അപ്രതീക്ഷിത വിയോഗം; കലാഭവൻ നവാസിന്റെ പോസ്റ്റുമോർട്ടം ഇന്ന്

കൊച്ചി: ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ നടനും മിമിക്രി കലാകാരനുമായ കലാഭവൻ നവാസിന്റെ (51) പോസ്റ്റ്മോർട്ടം ശനിയാഴ്ച രാവിലെ നടക്കും. രാവിലെ എട്ടരയോടെ കളമശ്ശേരി മെഡിക്കൽ കോളജിൽ ഇൻക്വസ്റ്റ് നടപടികൾ ആരംഭിക്കും. പത്തരയോടെ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകും. തുടർന്ന് ആലുവ ടൗൺ ജുമാ മസ്ജിദിൽ വൈകിട്ട് നാല് മുതൽ പൊതുദർശനം നടത്തും. തുടർന്ന് ആറോടെയാവും ഖബറടക്കം.
വെള്ളി രാത്രി 9.10നാണ് ചോറ്റാനിക്കര ഗവ. ഹൈസ്‌കൂൾ മൈതാനത്തിന് എതിർവശത്തെ ഹോട്ടൽ മുറിയിൽ നിലത്ത് മരിച്ചനിലയിലാണ് നവാസിനെ കണ്ടെത്തിയത്. ഹൃദയാഘാതമാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ‘പ്രകമ്പനം’ എന്ന സിനിമയുടെ ഷൂട്ടിങിനായാണ് ജൂലൈ 25 മുതൽ നവാസ് ഹോട്ടലിൽ താമസിച്ചിരുന്നത്. ഹോട്ടൽ ജീവനക്കാരനാണ് മൃതദേഹം കണ്ടത്. അസ്വഭാവിക മരണത്തിന് കേസെടുത്തു.
കലാഭവന്റെ സ്റ്റേജ് പരിപാടികളിലൂടെ ശ്രദ്ധേയനായ നവാസ് 1995ൽ ‘ചൈതന്യം’ എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. കേരളത്തിലും വിദേശത്തുമായി നിരവധി വേദികളിൽ മിമിക്രിയും സ്‌കിറ്റുകളും അവതരിപ്പിച്ചു. ചലച്ചിത്രനടൻ അബൂബക്കറിന്റെ മകനാണ്. നടി രഹ്‌നയാണ് ഭാര്യ. മക്കൾ: നഹറിൻ, റിദ്‌വാൻ, റിഹാൻ. വടക്കാഞ്ചേരി സ്വദേശിയായ നവാസ് ആലുവ ചൂണ്ടിയിൽ ‘നെസ്‌റ്റ്’ എന്ന വീട്ടിലായിരുന്നു താമസം. സഹോദരൻ നിയാസ് ബക്കറും (മറിമായം കോയ) അഭിനേതാവാണ്.
മിസ്റ്റർ ആൻഡ് മിസ്സിസ്, മിമിക്സ് ആക്‌ഷൻ 500, ഏഴരക്കൂട്ടം, ജൂനിയർ മാൻഡ്രേക്ക്, ഹിറ്റ്‌ലർ ബ്രദേഴ്‌സ്, മായാജാലം, മാട്ടുപ്പെട്ടിമച്ചാൻ, വെട്ടം, ചക്കരമുത്ത്, ചട്ടമ്പിനാട്, അച്ചായൻസ് തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഭാര്യ രഹ്‌നയുമൊത്ത് ‘ഇഴ’, ധ്യാൻ ശ്രീനിവാസൻ നായകനായ ‘ഡിറ്റക്ടീവ് ഉജ്ജ്വലൻ’ എന്നീ സിനിമകളിൽ അടുത്തിടെ അഭിനയിച്ചിരുന്നു.









0 comments