print edition ടിനി ടോമിനെതിരായ കേസ്; അൻസിബയുടെ മൊഴിയെടുക്കാതെ പൊലീസ്

കൊച്ചി: നടൻ ടിനി ടോമിനെതിരെ രജിസ്‌റ്റർചെയ്‌ത കേസിൽ നടി അൻസിബ ഹസന്റെ മൊഴി തിങ്കളാഴ്‌ചയും രേഖപ്പെടുത്തിയില്ല. കോടതി നിർദേശപ്രകാരം കേസെടുത്തിട്ടും അൻസിബയുടെ മൊഴിയെടുക്കാൻ കടവന്ത്ര പൊലീസ് തയ്യാറായിട്ടില്ല.
ശനി വൈകിട്ട് അൻസിബ കടവന്ത്ര പൊലീസ് സ്‌റ്റേഷനിൽ എത്തിയെങ്കിലും വനിതാ എസ്‌ഐ ഇല്ലാത്തതിനാൽ മടങ്ങിയിരുന്നു. രണ്ടുദിവസം കഴിഞ്ഞിട്ടും മൊഴിയെടുക്കാതെ പൊലീസ് മെല്ലെപ്പോക്ക് തുടരുകയാണ്.
അൻസിബയുടെ പരാതിയിൽ എറണാകുളം ജില്ലാ ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി(എട്ട്)യുടെ നിർദേശപ്രകാരമാണ് കടവന്ത്ര പൊലീസ് കേസെടുത്തത്. ടിനി ടോം സ്ത്രീത്വത്തെ അപമാനിച്ചെന്നും മതപരമായി അധിക്ഷേപിച്ചെന്നുമായിരുന്നു പരാതി.
അതേസമയം, അൻസിബയുടെ പരാതിയിൽ കേസെടുക്കാനുള്ള തൃപ്പൂണിത്തുറ മജിസ്‌ട്രേട്ട് കോടതി നിർദേശം പരിശോധിക്കുകയാണെന്ന് തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസ് പറഞ്ഞു. നടി ലക്ഷ്മിപ്രിയ, അവരുടെ ഭർത്താവ് ജയേഷ്, എസ്ഐ രേഷ്മ എന്നിവർക്കെതിരെ നൽകിയ പരാതിയിലായിരുന്നു കോടതിനിർദേശം.
തൃപ്പൂണിത്തുറ വനിതാസെല്ലിൽ നിയമവിരുദ്ധമായി തടഞ്ഞുവച്ചു, അൻസിബയെക്കൊണ്ട് മാപ്പ് എഴുതി ഒപ്പിടീച്ചു, പിന്നീട് അത് താനറിയാതെ തിരുത്തി എന്നെല്ലാമാണ് അൻസിബയുടെ പരാതി. തൃക്കാക്കര എസിപി അന്വേഷിച്ച് കഴമ്പില്ലെന്നുപറഞ്ഞ് പരാതി തള്ളുകയായിരുന്നു. അതിനുശേഷമാണ് അൻസിബ കോടതിയെ സമീപിച്ചത്.











0 comments