ രണ്ടുപേരുടെയും നിലപാടുകൾ. ആർഎസ്‌എസുകാരന്റെയും വി ഡി സതീശന്റെയും ശബ്ദം ഒരുപോലെ കേട്ടുകൊണ്ടിരിക്കുന്നു.
ആർലേക്കർ ഗോവയിൽ നിന്ന് വരുന്നതിന് മുൻപേ തന്നെ കാവി കോണകത്തിന് മുന്നിൽ മുട്ടുകുത്തി നിന്ന് ദീപം കത്തിച്ചയാളാണ് വി ഡി സതീശൻ. രാജീവ് ചന്ദ്രശേഖരനേക്കാൾ വലിയ ആർഎസ്‌എസുകാരനായി അദ്ദേഹം മാറിയെന്നതിൽ സംശയമൊന്നുമില്ല.– ആദർശ് എം സജി പറഞ്ഞു.
സർവകശാലകളെ കാവിവൽക്കരിക്കാൻ ഗവർണർ നടത്തുന്ന ശ്രമങ്ങളെ എതിർത്ത എസ്‌എഫ്‌ഐ നിലപാടിനെ വി ഡി സതീശൻ തള്ളിയിരുന്നു. ഇതിനെ തുടർന്നാണ് സതീശന്റെ ആർഎസ്‌എസ് ഭക്തി ആദർശ് തുറന്നുകാട്ടിയത്.









0 comments