Deshabhimani

എൻഡോസൾഫാൻ നിർവീര്യമാക്കാൻ നടപടി തുടങ്ങി

endosulfan
വെബ് ഡെസ്ക്

Published on Jun 24, 2025, 04:04 PM | 1 min read

കാസർകോട്: കേരളാ പ്ലാന്റേഷൻ കോർപറേഷന്റെ വിവിധ ഗോഡൗണുകളിൽ സൂക്ഷിച്ച എൻഡോസൾഫാൻ ബാരലുകൾ നിർവീര്യമാക്കുന്നതിനുള്ള നടപടി തുടങ്ങി. കാസർകോട് രാജപുരത്ത് സൂക്ഷിച്ചിരുന്ന എൻഡോസൾഫാൻ പുതിയ ബാരലുകളിലേക്ക് മാറ്റി. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ വിദഗ്ധ സംഘം എത്തിയാണ് നടപടി.


ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവ് പ്രകാരമാണ് നിർവീര്യമാക്കൽ നടപടി ആരംഭിച്ചത്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് റീജിയണൽ ഡയറക്ടർ ചന്ദ്രബാബുവിന്റെ നേതൃത്വത്തിലായിരുന്നു നടപടികൾ. പെരിയയിലും രാജപുരത്തുമുള്ള പിസികെ എസ്റ്റേറ്റുകളിലെ ഗോഡൗണുകളിൽ 1,105 ലിറ്റർ ദ്രവരൂപത്തിലുള്ള എൻഡോസൾഫാനാണ് സൂക്ഷിച്ചിട്ടുള്ളത്.


ഇതിൽ 700 ലിറ്ററും പെരിയ ഗോഡൗണിലാണ്. പെരിയയിൽ നാല് ബാരലുകളിലായാണ് എൻഡോസൾഫാൻ സൂക്ഷിച്ചത്. തിങ്കളാഴ്ച രാവിലെ പെരിയ ​ഗോഡൗണിലെ എൻഡോസൾഫാൻ പുതിയ ബാരലുകളിലേക്ക് മാറ്റി. ഇവ എട്ട് വീപ്പകളിലായാണ് നിറച്ചത്.


എൻഡോസൾഫാൻ നിർവീര്യമാക്കുന്ന നടപടികളുടെ ആദ്യഘട്ടം പൂർത്തിയാക്കിയതായാണ് വിവരം. എൻഡോസൾഫാൻ പുതിയ ബാരലുകളിലേക്ക് മാറ്റി ഓഫീസുകൾ സീൽ ചെയ്തു. ഉത്തരവുകൾ ലഭിക്കുന്ന മുറയ്ക്ക് ജില്ലക്ക് പുറത്തേക്കുകൊണ്ടുപോയി എൻഡോസൾഫാൻ നിർവീര്യമാക്കും. അടുത്ത മാസം ദേശീയ ഹരിത ട്രൈബ്യൂണലിന്റെ സിറ്റിങ്ങിൽ സിപിസി ബി റിപ്പോർട്ട് നൽകും.


കേരളത്തിൽ നാലിടങ്ങളിലാണ് എൻഡോസൾഫാൻ സൂക്ഷിച്ചിരുന്നത്. പാലക്കാട് മണ്ണാർകാട് സൂക്ഷിച്ചിരുന്നവയും പുതിയ ബാരലുകളിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. മറ്റ് മൂന്ന് കേന്ദ്രങ്ങളും കാസർകോട് ജില്ലയിലാണ്. ഇവിടെ പെരിയ, ചീമേനി, രാജപുരം എന്നിവിടങ്ങളിലെ ​ഗോഡൗണുകളിലാണ് എൻഡോസൾഫാൻ സൂക്ഷിച്ചിരുന്നത്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home