മാങ്കൂട്ടത്തിലിനെതിരായ പീഡന പരാതികൾ: പ്രത്യേക സംഘം അന്വേഷിക്കും


സ്വന്തം ലേഖകൻ
Published on Aug 29, 2025, 12:32 AM | 1 min read
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ ലൈംഗികമായി പീഡിപ്പിച്ചുവെന്നും നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിയെന്നുമുള്ള പരാതികൾ അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് പ്രത്യേകസംഘം രൂപീകരിക്കും. സൈബർ വിഭാഗത്തിൽ നിന്നുള്ള വിദഗ്ധൻ, വനിതാ ഉദ്യോഗസ്ഥർ എന്നിവരും സംഘത്തിലുണ്ടാകും. ഇവരുടെ നേതൃത്വത്തിൽ അതിജീവിതകളുടെ വിശദമായ മൊഴിയെടുക്കും. ക്രൈംബ്രാഞ്ച് തിരുവനന്തപുരം റേഞ്ച് ഡിവൈഎസ്പി സി ബിനുകുമാറിനാണ് അന്വേഷണ ചുമതല. ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കടേഷ് മേൽനോട്ടം വഹിക്കും.
ലൈംഗികമായി പീഡിപ്പിച്ച ശേഷം ഗർഭഛിദ്രം നടത്താൻ രാഹുൽ നിർബന്ധിച്ച സംഭവത്തിൽ പെൺകുട്ടി ഉൾപ്പെടെയുള്ളവരുടെ മൊഴിയെടുക്കും. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രത്യേകം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തും. രാഹുലിനെതിരെ ആരോപണമുന്നയിച്ച മറ്റ് രണ്ട് സ്ത്രീകളുടെയും മൊഴി രേഖപ്പെടുത്താനായി ക്രൈംബ്രാഞ്ച് നോട്ടീസ് നൽകും. ഇരകളാക്കപ്പെട്ടവർ പരാതി നൽകാതിരിക്കാൻ കോൺഗ്രസ് നേതൃത്വം ശ്രമിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചതിനെ തുടർന്നാണ് നടപടികൾ വേഗത്തിലാക്കുന്നത്. അതിജീവിതകൾ മൊഴി നൽകാൻ സന്നദ്ധത അറിയിച്ചതായാണ് വിവരം. തുടർന്ന് രാഹുലിനെയും അന്വേഷക സംഘം ചോദ്യം ചെയ്യും.
വാട്സാപ്, ടെലഗ്രാം ആപ്പുകളിലെ ചാറ്റുകൾ വീണ്ടെടുക്കാനും ക്രൈംബ്രാഞ്ച് ശ്രമിക്കും. നിർബന്ധിത ഗർഭഛിദ്രത്തിന് പ്രേരിപ്പിച്ചു, ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തി, സ്ത്രീകളെ സമൂഹമാധ്യമങ്ങൾ വഴി പിന്തുടർന്ന് ശല്യം ചെയ്തു, സ്ത്രീകൾക്ക് മാനസിക വേദനയ്ക്കിടയാക്കുന്ന വിധത്തിൽ പ്രവർത്തിച്ചു തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് രാഹുലിനെതിരെ കേസെടുത്തത്. പൊലീസ് മേധാവിക്ക് ലഭിച്ച ആറ് പരാതികൾ പരിശോധിച്ചപ്പോൾ ഗുരുതര കുറ്റകൃത്യങ്ങളാണെന്ന് ബോധ്യപ്പെട്ടിരുന്നു. രാഹുലിനെതിരായ ആരോപണങ്ങളിൽ പരാതി നൽകുന്നതിൽ ആശങ്ക വേണ്ടെന്നും പൊലീസ് നിയമനടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു.









0 comments