Deshabhimani

print edition അഭിമന്യു കൊലക്കേസ്‌; ആറാംസാക്ഷിയുടെ എതിർ വിസ്‌താരം പൂർത്തിയായി

Abhimanyu
വെബ് ഡെസ്ക്

Published on Nov 10, 2026, 12:00 AM | 1 min read

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർഥിയും എസ് എഫ്ഐ നേതാവുമായ അഭിമന്യുവിനെ പോപ്പുലർ ഫ്രണ്ട്‌–ക്യാന്പസ്‌ ഫ്രണ്ട്‌ പ്രവർത്തകർ കൊലപ്പെടുത്തിയ കേസിൽ ആറാംസാക്ഷി രാഹുലിന്റെ എതിർവിസ്‌താരം പൂർത്തിയായി. പ്രതിഭാഗത്തിനുവേണ്ടി മുതിർന്ന അഭിഭാഷകൻ ബി രാമൻപിള്ളയും അനിൽ മുഹമ്മദുമാണ്‌ രാഹുലിനെ വിസ്‌തരിച്ചത്‌.


സംഭവം നടന്ന സമയത്ത്‌ തനിക്ക്‌ ഇടിക്കട്ടകൊണ്ട്‌ മർദനമേറ്റ്‌ മുഖത്ത്‌ പരിക്കേറ്റതായി രാഹുൽ മൊഴി നൽകി. തുടർന്ന്‌ ജനറൽ ആശുപത്രിയിൽ എത്തിയപ്പോൾ, കുത്തേറ്റ അർജുനെ മെഡിക്കൽ ട്രസ്‌റ്റ്‌ ആശുപത്രിയിലേക്ക്‌ കൊണ്ടുപോകുന്നത്‌ കണ്ടു. ആംബുലൻസിൽ അർജുനൊപ്പം താനും പോയി.


സുഹൃത്തുക്കൾക്ക്‌ ഗുരുതരപരിക്ക്‌ കണ്ടതോടെ തന്റെ പരിക്ക്‌ വകവച്ചില്ലെന്നും രാഹുൽ പറഞ്ഞു. ഇടിയേറ്റ്‌ മുറിഞ്ഞ തന്റെ മുഖത്ത്‌ മൂന്ന്‌ തുന്നലിട്ടു. പിന്നീട്‌ വീട്ടിൽപ്പോയ തന്നെ പൊലീസ്‌ വിളിച്ചുവരുത്തി മൊഴിയെടുക്കുകയായിരുന്നുവെന്നും രാഹുൽ പറഞ്ഞു. ഇടിക്കട്ടകൊണ്ട്‌ മർദിച്ച മൂന്നാംപ്രതി റിയാസ്‌ ഹുസൈനെ രാഹുൽ കോടതിയിൽ തിരിച്ചറിഞ്ഞു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജി കെ കെ ബാലകൃഷ്‌ണൻ മുന്പാകെയായിരുന്നു വിസ്‌താരം. ഏഴാംസാക്ഷി വിനീതിന്റെ എതി ർവിസ്‌താരം ബുധനാഴ്‌ച നടക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home