കാസർഗോഡ് കൊലപാതകം: ഒളിവിൽ കഴിഞ്ഞ പ്രതിയെ കർണാടകയിൽനിന്ന് പൊക്കി പൊലീസ്

AI പ്രതീകാത്മക ചിത്രം / Gemini
കാസർഗോഡ് : നുള്ളിപ്പാടിയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ കർണാടക സ്വദേശിയായ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ. കർണാടക ഗദക് ലക്ഷ്മീശ്വര സ്വദേശി മഞ്ജുനാഥയെയാണ് (45) കാസർകോട് ടൗൺ പൊലീസ് ഹാസനിൽനിന്ന് പിടികൂടിയത്. നാലുദിവസത്തോളം കർണാടകയിൽ തങ്ങി അതിസാഹസികമായാണ് അന്വേഷണസംഘം പ്രതിയെ വലയിലാക്കിയത്.
ഗദക് ബലേഗ ഹൊസൂരിലെ ചന്ദ്രശേഖർ സുരേഷാണ് (38) കൊല്ലപ്പെട്ടത്. മദ്യപാനത്തിനിടെ കടം വാങ്ങിയ പണത്തെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കോൺക്രീറ്റ് തൊഴിലാളികളായ മഞ്ജുനാഥയും ചന്ദ്രശേഖറും സുഹൃത്തുക്കളായിരുന്നു. മഞ്ജുനാഥയിൽനിന്ന് ചന്ദ്രശേഖർ 2,000 രൂപ കടം വാങ്ങിയിരുന്നു. ഇത് തിരികെ ചോദിച്ചതിനെച്ചൊല്ലി മാർച്ച് പത്തിന് രാത്രി ഇരുവരും മദ്യപിക്കുന്നതിനിടെ തർക്കമുണ്ടായി. വാക്കുതർക്കം രൂക്ഷമായതോടെ മഞ്ജുനാഥ ചന്ദ്രശേഖറിനെ കൊലപ്പെടുത്തി ലിഫ്റ്റിനായി എടുത്ത കുഴിയിൽ തള്ളുകയായിരുന്നു.
കെട്ടിടത്തിന് സമീപം സമൂഹവിരുദ്ധ ശല്യം പരിശോധിക്കാനെത്തിയ ഉടമയുടെ മകനാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസിനെ വട്ടംചുറ്റിച്ച പ്രതി: സ്ഥിരമായി ഒരിടത്ത് താമസിക്കാത്ത സ്വഭാവക്കാരനായ മഞ്ജുനാഥയെ കണ്ടെത്താൻ പോലീസ് ഏറെ പണിപ്പെട്ടു. സൈബർ സെല്ലിന്റെ സഹായത്തോടെ ഹാസനിലുണ്ടെന്ന് ഉറപ്പാക്കിയ സംഘം നാലുദിവസത്തെ നിരീക്ഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.
കാസർഗോഡ് ടൗൺ ഇൻസ്പെക്ടർ പി. നളിനാക്ഷന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ബദിയടുക്ക എഎസ്ഐ പ്രസാദ്, ടൗൺ സ്റ്റേഷനിലെ രതീഷ്, ശ്രീരാജ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.










0 comments