പണം വാങ്ങി മയക്കുമരുന്ന്‌ കേസ്‌ ഒതുക്കി: ടി സിദ്ദിഖ്‌ എംഎൽഎയുടെ മുൻ ഗൺമാനെതിരെ നടപടി

t sidhiq mla

ടി സിദ്ദിഖ്‌ എംഎൽഎ

avatar
സ്വന്തം ലേഖകൻ

Published on May 12, 2025, 12:01 AM | 1 min read

കൽപ്പറ്റ: വാഹനാപകടത്തിൽ പരിക്കേറ്റയാളിൽനിന്ന്‌ മയക്കുമരുന്ന്‌ കണ്ടെത്തിയ സംഭവം പണം വാങ്ങി ഒതുക്കിയെന്ന പരാതിയിൽ വയനാട്ടിലെ എംഎൽഎ ടി സിദ്ദിഖിന്റെ മുൻ ഗൺമാൻ സ്മിബിനെതിരെ വകുപ്പുതല നടപടി. സിവിൽ പൊലീസ്‌ ഓഫീസറായ ഇയാളെ സ്‌റ്റേഷനിൽനിന്ന്‌ എആർ ക്യാമ്പിലേക്ക്‌ സ്ഥലംമാറ്റി. സ്‌പെഷൽ ബ്രാഞ്ച്‌ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ്‌ മേധാവിയുടെ നിർദേശപ്രകാരം മാനന്തവാടി ഡിവൈഎസ്‌പി നടത്തിയ അന്വേഷണത്തെ തുടർന്നാണ്‌ നടപടി.


സ്മിബിൻ പണം വാങ്ങി, കേസ്‌ എടുക്കാതെ സംഭവം ഒതുക്കിയെന്ന്‌ കണ്ടെത്തിയിരുന്നു. ഒരുഎസ്‌ഐക്കെതിരെയും നടപടിക്ക്‌ ശുപാർശയുണ്ട്‌. ലഹരിക്കടത്തിനും വിപണനത്തിനുമെതിരെ സംസ്ഥാന സർക്കാരും മുഖ്യമന്ത്രിയും കർശന നിലപാട്‌ സ്വീകരിക്കുമ്പോഴാണ്‌ പൊലീസുകാരൻ മയക്കുമരുന്ന്‌ കടത്തിന്‌ കൂട്ടുനിന്നത്‌. നേരത്തെ, കൽപ്പറ്റയിലെ ഒരുസംഘർഷത്തിൽ പൊലീസ്‌ ഉദ്യോഗസ്ഥനെ കൈയേറ്റംചെയ്തതിന്‌ ഇയാൾ ദീർഘകാലം സസ്പെൻഷനിലായിരുന്നു. സർവീസിൽ തിരികെ കയറിയ ഉടനാണ്‌ മയക്കുമരുന്ന് കേസ്‌ ഒതുക്കിയത്‌.


ഒന്നരമാസംമുമ്പാണ്‌ സംഭവം. ലക്കിടിയിൽ ബസും കാറും കൂട്ടിയിടിച്ച്‌ കാർ യാത്രികന്‌ പരിക്കേറ്റപ്പോൾ വൈത്തിരി താലൂക്ക്‌ ആശുപത്രിയിലെത്തിച്ചു. ഇയാളുടെ പോക്കറ്റിൽനിന്ന്‌ കഞ്ചാവും 29 മോർഫിൻ ഗുളികകളും കഞ്ചാവ്‌ വലിക്കുന്ന പൈപ്പും കണ്ടെടുത്തു. വൈത്തിരി പൊലീസിന്‌ വിവരം നൽകി. പൊലീസുകാർ കഞ്ചാവ്‌ ഉൾപ്പെടെ കൊണ്ടുപോയി. എന്നാൽ, ആക്‌സിഡന്റ്‌ കേസ്‌ മാത്രം രജിസ്‌റ്റർ ചെയ്തു. മയക്കുമരുന്ന്‌ കേസ്‌ ഒഴിവാക്കി. സ്മിബിൻ പണം വാങ്ങിയാണ്‌ കേസ്‌ ഒഴിവാക്കിയത്‌.


രണ്ടുതവണയായി ഒന്നരലക്ഷം രൂപ വാങ്ങിയതായി കണ്ടെത്തി. എംഎൽഎയുടെ സ്‌റ്റാഫിന്‌ നൽകാനാണെന്നുപറഞ്ഞ്‌ പിന്നീട്‌ രണ്ടരലക്ഷം രൂപകൂടി ആവശ്യപ്പെട്ടെങ്കിലും വിവരം പുറത്തായി. പ്രാദേശിക കോൺഗ്രസ്‌ നേതാക്കൾക്കുൾപ്പെടെ സംഭവത്തിൽ പങ്കുണ്ടെന്നാണ്‌ കണ്ടെത്തൽ. കേസ്‌ ഒതുക്കാൻ നടത്തിയ ഫോൺ സംഭാഷണവും വാട്‌സാപ്‌ ചാറ്റുകളും വോയ്‌സ്‌ മെസേജുകളും അന്വേഷണത്തിൽ ലഭിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home