ad
Deshabhimani

print edition അക്കാദമിക കലണ്ടറിന് അംഗീകാരം ; സര്‍വകലാശാലകള്‍ക്കെല്ലാം ഒരേസമയക്രമം

academic calender
avatar
ആന്‍സ് ട്രീസ ജോസഫ്

Published on Mar 03, 2026, 01:42 AM | 1 min read


തിരുവനന്തപുരം

സംസ്ഥാനത്തെ സര്‍വകലാശാലകളിലെ പ്രവേശനംമുതല്‍ പരീക്ഷാ ഫലപ്രഖ്യാപനംവരെ ഏകീകൃതമാക്കിയുള്ള അക്കാദമിക കലണ്ടറിന് അംഗീകാരം. ജൂലൈ ഒന്നിന് ക്ലാസ് ആരംഭിച്ച് മെയ് 25നകം ഒന്നാം വര്‍ഷ ഫല പ്രഖ്യാപനം സാധ്യമാക്കണമെന്നാണ് അക്കാദമിക കലണ്ടര്‍ നിര്‍ദേശിക്കുന്നത്. സര്‍വകലാശാലകളിലും അഫിലിയേറ്റഡ് കോളേജുകളിലും ഒരേ പ്രവര്‍ത്തന സമയം വരുന്നതോടെ വിദ്യാര്‍ഥികളുടെ അന്തര്‍സര്‍വകലാശാല മാറ്റമടക്കം സാധ്യമാകും. നിലവിലത്തെ സാഹചര്യത്തില്‍ ഓരോ കോളേജിന്റെ പരീക്ഷ, ഫലപ്രഖ്യാപനം തുടങ്ങിയവയ്ക്ക് വ്യത്യസ്ത സമയക്രമമാണ്. ഇതിന് പരിഹാരമാകുന്നതോടെ കോളേജ് മാറ്റം, സര്‍വകലാശാല മാറ്റം എളുപ്പത്തിലാകുമെന്നാണ് നാലുവര്‍ഷ ബിരുദ പ്രോഗ്രാം സംസ്ഥാന നിരീക്ഷണ സമിതിയുടെ വിലയിരുത്തല്‍.


നാലുവര്‍ഷ ബിരുദത്തിന്റെ ഒന്ന്, മൂന്ന്, അഞ്ച് സെമസ്റ്റർ പരീക്ഷകളും മൂല്യനിർണയവും ക്യാമ്പസിൽ തന്നെയാണ് നടക്കുക. ഇതിനായി നവംബർ 16 മുതല്‍ ഒരാഴ്ചത്തെ മൂല്യനിര്‍ണയ ക്യാമ്പ് അതത് ക്യാമ്പസില്‍ നടക്കും. ഈ സമയത്ത്‌ വിദ്യാർഥികൾക്ക് സെമസ്റ്റർ ബ്രേക്ക്‌ ലഭിക്കും. മാത്രമല്ല പ്രഖ്യാപനം വേഗത്തിലാക്കാനും കഴിയും. നാലാം സെമസ്റ്ററിന്റെ അവസാനത്തിലാണ് (ഏപ്രില്‍, മെയ്) ഇന്റേണ്‍ഷിപ്‌ നിര്‍ദേശിച്ചത്. ക്രിസ്‌മസ് അവധിക്കുമുമ്പ് കായികമേളയും ജനുവരിയില്‍ യുവജനോത്സവവും ഫെബ്രുവരിയില്‍ അന്തര്‍സര്‍വകലാശാല കലാ കായിക മേളയും പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശമുണ്ട്. ഓണം, ക്രിസ്മസ് അവധികളും അക്കാദമിക കലണ്ടറിന്റെ ഭാഗമാക്കിയിട്ടുണ്ട്.


അടുത്ത അക്കാദമിക് വർഷംമുതല്‍ കോളേജുകളില്‍ നാലുവര്‍ഷ ബിരുദ പാറ്റേണ്‍ (എഫ്-വൈയുജിപി) മാത്രമാണുണ്ടാവുക. മൂന്നുവര്‍ഷ ബിരുദ പാറ്റേണിന്റെ അവസാന ബാച്ചാണ് ക്യാമ്പസുകളിലുള്ള മൂന്നാം വര്‍ഷ വിദ്യാര്‍ഥികള്‍. നിലവില്‍ മൂന്നുവര്‍ഷം കണക്കാക്കിയാണ് അക്കാദമിക് കലണ്ടര്‍ ക്രമീകരിച്ചത്. സര്‍വകലാശാലകളിലേക്ക് അയച്ച കലണ്ടറില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താനുള്ള സ്വാതന്ത്ര്യവുമുണ്ട്. കേരളത്തിന്റെ അക്കാദമിക് കലണ്ടറിനെ മാത‍ൃകയാക്കാന്‍ മറ്റ് സംസ്ഥാനങ്ങളും മുന്നോട്ട് വന്നിട്ടുണ്ട്. അക്കാദമിക് കലണ്ടര്‍ തയ്യാറാക്കല്‍മുതല്‍ പ്രായോഗികതലം വരെയുള്ള വിവരങ്ങളാണ് തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങള്‍ പഠനവിധേയമാക്കിയത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home