print edition അഭിമന്യുവധം: വിചാരണ നിർത്തണമെന്ന പ്രതികളുടെ ആവശ്യം തള്ളി

കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാർഥിയും എസ്എഫ്ഐ നേതാവുമായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ തങ്ങൾക്കെതിരായ അന്വേഷണം പൂർത്തിയാകുംവരെ വിചാരണ നിർത്തിവയ്ക്കണമെന്ന രണ്ട് പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളി. കേസിലെ 24, 25 പ്രതികളായ നജീബ്, ഷാനവാസ് എന്നിവർ നൽകിയ ഹർജിയാണ് ജസ്റ്റിസ് സി ജയചന്ദ്രൻ തള്ളിയത്.
കേസിലെ ഒന്നുമുതൽ 16 വരെ പ്രതികൾക്കെതിരായ വിചാരണ, തങ്ങൾക്കെതിരായ അന്വേഷണം പൂർത്തിയാകുന്നതുവരെ നിർത്തിവയ്‌ക്കണമെന്നും അറസ്റ്റിലായിട്ടും കുറ്റപത്രം നൽകിയില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി.
എന്നാൽ, കേസിലെ ആദ്യ 16 പ്രതികൾ നേരിട്ട് കൊലപാതകത്തിൽ പങ്കെടുത്തവരാണെന്നും അവരെ സഹായിച്ചുവെന്ന കുറ്റമാണ് ഹർജിക്കാർക്കെതിരെയുള്ളതെന്നും പ്രോസിക്യൂഷൻ വാദിച്ചു. വിചാരണ ഒക്ടോബർ 15 മുതൽ തുടർച്ചയായി നടത്താൻ സെഷൻസ് കോടതി തീരുമാനിച്ചിട്ടുണ്ടെന്നും സ്‌പെഷ്യൽ ഗവ. പ്ലീഡർ സി റഷീദ് ചൂണ്ടിക്കാട്ടി.
ഒരു പ്രതിയുടെ അഭാവത്തിൽ എടുക്കുന്ന തെളിവ് മറ്റൊരു പ്രതിക്കെതിരെ ഉപയോഗിക്കാനാകില്ല. അതുകൊണ്ട് നിലവിലെ വിചാരണ ഹർജിക്കാർക്ക് ദോഷകരമാകുമെന്ന വാദത്തിന് അടിസ്ഥാനമില്ലെന്ന് ഹൈക്കോടതി ഉത്തരവിൽ പറഞ്ഞു. വിചാരണയ്ക്ക് ഹൈക്കോടതി സമയപരിധി നിശ്ചയിച്ചിട്ടുള്ളതാണെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടി.








0 comments