അച്യുതനുണ്ണി സ്മാരക പുരസ്കാരം ദേശാഭിമാനി ഫോട്ടോഗ്രാഫർ ജയകൃഷ്ണൻ ഓമല്ലൂരിന്

തിരുവനന്തപുരം: കൈരളി ടി വി അസിസ്റ്റന്റ് ക്യാമറമാനും സിപിഐ എം ഇടുക്കുംതല ബ്രാഞ്ച് കമ്മിറ്റി അംഗവും ഇ എം എസ് സാംസ്കാരിക സമിതി പ്രവർത്തകനുമായിരുന്ന അച്യുതനുണ്ണിയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ ഛായാഗ്രഹണ മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള നാലാമത് പുരസ്കാരം ദേശാഭിമാനി പത്തനംതിട്ട ഫോട്ടോഗ്രാഫർ ജയകൃഷ്ണൻ ഓമല്ലൂരിന്. 10,001 രൂപ ക്യാഷ് അവാർഡും പുരസ്കാരവും സെപ്തംബർ 24 ന് വൈകിട്ട് നാലിന് പുളിമൂട് കേസരി ഹാളിൽ നടക്കുന്ന ചടങ്ങിൽ മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു സമ്മാനിക്കും.
കെഎസ്എഫ്ഇ ചെയർമാൻ കെ വരദരാജൻ ഉദ്ഘാടനം നിർവഹിക്കും. അനുസ്മരണത്തോട് അനുബന്ധിച്ചു നൽകുന്ന ചികിത്സാ സഹായ വിതരണം കൈരളി ടി വി ജനറൽ മാനേജർ ബി സുനിൽ നിർവഹിക്കും. സിപിഐ എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം അഡ്വ. ആർ ജയദേവൻ, സിപിഐ എം നെടുമങ്ങാട് ഏരിയ സെക്രട്ടറി കെ പി പ്രമോഷ്, സിപിഐ എം പേരൂർക്കട ഏരിയ സെക്രട്ടറി ബി ബിജു എന്നിവർ പങ്കെടുക്കും. ചടങ്ങിന് മുന്നോടിയായി ഹൈസ്കൂൾ യുപി കുട്ടികൾക്കായുള്ള ക്യാഷ് പ്രൈസ് ക്വിസ് ഞായറാഴ്ച നടക്കും.










0 comments