ad
Deshabhimani

അഭിനവിന്റെ സ്വർണ കുതിപ്പിന് ഇനി സ്വന്തം പോൾവാൾട്ട്; വാക്ക് പാലിച്ച് മന്ത്രി

abhinav wayanad
വെബ് ഡെസ്ക്

Published on Oct 20, 2025, 05:48 PM | 1 min read

കൽപ്പറ്റ: ചെത്തി മിനുക്കിയ മുളവടിയുമായി പോൾവാൾട്ടിൽ സ്വർണം കരസ്ഥമാക്കിയ വയനാടുകാരൻ അഭിനവ് ഇനി സ്വന്തം പോൾവാൾട്ടിൽ സ്കൂൾ ഒളിമ്പിക്സിൽ കുതിപ്പ് തുടരും. വയനാട് ജില്ലാ കായിക മേളയിൽ മുളവടിയുമായി എത്തി സ്വർണം നേടിയ അഭിനവ് വാർത്തകളിൽ നിറഞ്ഞിരുന്നു. ഇതിന് പിന്നാലെ കായിക താരത്തിന് ആധുനിക രീതിയിലുള്ള ഉപകരണം അടിയന്തരമായി വാങ്ങി നൽകുമെന്ന് മന്ത്രി ഒ ആർ കേളു ഉറപ്പ് നൽകി. ജില്ലാ കായികമേളയുടെ മൂന്നാം ദിനത്തിൽ മന്ത്രി അഭിനവിന് നൽകിയ വാക്ക് പാലിച്ചു.


ചെറുപ്പം മുതൽ പോൾ വാൾട്ട് വീഡിയോകൾ കണ്ട് അതിൽ ആകൃഷ്ടനായി ബലമുള്ള മുളങ്കമ്പുകൾ പോൾ ആക്കി ചാടി പരിശീലിക്കലായിരുന്നു അഭിനവിന്റെ ഹോബി. വിവിധ കായിക ഇനങ്ങളിൽ മത്സരിച്ചു പരീക്ഷിച്ചെങ്കിലും പോൾ വാൾട്ടാണ് ശരിയായ മേഖലയെന്ന് അഭിനവിന് ബോധ്യപ്പെടുത്തിയതും അതിനാവശ്യമായ പരിശീലന മാർഗ്ഗ നിർദ്ദേശങ്ങൾ നൽകിയതും കോച്ച് സജിയായിരുന്നു.


ജില്ലാ തലത്തിൽ മത്സരിക്കാൻ പോൾ ഇല്ലാതെ വന്നപ്പോൾ സജിയും അഭിനവും സ്കൂളിന് പരിസരത്തുനിന്ന് മുള വെട്ടി പോൾ തയ്യാറാക്കി ആണ് മത്സരത്തിൽ പങ്കെടുത്തത്. അഭിനവ് മികച്ച വിജയത്തിലേക്ക് കുതിച്ചുയർന്നപ്പോൾ കോച്ച് സജിയുടെ മാർഗ്ഗനിർദേശങ്ങളും പരിശീലന രീതികളും ഏറെ പ്രശംസ നേടി. കുട്ടിയുടെ കായികവും മാനസികവുമായ ആവശ്യങ്ങൾക്ക് അനുസരിച്ച് പ്രത്യേക പരിശീലന പദ്ധതികൾ തയ്യാറാക്കിയാണ് സജി അഭിനവിനെ വിജയത്തിലേക്കെത്തിച്ചത്.


പോൾ വാൾട്ടാണ് തന്റെ ഇനമെന്നു തിരിച്ചറിഞ്ഞതും ആദ്യമായി മത്സരിക്കാൻ പ്രോത്സാഹനം നൽകിയതും കോച്ചാണെന്നും അദ്ദേഹത്തിന്റെ നിർദ്ദേശങ്ങളാണ് തന്റെ വിജയത്തിന് പിന്നിലെന്നും അഭിനവ് പറഞ്ഞു. ഇത്തവണ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനവും സംസ്ഥാന സെലക്ഷനും നേടിയ അഭിനവിന് കഴിഞ്ഞ സംസ്ഥാന കായികോത്സവത്തിൽ നാലാം സ്ഥാനം കരസ്ഥമാക്കാനായി. മറ്റൊരു സ്കൂളിൽ നിന്ന് പോൾ വാങ്ങി മത്സരിച്ചാണ് അഭിനവ് ഈ വിജയം കൊയ്തത്. പോൾ വാൾട്ട് നാഷണൽ ചാമ്പ്യനാകുക എന്നതാണ് മാനന്തവാടി ജിവിഎച്ച്എസ്എസ് പത്താം ക്ലാസ് വിദ്യാർഥിയായ അഭിനവിന്റെ ലക്ഷ്യം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home