ad
Deshabhimani

print edition ഉള്ളുലച്ച്‌ വാല്‍പ്പാറ ദുരന്തം

ചിരിച്ച് ഇറങ്ങിയവർ ചേതനയറ്റ് തിരികെ
avatar
ജിജോ ജോര്‍ജ്

Published on Apr 18, 2026, 05:30 AM | 1 min read

മലപ്പുറം : വിദ്യാര്‍ഥികളുടെ പരീക്ഷാ ഫലം പ്രസിദ്ധീകരിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു പാങ്ങ് ജിഎല്‍പി സ്കൂള്‍ അധികൃതര്‍. അടുത്ത അധ്യയനവര്‍ഷത്തിന്റെ പ്രവേശനോത്സവം വര്‍ണാഭമാക്കാനും തീരുമാനിച്ചു. തിരക്കിലേക്ക് കടക്കുംമുമ്പ് ഒരു വിനോദയാത്രയായിരുന്നു അധ്യാപകരുടെ ലക്ഷ്യം. എന്നാല്‍ എല്ലാം ഒരുനിമിഷംകൊണ്ട് മാറിമറിഞ്ഞു. ദുഃഖം തളംകെട്ടിയ പാങ്ങ് ജിഎല്‍പി സ്കൂളിന്റെ മുറ്റത്തേക്ക് താങ്ങാനാവാത്ത വേദനയുമായാണ്‌ വെള്ളിയാഴ്ച വൈകിട്ട് നാട്ടുകാരും അധ്യാപകരും പിടിഎ ഭാരവാഹികളുമെത്തിയത്. മണിക്കൂറുകള്‍ക്കുമുമ്പ് ഒപ്പമുണ്ടായിരുന്നവരുടെ അപ്രതീക്ഷിത വിയോഗത്തില്‍ ചുറ്റുമുള്ളവരുടെ കണ്ണുനിറഞ്ഞു.

അവധിക്കാലത്തിന്റെ സന്തോഷങ്ങളെല്ലാം കെടുത്തിയാണ് പൊള്ളാച്ചി വാല്‍പ്പാറ വളവില്‍നിന്ന് അപകടവാര്‍ത്തയെത്തിയത്. പാങ്ങ് ജിഎല്‍പി സ്കൂളിലെ അധ്യാപകരും ജീവനക്കാരും കുടുംബാംഗങ്ങളും പാങ്ങ് ജിയുപി സ്കൂളിലെ ഒരു അധ്യാപികയും മകളുമാണ് വിനോദയാത്രയ്ക്കായി പുറപ്പെട്ടത്. പാങ്ങ് ജിഎല്‍പി സ്കൂള്‍ പ്രധാനാധ്യാപിക പി അജിത, അധ്യാപകരായ ആശ, റംല, സുഹ്റ, മകൻ ഹിഷാം, മജീദ്, ഭാര്യ റുഖിയ, പാചകത്തൊഴിലാളി സാജിത, മകന്‍ മുഹമ്മദ് ഷഹദിൻ, സ്കൂള്‍ ബസ് ഡ്രൈവര്‍ നൗഷാദ്, പാങ്ങ് ജിയുപി സ്കൂള്‍ അധ്യാപിക ഷക്കീല, മകള്‍ മസ്നീൻ എന്നിവരായിരുന്നു സംഘാംഗങ്ങള്‍. മുഹമ്മദ് ഫായിസായിരുന്നു വിനോദയാത്രാ വാനിന്റെ ഡ്രൈവര്‍. ജിഎല്‍പി സ്കൂളിലെ മറ്റ് അധ്യാപകരും യാത്രയില്‍ പങ്കാളികളാകേണ്ടിയിരുന്നെങ്കിലും പല കാരണങ്ങളാല്‍ പിന്മാറി. ജിഎല്‍പി സ്കൂളിലെ അധ്യാപകരായ ഹസ്നത്ത്, റസീന, യശോദ, പ്യൂൺ ഗോപാലന്‍ എന്നിവരാണ് വിനോദയാത്രയ്ക്ക് പോകാതിരുന്നത്.


വെള്ളി പുലര്‍ച്ചെയാണ് സംഘം യാത്ര പുറപ്പെട്ടത്. അതിരപ്പള്ളി, വാഴച്ചാൽ, വാൽപ്പാറ എന്നിവിടങ്ങളായിരുന്നു ലക്ഷ്യം. അവസാനകേന്ദ്രമായ വാല്‍പ്പാറ സന്ദര്‍ശിച്ച് പൊള്ളാച്ചിവഴി നാട്ടിലേക്ക് മടങ്ങാനായിരുന്നു പദ്ധതി. യാത്രയുടെ ഓരോ നിമിഷങ്ങളും അധ്യാപകര്‍ വാട്സപ് സ്റ്റാറ്റസിട്ടിരുന്നു. വാട്സാപ്പ് ഗ്രൂപ്പിലും ചിത്രങ്ങള്‍ പങ്കുവച്ചു. ഒരുനിമിഷംകൊണ്ടാണ് ആഹ്ലാദം കണ്ണീരിലേക്ക് വഴിമാറിയത്. ജിഎല്‍പി സ്കൂളിലെ അധ്യാപകരുമായുള്ള സൗഹൃദത്തിന്റെ പുറത്താണ് ജിയുപി സ്കൂള്‍ അധ്യാപികയായ ഷക്കീലയും മകളും ഒപ്പംചേര്‍ന്നത്. എന്നാല്‍, മകളെ തനിച്ചാക്കി ഷക്കീല മടങ്ങി. കാഴ്ചപരിമിതനായിരുന്ന മജീദ് സഹായത്തിനായാണ് ഭാര്യ റുഖിയയെ കൂട്ടിയത്. ഇത് ഇരുവരുടെയും അന്ത്യയാത്രയായി. ഇവര്‍ക്ക് മക്കളില്ല. അപകടവിവരം അറിഞ്ഞതോടെ നിരവധിയാളുകള്‍ സ്കൂളിലെത്തി. ചില നാട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളും സംഭവസ്ഥലത്തേക്ക് തിരിച്ചു. രാഷ്ട്രീയ പാര്‍ടി പ്രതിനിധികളും വിവിധ സംഘടനാ പ്രതിനിധികളും പുറപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home