Deshabhimani

അഭിമന്യു കൊലക്കേസ്‌: പ്രതിഭാഗം വിസ്‌താരം തുടങ്ങി

Abhimanyu
വെബ് ഡെസ്ക്

Published on Oct 22, 2026, 07:18 PM | 1 min read

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർഥിയും എസ്എഫ്ഐ നേതാവുമായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിഭാഗം സാക്ഷിവിസ്‌താരം ആരംഭിച്ചു. കോളേജിലെ പൂർവവിദ്യാർഥിയും മൂന്നാംസാക്ഷിയുമായ അർജുൻ കൃഷ്ണയെയാണ്‌ പ്രതിഭാഗം അഭിഭാഷകൻ ബി രാമൻപിള്ള വിസ്‌തരിച്ചത്‌. പ്രിൻസിപ്പൽ സെഷൻസ്‌ ജഡ്‌ജി കെ കെ ബാലകൃഷ്‌ണനാണ്‌ കേസ്‌ പരിഗണിക്കുന്നത്‌.


പോപ്പുലർ ഫ്രണ്ട്‌–ക്യാന്പസ്‌ ഫ്രണ്ട്‌ പ്രവർത്തകർ അർജുൻ കൃഷ്‌ണയെ കുത്തി ഗുരുതരമായി പരിക്കേൽപ്പിച്ചിരുന്നു. പരിക്കേറ്റ്‌ ബോധം നഷ്ടപ്പെട്ടിരുന്നതായും 12 ദിവസത്തിനുശേഷമാണ്‌ കാര്യങ്ങൾ ശരിയായി ബോധ്യംവന്നതെന്നും അർജുൻ സാക്ഷിവിസ്‌താരത്തിൽ പറഞ്ഞു. ഒരുമാസത്തോളം സ്വന്തമായി കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞിരുന്നില്ല. അഭിമന്യു കൊല്ലപ്പെട്ട വിവരം ആശുപത്രി വാസത്തിനുശേഷം അമ്മ പറഞ്ഞാണ്‌ അറിഞ്ഞതെന്നും അർജുൻ മൊഴി നൽകി. മാനസികസംഘർഷം കുറയ്‌ക്കണമെന്ന്‌ വിദഗ്‌ധോപദേശം ലഭിച്ചിരുന്നതിനാൽ അഭിമന്യു മരിക്കാനിടയായ സംഭവം സുഹൃത്തുക്കളോട്‌ സംസാരിച്ചിരുന്നില്ല. പ്രതികളുടെ ഫോട്ടോ കണ്ട്‌ തിരിച്ചറിയാൻ എക്‌സിക്യൂട്ടീവ്‌ മജിസ്‌ട്രേട്ടിനുമുന്നിൽ ചെന്നപ്പോഴാണ്‌ സംഭവത്തിൽ പരിക്കേറ്റവരെ പിന്നീട്‌ കണ്ടതെന്നും അർജുൻ പറഞ്ഞു.


ഡോക്ടർ തന്നെ കാണുന്ന അവസരത്തിൽ ബോധമുണ്ടെന്ന്‌ രേഖപ്പെടുത്തിയതിനെക്കുറിച്ച്‌ ചോദിച്ചപ്പോൾ അറിയില്ലെന്ന്‌ അർജുൻ മറുപടി നൽകി. ആശുപത്രിയിലെ സംഭവങ്ങൾ ഓർമയില്ലെന്നും അർജുൻ മൊഴി നൽകി. കഴിഞ്ഞയാഴ്‌ച പ്രോസിക്യൂഷൻ വിസ്‌താരത്തിൽ, പതിനാറ്‌ പ്രതികളെയും അർജുൻ തിരിച്ചറിഞ്ഞിരുന്നു. കുത്തേറ്റപ്പോൾ ധരിച്ച ഷോർട്‌സും പതിമൂന്നാംപ്രതി പി എച്ച്‌ സനീഷിന്റെ കൈയിലുണ്ടായിരുന്ന കത്തിയും പ്രതികൾ എസ്‌എഫ്‌ഐ പ്രവർത്തകരെ മർദിക്കാൻ ഉപയോഗിച്ച ഇടിക്കട്ടയും അർജുൻ തിരിച്ചറിഞ്ഞു. സാക്ഷിവിസ്താരത്തിനിടെ തങ്ങളെ തിരിച്ചറിയാതിരിക്കാനും ആശയക്കുഴപ്പം സൃഷ്ടിക്കാനും 16 പ്രതികളും ഒരേപോലെ വേഷമിട്ടാണ്‌ വ്യാഴാഴ്‌ചയും എത്തിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home