Deshabhimani

print edition അഭിമന്യു വധക്കേസ്: ഞെട്ടൽ മാറിയിട്ടില്ലെന്ന്‌ നന്ദു

Abhimanyu
വെബ് ഡെസ്ക്

Published on Nov 04, 2026, 12:01 AM | 1 min read

കൊച്ചി : എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർഥിയും എസ്എഫ്ഐ നേതാവുമായ അഭിമന്യുവിനെ പോപ്പുലർ ഫ്രണ്ട്‌–ക്യാന്പസ്‌ ഫ്രണ്ട്‌ പ്രവർത്തകർ കൊലപ്പെടുത്തിയ കേസിൽ അഞ്ചാംസാക്ഷി നന്ദുവിന്റെ എതിര്‍വിസ്‌താരം പൂർത്തിയായി. അഭിമന്യു കൊല്ലപ്പെട്ടതിന്റെ ഞെട്ടൽ ഇപ്പോഴും മാറിയിട്ടില്ലെന്ന്‌ നന്ദു പറഞ്ഞു. എപ്പോഴാണ്‌ ഞെട്ടൽ മാറിയതെന്ന പ്രതിഭാഗം അഭിഭാഷകരുടെ ചോദ്യത്തിനായിരുന്നു വൈകാരികമായ മറുപടി. ഇൻക്വസ്‌റ്റ്‌ നടക്കുന്പോൾ എവിടെയായിരുന്നു എന്നുൾപ്പെടെയുള്ള ചോദ്യങ്ങളും പ്രതിഭാഗത്തിൽനിന്നുണ്ടായി. അതൊന്നും ശ്രദ്ധിക്കാൻ പറ്റിയ മാനസികാവസ്ഥയിൽ അല്ലായിരുന്നുവെന്നും നന്ദു പറഞ്ഞു. ഇ‍ൗ സമയത്താണ്‌ ഇപ്പോൾ ഞെട്ടൽ മാറിയോ എന്ന തരത്തിൽ ചോദ്യമുണ്ടായത്‌. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജി കെ കെ ബാലകൃഷ്‌ണൻ മുന്പാകെയാണ്‌ വിസ്‌താരം. കേസിലെ ഏഴാംസാക്ഷി രാഹുൽ കൃഷ്‌ണയുടെ എതിർവിസ്‌താരം ബുധനാഴ്‌ച ആരംഭിക്കും. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി മോഹൻരാജ്, അഭിമന്യുവിന്റെ സഹോദരന്‍ പരിജിത്ത് മനോഹരനുവേണ്ടി അഡ്വ. കെ എസ് അരുൺകുമാർ, അഭിഭാഷകരായ പി എം ആതിര, കെ പി അമൃത എന്നിവർ പ്രോസിക്യൂഷനുവേണ്ടി ഹാജരായി. പ്രതിഭാഗത്തിനായി അനിൽ മുഹമ്മദ്‌, പി പി ഹാരിസ്‌, റാൽഫ്‌ എന്നിവരും ഹാജരായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home