ad
Deshabhimani

പ്രത്യേക വിചാരണക്കോടതി, 
പ്രോസിക്യൂട്ടർ, വനിതാജഡ്ജി 
എന്നീ കാര്യങ്ങളിലെല്ലാം അതിജീവിത ആവശ്യപ്പെട്ടപ്രകാരമാണ്‌ 
സർക്കാർ തീരുമാനമെടുത്തത്‌

print edition സർക്കാർ എന്നും 
അതിജീവിതയ്ക്കൊപ്പം

Actress Attack Case
വെബ് ഡെസ്ക്

Published on Dec 09, 2025, 04:10 AM | 2 min read


കൊച്ചി

നടിയെ ആക്രമിച്ച കേസിൽ അതിജീവിതയുടെ നിയമപോരാട്ടത്തിന്‌ തുടക്കംമുതൽ എൽഡിഎഫ്‌ സർക്കാർ നൽകിയത്‌ ഉറച്ച പിന്തുണ. 2017 ഫെബ്രുവരി 17ന്‌ ആക്രമണം നടന്നയുടനെ പൊലീസ്‌ വേഗത്തിൽ നടപടിയെടുത്തു. 2017 ഫെബ്രുവരി 18ന്‌ അതിരാവിലെ നടിയിൽനിന്ന്‌ വനിതാ പൊലീസ്‌ ഉദ്യോഗസ്ഥ മൊഴിയെടുത്തു. അന്നുതന്നെ എഡിജിപി ബി സന്ധ്യയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷകസംഘത്തെ നിയോഗിച്ചു. ഐജി ദിനേശ്‌ കശ്യപായിരുന്നു അന്വേഷക സംഘത്തലവൻ. ഒരാഴ്‌ചയ്‌ക്കുള്ളിൽ കേസിലെ ആദ്യ ആറ്‌ പ്രതികളെ അറസ്‌റ്റ്‌ ചെയ്‌തു. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡും കണ്ടെത്തി. എൻ എസ്‌ സുനില്‍ (പള്‍സര്‍ സുനി), മാര്‍ട്ടിന്‍ ആന്റണി, ബി മണികണ്ഠന്‍, വി പി വിജീഷ്, എച്ച് സലിം (വടിവാള്‍ സലിം), പ്രദീപ്, ചാര്‍ലി തോമസ് എന്നിവരെ പ്രതികളാക്കി ഏപ്രിൽ 18ന്‌ റിപ്പോർട്ടും നൽകി. തുടർന്ന്‌ അന്ന്‌ സിഐയായിരുന്ന ബൈജു പ‍ൗലോസിനെ അന്വേഷണ ഉദ്യോഗസ്ഥനാക്കി. നവംബർ 22ന്‌ സപ്ലിമെന്ററി ചാർജ്‌ ഷീറ്റ്‌ ഫ-യൽചെയ്‌തു.


ജൂലൈ 12ന്‌ അഡ്വ. എ സുരേശനെ കേസിന്റെ സ്‌പെഷ്യൽ പബ്ലിക്‌ പ്രോസിക്യൂട്ടറായി നിയമിച്ചു. അതിജീവിത 2018ൽ, വിചാരണയ്‌ക്ക്‌ വനിതാ ജഡ്‌ജിയെ നിയമിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഹൈക്കോടതിയെ സമീപിച്ചു. സർക്കാർ ഇ‍ൗ ഹർജിയെ പിന്തുണച്ചു. തുടർന്ന്‌ പ്രത്യേക വിചാരണക്കോടതിയെയും വനിതാ ജഡ്‌ജിയെയും 2019 ഫെബ്രുവരി 25ന്‌ അനുവദിച്ചു.


ഈ ഘട്ടത്തിലാണ്‌ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന പുതിയ കേസ്‌ വന്നത്‌. ഇ‍ൗ കേസിൽ ദിലീപിനെ ഒന്നാംപ്രതിയാക്കി കേസെടുത്തു. ഇ‍തിൽ ക്രൈംബ്രാഞ്ച്‌ അന്വേഷണം പൂർത്തിയായി. അതിജീവിത ആവശ്യപ്പെട്ടപ്രകാരമാണ്‌ പ്രത്യേക വിചാരണക്കോടതി, പ്രോസിക്യൂട്ടർ, വനിതാജഡ്ജി എന്നീ കാര്യങ്ങളിലെല്ലാം സർക്കാർ തീരുമാനമെടുത്തത്‌. അന്വേഷണത്തിൽ ഒരു വിട്ടുവീഴ്‌ചയുമുണ്ടാകില്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. കുറ്റക്കാരായ ഒരു പ്രമുഖനെയും സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രി അന്ന്‌ ഉറപ്പുനൽകി.


സർക്കാരിലും 
മുഖ്യമന്ത്രിയിലും 
പൂർണ വിശ്വാസം

മുഖ്യമന്ത്രി പിണറായി വിജയനിലും സംസ്ഥാന സർക്കാരിലും പൂർണ വിശ്വാസമാണെന്ന്‌ അതിജീവിത വ്യക്തമാക്കിയിരുന്നു. 2022ലാണ്‌ അതിജീവിത മുഖ്യമന്ത്രിയെ നേരിട്ടുകണ്ടത്‌. മുഖ്യമന്ത്രിയുടെ ഉറപ്പുള്ള വാക്കുകൾ സന്തോഷം പകരുന്നുവെന്നും അവർ അന്ന്‌ മാധ്യമങ്ങളോട്‌ പ്രതികരിച്ചു.


ദിലീപ്‌ ഒന്നാംപ്രതിയായ കേസിൽ കുറ്റപത്രം ഉടൻ

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ നടൻ ദിലീപിന്റെ നേതൃത്വത്തിൽ ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ട്‌ ക്രൈംബ്രാഞ്ച്‌ രജിസ്‌റ്റർചെയ്ത കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കും. കേസിൽ ഒന്നാം പ്രതിയാണ്‌ ദിലീപ്‌. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ, ദിലീപിന്റെ ആലുവയിലെ വീടായ ‘പത്മസരോവര'ത്തിൽവച്ച്‌ 2021 ഡിസംബർ 25ന്‌ ഗൂഡാലോചന നടന്നെന്ന്‌ വെളിപ്പെടുത്തിയത്‌ സംവിധായകൻ ബാലചന്ദ്രകുമാറാണ്‌. നടിയെ ആക്രമിച്ച കേസിൽ പുതിയ വഴിത്തിരിവായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ.


വെളിപ്പെടുത്തലിനെതുടർന്നുള്ള തുടരന്വേഷണത്തെ എതിർത്ത്‌ ദിലീപ് ഡിജിപിക്ക് പരാതി നൽകി. എന്നാൽ, 2022 ജനുവരി നാലിന്‌ തുടരന്വേഷണത്തിന് അനുമതി നൽകി. ജനുവരി ഒന്പതിന്‌ പുതിയ അന്വേഷക സംഘം രൂപീകരിച്ചു. ജനുവരി 12ന്‌ ജെഎഫ്എം കോടതി ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി രേഖപ്പെടുത്തി. ജനുവരി 19ന്‌ തുടരന്വേഷണത്തിന്റെ പുരോഗതിറിപ്പോർട്ട് കോടതിയിൽ ഹാജരാക്കി. ജനുവരി 23ന്‌ ദിലീപിനെ 33 മണിക്കൂർ ചോദ്യം ചെയ്തു. തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജിയെ സംസ്ഥാനം എതിർത്തു. കേസിൽ അന്വേഷണം തുടരാമെന്ന്‌ 2022 മാർച്ച് 17ന്‌ ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home