print edition മലബാർ സിമന്റ്‌സിൽ കണ്ണുവച്ച് അദാനി

വേണു കെ ആലത്തൂർ
Published on Jun 06, 2026, 01:25 AM | 1 min read
പാലക്കാട്: സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ മലബാർ സിമന്റ്‌സ് കൈക്കലാക്കാനുള്ള നീക്കം കോർപറേറ്റ് ഭീമനായ അദാനി ഗ്രൂപ്പ് സജീവമാക്കിയതായി സൂചന. നഷ്ടത്തിലുള്ള പൊതുമേഖല സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കുമെന്ന ധവളപത്രത്തിലെ ശുപാർശയുടെ മറവിൽ, കമ്പനിയുടെ നഷ്‌ടം പെരുപ്പിച്ച് കാണിക്കുന്നത് ഇതിനുവേണ്ടിയാണെന്ന റിപ്പോർട്ടുകളുണ്ട്.
വോട്ടെണ്ണലിന് തൊട്ടുമുമ്പ് വി ഡി സതീശൻ ചാർട്ടേഡ് വിമാനത്തിൽ മംഗളൂരുവിലെത്തി അദാനി ഗ്രൂപ്പ് പ്രതിനിധികളെയും എൻഡിഎ നേതാക്കളെയും കണ്ടതിനുപിന്നിൽ കമ്പനി കൈമാറാനുള്ള നീക്കവുമുണ്ടെന്ന് കോൺഗ്രസിൽ ആരോപണമുയർന്നു. മലബാർ സിമന്റ്‌സിൽ നിന്ന് അധികദൂരത്തല്ലാത്ത തമിഴ്‌നാട് മധുക്കരയിലെ എസിസി സിമന്റ്‌സ് അടുത്തിടെയാണ് അദാനി വാങ്ങിയത്. മറ്റൊരു കന്പനിയായ അംബുജ സിമന്റ്‌സും സ്വന്തമാക്കി. ഇൗ രണ്ട് സ്ഥാപനങ്ങളിലും ഇഡി റെയ്‌ഡ് നടത്തിയശേഷമാണ് അദാനി കൈപ്പടിയിലൊതുക്കിയത്.
ഇന്ത്യയിലെ ഏറ്റവും ഗുണനിലവാരമുള്ള ചുണ്ണാമ്പുകല്ല് ശേഖരമാണ് മലബാർ സിമന്റ്‌സിലുള്ളത്. 242 ഹെക്‌ടറാണ് വ്യാപ്‌തി. മലബാർ സിമന്റ്‌സിന്റെ ഖനികളിലെ മണൽ, കരിങ്കല്ല് എന്നിവയ്‌ക്ക് 500കോടി രൂപ മാർക്കറ്റ് വിലയുണ്ട്. കമ്പനി ഡയറക്‌ടർമാരായ ഇ എൻ സുരേഷ്‌ബാബു, എസ് ബി രാജു എന്നിവരുടെ നേതൃത്വത്തിൽ ഇതുസംബന്ധിച്ച് പഠനം നടത്തി, ഇവ നിർമാണമേഖലയ്‌ക്കായി ഉപയോഗിക്കാൻ എൽഡിഎഫ് സർക്കാർ തീരുമാനിച്ചിരുന്നു.
യുഡിഎഫ് ഭരണകാലത്ത് 110 കോടിയായിരുന്ന കമ്പനിയുടെ നഷ്‌ടം 10 വർഷത്തെ എൽഡിഎഫ് ഭരണംകൊണ്ട് 23 കോടിയായി കുറച്ചു. എന്നാൽ, ധവളപത്രത്തിൽ നഷ്ടം 61.92 കോടിയായി പെരുപ്പിച്ചിരിക്കുന്നു. 10 വർഷംമുന്പ് സിമന്റ് ചാക്കൊന്നിന് 435 രൂപയുണ്ടായിരുന്നത് ഇപ്പോൾ 360ൽ താഴെയാണ്. നിർമാണസാമഗ്രികൾക്കും അസംസ്‌കൃത വസ്‌തുക്കൾക്കും വില കൂടിയിട്ടും സിമന്റിനുമാത്രം കൂട്ടിയില്ല. ഉൽപ്പാദനചെലവ് കൂടുന്നതിനുസരിച്ച് വില ഉയരാത്തത് ചെറുകിട സിമന്റ് കന്പനികളുടെ നിലനിൽപ്പിനെ ബാധിച്ചു. മലബാർ സിമന്റ്‌സിനെയും ഇത് ബാധിച്ചു. അതിനാൽ നഷ്ടം കുറയ്‌ക്കാനായില്ല. പ്രതിസന്ധി മുതലെടുത്ത് പല കന്പനികളും അദാനിയും ബിർളയും സ്വന്തമാക്കി. മലബാർ സിമന്റ്‌സും അദാനി വിഴുങ്ങിയാൽ സിമന്റ് വില തോന്നുംപടി വർധിപ്പിക്കുമെന്ന ആശങ്കയും ശക്തമാണ്.








0 comments