ad
Deshabhimani

print edition നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡും പെൻഡ്രൈവും സമർപ്പിക്കണം

kerala highcourt
avatar
സ്വന്തം ലേഖിക

Published on Jun 13, 2026, 12:00 AM | 1 min read

കൊച്ചി : നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ, ദൃശ്യങ്ങൾ പകർത്തിയ മെമ്മറി കാർഡും പെൻഡ്രൈവും മുദ്രവച്ച കവറിൽ ഹൈക്കോടതി രജിസ്‌ട്രിയിൽ സമർപ്പിക്കാൻ എറണാകുളം പ്രി‍ൻസിപ്പൽ സെഷൻസ് കോടതിയോട്‌ നിർദേശിച്ചു. മെമ്മറി കാർഡ് അനധികൃതമായി തുറന്നതിൽ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത നൽകിയ ഹർജി ഫയലിൽ സ്വീകരിച്ചാണ് ജസ്റ്റിസ് സി എസ് ഡയസിന്റെ ഉത്തരവ്. പ്രത്യേക അന്വേഷണം വേണമെന്നുള്ള അതിജീവിതയുടെ ആവശ്യം അംഗീകരിച്ച കോടതി, വിഷയത്തിൽ ഒരുമാസത്തിനുള്ളിൽ മറുപടി സമർപ്പിക്കാൻ സർക്കാരിനോട്‌ ആവശ്യപ്പെട്ടു.


തുടർ ഉത്തരവ് ഉണ്ടാകുംവരെ മെമ്മറി കാർഡും പെൻഡ്രൈവും രജിസ്ട്രാർ ജനറൽ സുരക്ഷിതമായി സൂക്ഷിക്കണം. കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡ് വിചാരണക്കോടതിയുടെ കസ്റ്റഡിയിലിരിക്കെ മൂന്നുപ്രാവശ്യം നിയമവിരുദ്ധമായി പരിശോധിച്ചെന്നാണ് അതിജീവിതയുടെ പരാതി. തുടർന്നാണ്‌ വിചാരണക്കോടതി ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടത്.


സൈബർ ഫോറൻസിക് വിദഗ്ധർ ഉൾപ്പെട്ട പ്രത്യേക സംഘത്തിന്റെ നേതൃത്വത്തിലുള്ള ശാസ്ത്രീയമായ പുനരന്വേഷണവും നടി ആവശ്യപ്പെട്ടു. അന്വേഷണ നടപടികളിൽനിന്ന് ബോധപൂർവം അകറ്റിയെന്നും മൊഴിപ്പകർപ്പുകൾ നൽകിയില്ലെന്നും ഹർജിയിൽ ആരോപിച്ചു. ഹർജി ജൂലെെ 13ന് വീണ്ടും പരിഗണിക്കും.


അങ്കമാലി മുൻ മജിസ്ട്രേട്ട്‌ ലീന റഷീദ്, ജില്ലാ കോടതിയിലെ ബെഞ്ച് ക്ലർക്ക് മഹേഷ് മോഹൻ, വിചാരണക്കോടതി ശിരസ്തദാർ താജുദീൻ എന്നിവർ മെമ്മറി കാർഡ് പരിശോധിച്ചെന്നായിരുന്നു എറണാകുളം ജില്ലാ സെഷൻസ് ജഡ്ജി സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിലുണ്ടായിരുന്നത്. മെമ്മറി കാർഡ്‌ പരിശോധിച്ചെന്ന ആരോപണം കോടതിയുടെ മേൽനോട്ടത്തിലും ഫോറൻസിക് പരിശോധനയിലും തെളിഞ്ഞു.


സ്വകാര്യത ലംഘിച്ചവർക്കെതിരെ നടപടിയുണ്ടായില്ലെന്നും കേസ് അട്ടിമറിക്കാൻ ശ്രമങ്ങളുണ്ടായെന്നും അതിജീവിത ഹർജിയിൽ വ്യക്തമാക്കി. കാർഡിലെ ദൃശ്യങ്ങൾ പകർത്തിയോ എന്നറിയില്ല. ദൃശ്യങ്ങൾ കണ്ട മൊബൈൽ ഫോണുകൾ നഷ്ടപ്പെട്ടെന്ന ജീവനക്കാരുടെ മൊഴികൾ അതേപടി അന്വേഷണസംഘം വിശ്വസിച്ചു. പെൻഡ്രൈവ് അഞ്ച് മാസത്തോളം ജില്ലാ കോടതി സീനിയർ ക്ലർക്കിന്റെ കൈവശമായിരുന്നു. ഹർജി പരിഗണിക്കുന്നതിൽനിന്ന് ജസ്റ്റിസുമാരായ ജോബിൻ സെബാസ്റ്റ്യൻ, കൗസർ എടപ്പഗത്ത് എന്നിവർ നേരത്തെ പിന്മാറിയിരുന്നു. തുടർന്നാണ് ജസ്റ്റിസ് സി എസ് ഡയസിന്റെ ബെഞ്ച്‌ പരിഗണിച്ചത്.


അതിജീവിതയ്‌ക്കുവേണ്ടി സുപ്രീംകോടതി അഭിഭാഷക വൃന്ദ ഗ്രോവർ, പ്രോസിക്യൂഷനുവേണ്ടി അഡ്വ. സി എസ് ഹൃദ്വിക് എന്നിവർ ഹാജരായി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home